2016-09-30 16:52:00

ജോര്‍ജിയ സന്ദര്‍ശം : കോക്കസസ് പര്‍വ്വതസാനുക്കളിലെ സാഹോദര്യസംഗമം


സെപ്തംബര്‍ 30, വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.30-ന് വത്തിക്കാനില്‍നിന്നും കാറില്‍ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്തിലെത്തിയ പാപ്പാ ഫ്രാന്‍സിസ്... പതിവുപോലെ തന്‍റെ കറുത്ത തുകല്‍ ബാഗുമായി വിമാനപ്പടവുകള്‍ ശ്രദ്ധയോടെ അടിവച്ചു കയറി. ലോകത്ത് കൂട്ടായ്മ വളര്‍ത്താന്‍പോരുന്ന ബോധ്യമുള്ള ചുവടുവയ്പുകളായിരുന്നത്. തെളിഞ്ഞ കിഴക്കന്‍ ആകാശത്തേയ്ക്ക് രാവിലെ കൃത്യം 9-മണിക്ക് സൂര്യന്‍റെ പ്രഭാതകിരണങ്ങളില്‍ തിളങ്ങി Al’Italia A321 വിമാനം പറന്നുയര്‍ന്നു … ജോര്‍ജ്ജിയ ലക്ഷ്യമാക്കി...

നാലു മണിക്കൂര്‍ നീണ്ട യാത്രയാണ് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസിലേയ്ക്ക്. ജോര്‍ജിയയിലെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ഇറങ്ങി. പ്രസിഡന്‍റ് ജോര്‍ജി മാര്‍ഗ്വെലാഷ്വിലി, പാത്രിയര്‍ക്കിസ് ഇലിയാ ദ്വിതിയന്‍, രാഷ്ട്രപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പാപ്പായെ ഹാര്‍ദ്ദമായി സ്വീകരിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ 16-ാമത് രാജ്യാന്തര സന്ദര്‍ശനത്തിന് തുടക്കമായി. ജോര്‍ജിയയിലെ സന്ദര്‍ശനം ഒക്ടോബര്‍ ഒന്ന്, ശനിയാഴ്ചവരെ നീളും.

ജോര്‍ജിയ രാജ്യത്തിന്‍റെ ലളിതമായൊരു പശ്ചാത്തല പഠനം ചുവടെ ചേര്‍ക്കുന്നു:

ഭൂമിശാസ്ത്രപരമായ സ്ഥാനംകൊണ്ടും ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ കൊണ്ടും അത്ര ശ്രദ്ധിക്കപ്പെടാത്ത കോക്കസസ് നാടുകളില്‍ Caucasian Countries ഒന്നാണ് ജോര്‍ജിയ. ഉയര്‍ന്ന കൊടുമുടികളുള്ള കൊക്കസസ് പര്‍വ്വതനിരകള്‍ ജോര്‍ജ്ജിയയുടെ തെക്കു-വടക്കന്‍ അതിര്‍ത്തിയാണ്.  ജോര്‍ജിയ, സെയിന്‍റ് ജോര്‍ജ്ജില്‍നിന്നും, അല്ലെങ്കില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസില്‍നിന്നും പേരു സ്വീകരിച്ചിട്ടുള്ളതാണ്. നാടിന്‍റെ പൗരാണിക ക്രൈസ്തവ സാംസ്ക്കാരിക പശ്ചാത്തലം പേരില്‍ ഒളിഞ്ഞിരിക്കുന്നു. തലസ്ഥാനമായ തിബിലീസ് നഗരമദ്ധ്യത്തില്‍ ഇന്നും ഉയര്‍ന്നുനില്ക്കുന്ന വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ പുരാതന വെങ്കലശില്പം രാഷ്ട്രത്തിന്‍റെ മത-സാംസ്ക്കാരിക പൈതൃകം വെളിച്ചോതുന്നു. ദേശീയപതാകയുടെ വെളുത്ത പശ്ചാത്തലത്തില്‍ വരച്ചുചേര്‍ത്ത ചുവന്ന കുരിശ് ക്രിസ്താബ്ദം 300-കളില്‍ സ്ഥാപിതമാണ് ജോര്‍ജ്ജിയെന്ന് തെളിയിക്കുന്നു. എന്നാല്‍ പടയും പടയോട്ടങ്ങളും ഈ നാടിന്‍റെ ചരിത്രത്തെയും സംസ്കൃതിയെയും മാറ്റിമറിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനും, ഓട്ടോമാന്‍ തുര്‍ക്കിക്കും, റഷ്യന്‍ കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയ്ക്കും ജോര്‍ജിയ കീഴ്പ്പെടേണ്ടി വന്നിട്ടുണ്ട്. 1917-ല്‍ റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്നാണ് ജോര്‍ജിയ ചരിത്രത്തില്‍ വീണ്ടും  സ്വതന്ത്രരാഷ്ടമായി ഉയര്‍ത്തെഴുന്നേറ്റത്.

