2016-09-26 19:10:00

അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രകള്‍


അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ  16-ാമത് അപ്പസ്തോലികയാത്ര  സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കും.  ജോര്‍ജിയ-അസര്‍ബൈജാന്‍ എന്നീ തെക്കു-പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് പാപ്പായുടെ  അജപാലന സന്ദര്‍ശനം. ബഹുഭൂരിപക്ഷം പാവങ്ങളും,  ന്യൂനപക്ഷമായ  ക്രൈസ്തവരുമുള്ള രാജ്യങ്ങളിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ത്രിദിന പ്രേഷിതയാത്ര.

പാപ്പാ ഫ്രാന്‍സിസ് ആദ്യം എത്തുന്നത്  ജോര്‍ജിയിലാണ്.  അസര്‍ബൈജാന്‍റെ അയല്‍രാജ്യാമാണിത്.  ജനസംഖ്യയുടെ  8  ശതമാനം ക്രൈസ്തവരുള്ളതില്‍  0.8 ശതമാനം മാത്രമാണ് കത്തോലിക്കര്‍.  ഇവര്‍ അര്‍മേനിയന്‍  ബൈസന്‍റൈന്‍  പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളാണ്. അധികവും  റഷ്യന്‍, ജോര്‍ജിയന്‍  ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ് ജോര്‍ജിയയില്‍.  അതുപോലെ അസര്‍ബൈജാനിലെ ക്രൈസ്തവരും  അധികവും ഓര്‍ത്തഡോക്സുകാരും, തുലോം നിസ്സാരം കത്തോലിക്കരും ചേര്‍ന്നതാണ്.  ജനസംഖ്യയുടെ 5 ശതമാനം മാത്രമുള്ള  ന്യൂനപക്ഷമാണ് ക്രൈസ്തവര്‍.  കത്തോലിക്കര്‍ അധികവും അര്‍മേനിയന്‍ സഭാംഗങ്ങളുമാണ്.

സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പാ  വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ്  3 മണിക്ക് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍  ഇറങ്ങും. തലസ്ഥാന നഗരത്തിലെ  ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ചെലവഴിക്കുന്ന ആദ്യദിവസത്തെ പരിപാടികളെ തുടര്‍ന്ന്,  രണ്ടാം ദിവസം ശനിയാഴ്ച, ഒക്ടോബര്‍ ഒന്നാം തിയതി  രാവിലെ 10 മണിക്ക് സ്ഥലത്തെ  മെസ്കി സ്റ്റേഡിയത്തില്‍  ജനങ്ങള്‍ക്കൊപ്പം  പാപ്പാ സമൂഹബലിയര്‍പ്പിക്കും.  വൈദികരും സന്ന്യസ്തരും മതാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദര്‍ശനം എന്നിവയും ജോര്‍ജിയയിലെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടം അസര്‍ബൈജാനിലാണ്.  ഞായറാഴ്ച രാവിലെ തലസ്ഥാന നഗരമായ ബാക്കുവിലെ ഹൈദര്‍ ആലി രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും.  അമലോത്ഭവനാഥയുടെ നാമത്തില്‍ ബാക്കുവിലുള്ള ദേവാലയത്തില്‍ രാവിലെ ജനങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും.  ഇസ്ലാമിക സമൂഹവുമായുള്ള കൂടിക്കാഴ്ച, മറ്റു മതസമൂഹങ്ങളുമായുള്ള നേര്‍ക്കാഴ്ച, രാഷ്ട്രപ്രതിനിധികളുമായുള്ള  സമ്മേളനം എന്നിവയാണ് മൂന്നാം ദിവസത്തെ  പരിപാടിയിലെ ശ്രദ്ധേയമായ ഇനങ്ങള്‍.  ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അസര്‍ബൈജാനിലെ ബാക്കു രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തപ്പെടുന്ന ഔദ്യോഗിക യാത്ര അയപ്പോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ ഏഷ്യയുടെ തെക്കു കിഴക്കന്‍ അതിര്‍ത്തിയിലേയ്ക്കുള്ള പ്രേഷിതയാത്ര അവസാനിക്കും.  ഈ അപ്പോസ്തോലിക യാത്രയുടെ ആദ്യ രണ്ടു ദിവസങ്ങള്‍ – വെള്ളി, ശനി  ജോര്‍ജിയ സന്ദര്‍ശനത്തിനു മാറ്റിവയ്ക്കുന്ന പാപ്പാ,  മൂന്നാം ദിവസം - ഞായറാഴ്ച  മുഴുവനും അസര്‍ബൈജാനിലുമാണ് ചെലവഴിക്കുന്നത്.  

ഇറ്റലിയിലെ സമയം രാത്രി 9.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍  ഇറങ്ങുന്ന പാപ്പാ  റോഡുമാര്‍ഗ്ഗം 10 മണിയോടെ വത്തിക്കാനില്‍ എത്തിച്ചേരും.  

പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്ര നേരുന്നു!








All the contents on this site are copyrighted ©.