2016-09-29 18:22:00

പരസ്പരം അറിയുന്നതിലൂടെ കൂട്ടായ്മ വര്‍ദ്ധിക്കും : പാപ്പാ ഫ്രാന്‍സിസ്


ശാരീരികമായ അടുപ്പത്തെക്കാള്‍ പരസ്പരമുള്ള അറിവും ആദരവുമാണ് യഥാര്‍ത്ഥത്തില്‍ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നത്. അനുദിനമുള്ള നമ്മുടെ പരിശ്രമം അടുക്കാനായിരിക്കണം, അകലാനായിരിക്കരുത്. കാരണം കൂട്ടായ്മ ദൈവികമാണ്. അത് സമാധാനത്തിന്‍റെ പാതയാണ്. ചോദ്യോത്തര രൂപത്തില്‍ ഹെബ്രായ കൂട്ടായ്മയുമായി പാപ്പാ ചിന്തകള്‍ ഇങ്ങനെ പങ്കുവച്ചു.

ഒക്ടോബര്‍ 2-ാം തിയതി ആചരിക്കുന്ന റോഷ് ഹാഷാനാ(Rosh Hashanah) ഹെബ്രായ പുതുവത്സര ദിനത്തിനു മുന്നോടിയായിട്ടാണ് സ്വിറ്റ്സര്‍ലണ്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന World Jewish Congress-ലെ അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ചയ്ക്ക് എത്തിയത്.

ഹെബ്രായര്‍ പുതുവര്‍ഷദിനം ആചരിക്കുന്നത് ആദിമനുഷ്യരായ ആദത്തെയും ഹവ്വായെയും

ദൈവം സൃഷ്ടിച്ച ദിനത്തിലാണത്രേ! ഹെബ്രായ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 2-ാം തിയതിയാണ് പുതുവത്സരാരംഭം. ആഘോഷങ്ങള്‍ രണ്ടു ദിവത്തിലേറെ നീണ്ടുനില്ക്കാറുണ്ട്.

ഹെബ്രായ സഹോദരങ്ങള്‍ക്ക് പുതുവത്സരാശംസകള്‍  നേര്‍ന്ന പാപ്പാ, ഐക്യത്തിനും സമാധാനത്തിനുമായുള്ള ശ്രമങ്ങള്‍ തുടരണമെന്നും, അബ്രാഹത്തിന്‍റെ സന്തതികളാണ് യഹൂദരും ക്രൈസ്തവരും മുസ്ലീംങ്ങളുമെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ നാം പരസ്പരം സംവാദത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും, അത് തുടരണമെന്നും, മതങ്ങള്‍ തമ്മില്‍ മാന്യതയും സാമീപ്യവും പ്രകടമാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മൗലിക ചിന്താഗതിയില്ലാത്ത മുസ്ലിംഗങ്ങള്‍ തുറവുള്ളവരാണ്. അവര്‍ നല്ല മനുഷ്യരുമാണ്. ഇത് തന്‍റെ രാജ്യത്തെ, അര്‍ജന്‍റീനയിലെ അനുഭവമാണെന്നും, തനിക്കുവേണ്ടി ധാരാളം മുസ്ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. കൂട്ടായ്മയ്ക്കും സൗഹൃദത്തിനും മതത്തിന്‍റെ അതിര്‍വരമ്പുകള്‍ പാടില്ലെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വളരുന്ന ആഗോള കുടിയേറ്റ പ്രതിഭാസത്തില്‍ പരിത്യക്തരെ ജാതിയും മതവും നോക്കാതെ സ്വീകരിക്കാനും ഉള്‍ചേര്‍ക്കാനുമുള്ള മനസ്സ് അനിവാര്യമാണ്. ലെസ്ബോസ് ദ്വീപില്‍നിന്നും ഏപ്രില്‍ മാസത്തില്‍ തനിക്കൊപ്പം കുടിയേറിയ മുസ്ലിം കുടുംബങ്ങളിലെ 5 കുട്ടികളും റോമിലെ സ്കൂളില്‍ ചേര്‍ന്നു. സെപ്തംബറില്‍ തനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നവര്‍ ഇറ്റാലിയന്‍ സംസാരിച്ചു. തയ്യലും, കെട്ടിട നിര്‍മ്മാണവുമായി അവരുടെ സിറിയക്കാരായ മാതാപിതാക്കളും ഇറ്റലിയില്‍ ഇഴുകിച്ചേരുന്നുണ്ട്. അതിനാല്‍ കുടിയേറ്റം അടിസ്ഥാനപരമായി ഒരു ഇണങ്ങിച്ചേരലാണ്. പാപ്പാ ചൂണ്ടിക്കാട്ടി.

യഹൂദ ക്രൈസ്തവ പീ‍ഡനത്തിന്‍റെ തിക്താനുഭവങ്ങളും അതിന്‍റെ വേദനിക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ഊറിനില്ക്കുമ്പോഴും, നിശ്ശബ്ദതയല്ല സംവാദത്തിന്‍റെ തുറവാണ് ഇന്ന് ആവശ്യമായിരിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സാഹോദര്യത്തിന്‍റെ കൂട്ടായ്മയ്ക്കും, സമാധാനത്തിനും, സാഹോദര്യത്തിനും സൗഹൃദത്തിനും സംവാദം അനിവാര്യമാണ്. സഹവര്‍ത്തിത്വത്തിന് നാം സഹോദരങ്ങളാണെന്ന തുറവോടെ സംവദിക്കാന്‍ സന്നദ്ധിരാകാണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

50 വര്‍ഷക്കാലം കൊളംമ്പിയയില്‍ വിഘടച്ചുനിന്നവരോട് തുറവോടെ സംസാരിക്കാന്‍ പ്രസിഡന്‍റ് സാന്‍റോസ് സന്നദ്ധമായതാണ് രാജ്യത്തിന് പ്രത്യാശപകര്‍ന്നതും, സമാധാനത്തിന്‍റെ പാത ഇന്നു തുറന്നതുമെന്ന്, സെപ്തംബര്‍ 26-ന് തലസ്ഥാന നഗരമായ ബഗോട്ടയില്‍ നടന്ന സമാധാന ഉടമ്പടി ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സമാധാനത്തിനുവേണ്ടി പ്രസിഡന്‍റ് സാന്‍റോസ് മറ്റെല്ലാം മാറ്റിവച്ചെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

 








All the contents on this site are copyrighted ©.