 

വസ്തൃതി. ഏകദേശം 69,000 ചതുരശ്ര കി.മീറ്ററാണ്. ജനസംഖ്യ 50 ലക്ഷത്തില്‍ താഴെയുമാണ്.

50 ശതമാനത്തിലേറെ ക്രൈസ്തവരുള്ളതില്‍ ബഹുഭൂരിപക്ഷവും റഷ്യന്‍ ഓര്‍ത്തഡോക്സ് ഉള്‍പ്പെടെയുള്ള വിവിധ കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. കത്തോലിക്കര്‍ ന്യൂനപക്ഷവും, ആകെ രണ്ടു ലക്ഷത്തില്‍ താഴെയുമാണ്. കത്തോലിക്കാസഭ ലത്തീന്‍കാര്‍ക്കൊപ്പം, അര്‍മേനിയന്‍ അസ്സീറിയന്‍ കിഴക്കന്‍ സഭകളുടെയും കൂട്ടായ്മയാണ്. രണ്ടു രൂപതകളായി സഭ വളര്‍ന്നിട്ടുണ്ട്. ഒരു അപ്പസ്തോലിക് അഡിമിനിസ്ട്രറ്റര്‍, ആര്‍ച്ചുബിഷപ്പ് ജുസേപ്പേ പസ്സോത്തോയുടെ അജപാലനനേതൃത്വത്തില്‍ ദേശീയസഭ നയിക്കപ്പെടുന്നു. ബഹുഭൂരിപക്ഷമുള്ള ഓര്‍ത്തഡോക്സ് സഭകളുടെ തലവന്‍ പാത്രിയര്‍ക്കിസ് ഈലിയന്‍ ദ്വിതയനാണ്.

പ്രകൃതി രമണിയവും ഫലപുഷ്ടവുമാകയാല്‍, ഭൂമുഖത്ത് ആദ്യം മനുഷ്യവാസം തടങ്ങിയ നാടെന്ന് ജോര്‍ജ്ജിയയെക്കുറിച്ച് പറയാറുണ്ട്. കാര്‍ഷിക വിളകളാണ് പ്രധാന ഉല്‍പന്നവും സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനവും. തേയില, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കൊപ്പം, ചോളം ഗോതമ്പ് എന്നീ ധാന്യവിളകളാലും സമ്പന്നമാണിവിടം. അതുപോലെ സുഗന്ധദ്രവ്യങ്ങളുടെയും പൂക്കളുടെയും നാടാണ് ജോര്‍ജ്ജിയ. മാംഗനീസ്, കല്‍ക്കരി, ബേരിയം, പെട്രോളിയം എന്നിവയും രാജ്യത്തെ സമ്പന്നമാക്കുന്നു. ജോര്‍ജിയന്‍ ഭാഷയും സാഹിത്യരചനകളും കഥകളും വിശ്വവിഖ്യാതമാണ്.

5-ാം നൂറ്റാണ്ടില്‍ ജോര്‍ജിയന്‍ ഭാഷയിലും ലിപിയിലും സമ്പൂര്‍ണ്ണ ബൈബിള്‍ പരിഭാഷ ലഭ്യായെന്നത് ക്രിസ്തീയതയുടെ പൗരാണികതയും, നാടിന്‍റെ ക്രിസ്തീയ പാരമ്പര്യവും തെളിയിക്കുന്നു. 1999-ല്‍ ജൂബിലിവത്സരത്തില്‍ ജോര്‍ജിയന്‍ സര്‍ക്കാരിന്‍റെയും ക്രൈസ്തവസമൂഹങ്ങളുടെയും സംയുക്തമായ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സന്ദര്‍ശിച്ചിട്ടുള്ള രാജ്യമാണ് ജോര്‍ജിയ. ഇതാ.. “നിങ്ങള്‍ക്കു സമാധാനം!”  (Jn. 20, 19)  എന്ന സുവിശേഷ സൂക്തവുമായി പാപ്പാ ഫ്രാന്‍സിസ് ജോര്‍ജിയായില്‍...!

 








All the contents on this site are copyrighted ©.