2016-09-28 20:25:00

വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം വിശ്വാസ വഞ്ചനയെന്ന് വത്തിക്കാന്‍


വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം ഭീതികൊണ്ടുള്ള വിശ്വാസ വഞ്ചനയെന്ന് വത്തിക്കാന്‍ ആരോപിച്ചു. സെപ്തംബര്‍ 27-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ വിയന്ന കേന്ദ്രത്തില്‍ സമ്മേളിച്ച ആഗോള ആണവോര്‍ജ്ജ സംഘടനയുടെ (International Atomic Energy Agency - IAEA) 60-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി (Under-secretary for Foreign Relations), മോണ്‍സീഞ്ഞോര്‍ ആന്‍റൊണ്‍ കമിലിയേരി പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിഷേധം വാക്കുകളില്‍ പ്രകടമാക്കിയത്.

അയല്‍ രാജ്യമായ തെക്കന്‍ കൊറിയയുടെ ആക്രമണഭീതി ഭയന്ന് വടക്കന്‍ കൊറിയ വന്‍ആണവായുധ പരീക്ഷണത്തിലേയ്ക്കും പ്രകടനത്തിലേയ്ക്കും നീങ്ങിയത് ധാര്‍മ്മികമായ നിരുത്തരവാദിത്വവും മാനവരാശിയോടുള്ള വിശ്വാസ വഞ്ചനയുമാണെന്ന് മോണ്‍സീഞ്ഞോര്‍ ആന്‍റൊണ്‍ കമിലിയേരി സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൊറിയന്‍ ഉപദ്വീപില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടേണ്ടത് സംവാദത്തിന്‍റെ പാതിയിലും അന്താരാഷ്ട്ര സമൂഹത്തിന്‍റെ അഭിപ്രായം മാനിച്ചുകൊണ്ടുമായിരിക്കണം. അയല്‍ രാഷ്ട്രത്തിന് ആണവശക്തിയുണ്ടെന്ന ഭയപ്പാടും, അതുമൂലം രാജ്യത്തിന്‍റെ സുരക്ഷയ്ക്കുവേണ്ടി ആണവായുധ ശക്തി വികസിപ്പിച്ചുവെന്നുള്ള പ്രസ്താവവും അധര്‍മ്മത്തിന്‍റെ പൊയ്മുഖമാണെന്ന്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് മോണ്‍സീഞ്ഞോര്‍ കമിലിയേരി സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ആണവ ക്ഷേമവും സുരക്ഷിതത്ത്വവും, മാനവികതയുടെ സമഗ്രമായ സുസ്ഥിതി വികസനം, ആണവ നിരായുധീകരണ കരാര്‍, ആഗോള അണവ നിരീക്ഷണവും പരിശോധനയും, ധാര്‍മ്മിക ഉത്തരവാദിത്വവും സുരക്ഷയ്ക്ക് അനിവാര്യമായ കൂട്ടായ്മയും, എന്നീ മേഖലകളെക്കുറിച്ചും പരിശുദ്ധ സിംഹാസനത്തിന്‍റ വക്താവ് പ്രബന്ധത്തില്‍ പ്രതിപാദിച്ചു. സമാധാനപരവും മാനവകുലത്തിന്‍റെ വികസനത്തെ തുണയ്ക്കുന്നതിനുമായി ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് ആഗോള ആണവോര്‍ജ്ജ സംഘട (IAEA) നടത്തു പരിശ്രമത്തെ മോണ്‍സീഞ്ഞോര്‍ കമിലിയേരി സമ്മേളനത്തില്‍ ശ്ലാഘിച്ചു.

2016 സെപ്തംബര്‍ 9-നാണ് ഏറ്റവും അപകടകരമായ ആണവായുധ പരീക്ഷണം വടക്കന്‍ കൊറിയ നടത്തിയതെന്നും, അത് ഈ വര്‍ഷത്തെ 5-ാമത്തെ പരീക്ഷണമായിരുന്നെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 5.2 റിക്ടര്‍ സ്കെയില്‍ ഭൂചലനം വടക്കന്‍ കൊറിയന്‍ പ്രവിശ്യയില്‍ സൃഷ്ടിച്ചി ആണവായുധ പരീക്ഷണം 20 കിലോ ടണ്‍ ഭാരമുള്ള ബോംബായിരുന്നെന്നും, 1945-ല്‍ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ആണവായുധത്തിലും ശക്തിയേറിയതായിരുന്നെന്നും, ആഗോള ആണവ സുരക്ഷ സംഘടയുടെ ജനറല്‍ സെക്രട്ടറി, യുക്കീയ അമാനോ വിയന്നയിലെ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.








All the contents on this site are copyrighted ©.