2016-09-28 19:44:00

കോക്കസസ് രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും


കോക്കസസ് രാജ്യങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ വടക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പ ഫ്രാന്‍സിസിന്‍റെ ത്രിദിന അപ്പസ്തോലിക യാത്ര സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്.

നിങ്ങള്‍ക്കു സമാധാനം...!”  (യോഹ. 20, 19) എന്ന സുവിശേഷ ആശംസ ആപ്തവാക്യമായുള്ള ആദ്യഘട്ട അപ്പോസ്തോലിക സന്ദര്‍ശനം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം മൂന്നു മണിയോടെ ജോര്‍ജിയയില്‍ ആരംഭിക്കും. ഒക്ടോബര്‍ 1-ാം തിയതി ശനിയാഴ്ച വൈകുന്നേരംവരെ നീണ്ടുനില്ക്കും. വിശുദ്ധ ഗീവര്‍ഗ്ഗീസ് മദ്ധ്യസ്ഥനായുള്ള ജോര്‍ജ്ജിയയില്‍ ജനസംഖ്യയുടെ 8 ശതമാനം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ളതില്‍ 0.8 ശതമാനം മാത്രമാണ് കത്തോലിക്കര്‍.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയുടെ രണ്ടാം ഘട്ടം ജോര്‍ജിയയുടെ അയല്‍രാജ്യമായ അസര്‍ബൈജാനിലാണ്. “നാം സഹോദരങ്ങളാണ്...!” (മത്തായി 23, 28)  എന്ന സുവിശേഷ സുക്തം ആദര്‍ശവാക്യമാക്കിയുള്ള സന്ദര്‍ശം ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച വൈകുന്നേരംവരെ നീണ്ടുനില്ക്കും. ജനസംഖ്യയുടെ 4.8 ശതമാനം ക്രൈസ്തവരുള്ള ഈ നാട്ടിലെ അര്‍മേനിയന്‍ കത്തോലിക്കര്‍ പിന്നെയും ചെറുസമൂഹമാണ്...

ക്രൈസ്തവര്‍ ന്യൂനപക്ഷമായുള്ള കോക്കസസ് പര്‍വ്വത താഴ്വാര രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യ തീര്‍ത്ഥാടനമാണെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് സെപ്തംബര്‍ 28-ാം തിയതി ബുധനാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചു. 

 








All the contents on this site are copyrighted ©.