2016-09-22 09:22:00

മെക്സിക്കന്‍ വൈദികരുടെ കൊലപാതകം : പാപ്പാ ദുഃഖം രേഖപ്പെടുത്തി


നഗരപ്രാന്തത്തില്‍ ഫാത്തിമ നാഥയുടെ പേരിലുള്ള പോസ്സാ റീകാ (Poza Rica) ഇടവകപ്പള്ളിയില്‍ സേവനംചെയ്തിരുന്ന വൈദികരാണ് ദേവാലയത്തില്‍നിന്നും അകലെ റോഡരികില്‍ സെപ്തംബര്‍  19-ാം തിയതി തിങ്കളാഴ്ച രാവിലെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വികാരി, ഫാദര്‍ അലോജോ നാബോര്‍ 50 വയസ്സ്, സഹവികാരി ഹൊസെ അല്‍ഫ്രേദോ 30 വയസ്സ് എന്നിവരാണ് വധിക്കപ്പെട്ടത്. മയക്കുമരുന്നു മാഫിയയുടെ കൈകളിലാണ് വൈദികര്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

“ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ഇടയാന്മാരെ”ന്ന് ദാരുണമായി കൊല്ലപ്പെട്ട വൈദികരെ പാപ്പാ സന്ദേശത്തിന് വിശേഷിപ്പിച്ചു.

മെക്സിക്കന്‍ മെത്രാന്‍ സംഘത്തെയും രൂപതാമെത്രാനെയും സ്ഥലത്തെ ഇടവകാംഗങ്ങളെയും അനുശോചനം അറിയിച്ച പാപ്പാ, വൈദികര്‍ക്കു നേരെയുള്ള അതിക്രമത്തെ സന്ദേശത്തില്‍ അപലപിച്ചു. കൊല്ലപ്പെട്ട വൈദിക സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥന വാഗ്ദാനംചെയ്യുകയും, കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും സന്ദേശത്തിലൂടെ അനുശോചനം അറിയിക്കുകയുംചെയ്തു. മെക്സിക്കോയിലെ സഭാനേതