2016-10-14 20:04:00

സമാധാനത്തിനായി കളിക്കാന്‍ മരഡോണ റോമില്‍


മരഡോണ വീണ്ടും വത്തിക്കാനിലെത്തി. ഒക്ടോബര്‍ 12-ാം തിയതി ബുധനാഴ്ച റോമിലെ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ സമാധാനത്തിനും ഐക്യദാര്‍ഢ്യാത്തിനുമായുള്ള ഫുഡ്ബോള്‍ (Match for peace and solidarity) കളിക്കാനെത്തിയതാണ് മരഡോണ.  തന്‍റെ ഗുരുനാഥനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണമായിരുന്നു ഫുട്ബോള്‍ ഇതിഹാസമായ മരഡോണയെ റോമില്‍ എത്തിച്ചത്. “പാപ്പാ, എന്നെ മറക്കരുതേ!” എന്നു പറഞ്ഞപ്പോള്‍, “മരഡോണയെ മറക്കുകയോ?” എന്നു  സ്പാനിഷില്‍ പ്രത്യുത്തരിച്ചുകൊണ്ട് പാപ്പാ ഇഷ്ടതാരത്തെ ആശ്ലേഷിച്ചു. സ്വകാര്യസംഭാഷണത്തില്‍ എതാനും നിമിഷങ്ങള്‍ ചെലവഴിച്ചു. കളിയുടെ തലേനാളാണ് മരഡോണ പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് വത്തിക്കാനില്‍ എത്തിയത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷാകര്‍ത്തൃത്വത്തില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള രാജ്യാന്തര ഉപവി പ്രസ്ഥാനം, ‘സ്കോളാസ് ഒക്കുരേന്തസ്സി’ന്‍റെ (Scholas Occurentes –  Schools together : to connect, educate and inspire teenagers) ആഭിമുഖ്യത്തിലാണ് റോമില്‍ സമാധാനത്തിനുള്ള ഫുട്ബോള്‍മത്സരം നടന്നത്. മരഡോണയെക്കൂടാതെ, റൊണാള്‍ഡീനോ, തോത്തി, വേരോണ്‍ തുടങ്ങിയ മറ്റു പ്രഗത്ഭരും സമാധാനത്തിനുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുത്തു.

സ്കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ നല്ല ഫുട്ബോള്‍ കളിക്കാരനും, വൈദികനായപ്പോള്‍ ഫുഡ്ബോള്‍ പ്രേമിയും, പിന്നെ കളിക്കാരുടെ കൂട്ടൂകാരനും, ടീമുകളുടെ കുമ്പസാരക്കാരനും ആത്മീയ നിയന്താവുമായിരുന്നു 2013 ഫെബ്രുവരിയില്‍ ജന്മനാടു വിട്ടുപോരുംവരെ ‘ബര്‍ഗോളിയോ’,  പാപ്പാ ഫ്രാന്‍സിസ്! അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരിക്കെ (1998-2013) കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് തുടങ്ങിയതാണ് യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം. കലാ-കായിക-സാംസ്ക്കാരിക വേദികളിലെ പ്രമുഖരായ യുവജനങ്ങളെ സംഘടിപ്പിച്ചാണ് അന്ന് ബര്‍ഗോളിയോ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആദ്യകാല ​അംഗങ്ങളില്‍ ഒരാളാണ് ആര്‍ജന്‍റീനയില്‍ ബ്യൂനസ് ഐരസിലെ ലാനൂസ് സ്വദേശിയായ ദിയേഗോ മരഡോണ. പരസ്പര സഹായത്തിലൂടെ ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം.

അര്‍ജന്‍റീനയില്‍നിന്നും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കും, പിന്നെ അമേരിക്കയിലേയ്ക്കും വളര്‍ന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം ഇന്ന് ലോകത്തെ നാലു ലക്ഷത്തോളം സ്ക്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കുന്നതാണ്. 2013-ല്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ എത്തിയതോടെ ഇറ്റലിയിലും ‘സ്കോളാസി’ന് വേരുപിടിച്ചു. ഇറ്റലിയുടെ താരങ്ങള്‍ ഫ്രാന്‍സിസ്കോ തോത്തി, റൊബേര്‍ത്തോ ബാജിയോ എന്നിവര്‍ പാപ്പാ ഫ്രാന്‍സിസുമായി കൈകോര്‍ത്തപ്പോള്‍ ‘സ്കോളാസ് ഒക്കുരേന്തസ്സി’ന് ഇറ്റലിയില്‍ ഇന്ന് ഇരുപതിനായിരത്തില്‍ ഏറെ ​​​അംഗങ്ങളും സഹകാരികളുമുണ്ട്. യുഎന്നിന്‍റെ കുട്ടികള്‍ക്കായുള്ള രാജ്യാന്തരസംഘന, യുനിസെഫ് (UNICEF)  2015-ല്‍ ‘സ്കോളാസി’നെ പ്രോത്സാഹിപ്പിക്കുകയും പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.








All the contents on this site are copyrighted ©.