2016-09-29 17:40:00

ആണവായുധ പ്രയോഗം വിനാശത്തിന്‍റെ പ്രകടനമെന്ന് വത്തിക്കാന്‍


സെപ്തംബര്‍ 26-ാം തിയതി തിങ്കളാഴ്ച യു.എന്‍. (United Nations) ആചരിച്ച സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ ദിനാചരണത്തോട് (International Day for the Total Elimination of Nuclear Weapons) അനുബന്ധിച്ചു ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സംഘനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.  സമാധാനവും രാജ്യാന്തര സുസ്ഥിതിയും ഒരിക്കലും പരസ്പര വിനാശകങ്ങളും, സമ്പൂര്‍ണ്ണ വിനാശകങ്ങളുമായ ആയുധങ്ങളുടെ ശേഖരത്തിലൂടെ ആര്‍ജ്ജിക്കാനാവില്ല. സമാധാനം നീതിയിലും സാമൂഹിക-സാമ്പത്തിക പുരോഗതിയിലും, സ്വാതന്ത്ര്യത്തിലും മനുഷ്യാവകാശത്തോടുള്ള ആദരവിലും ആധിഷ്ഠിതമായിരിക്കണം. ജനതകളും സംസ്ക്കാരങ്ങളും തമ്മില്‍ പരസ്പര ആദരവും കൂട്ടായ്മയും വളര്‍ത്തുന്നതിലൂടെയാണ് സമാധനമുള്ള ജനസമൂഹങ്ങള്‍ വളര്‍ത്തേണ്ടത്. പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ ഇങ്ങനെ സമര്‍ത്ഥിച്ചു.

പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിയും സംരക്ഷണവും നാം ആഗ്രഹിക്കുന്നെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിനായി നിലകൊള്ളണമെന്ന്, പാപ്പാ ഫ്രാന്‍സിസ് യുഎന്നില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

ആണവായുധങ്ങള്‍ നല്കുന്നത് മിഥ്യയായ സുരക്ഷാബോധമാണ്. അതുപോലെ അവയുടെ പ്രകടനം നടത്തി സമാധാനം നിലനിര്‍ത്താമെന്നതും വളരെ ദയനീയമായ തെറ്റിദ്ധാരണയാണ്. ആയുധശേഖരത്തിന്‍റെയും നിര്‍മ്മാണത്തിന്‍റെയും മേഖലകളിലെ മത്സരം, വിശിഷ്യാ ആണവായുധങ്ങളുടെ നിര്‍മ്മിതിയുടെ മത്സരം രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഭീകരപ്രവര്‍ത്തനവും, മാനവികതയുടെ യഥാര്‍ത്ഥമായ ആവശ്യങ്ങളെ അവഗണിക്കുന്ന നിസംഗതയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.

സുസ്ഥിതി വികസനത്തിനും ശാശ്വതശാന്തിക്കും ആണവശക്തിയുടെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനുമായിട്ടാണ് രാഷ്ട്രങ്ങള്‍ പരിശ്രമിക്കേണ്ടത്. മാനവികതയുടെ ഭാവി സുസ്ഥിതിക്കും നിലനില്പിനും ആണവായുധങ്ങളുടെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്ര നേതാക്കള്‍ ഒപ്പുവച്ചിരിക്കുന്ന നിരായുധീകരണ കരാരുകള്‍, ഒരു നിയമബാധ്യത എന്നതിനെക്കാള്‍  നേതാക്കളില്‍ ജനങ്ങള്‍ അമര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മിക ഉത്തരവാദിത്ത്വമായി ഉള്‍ക്കൊള്ളണമെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.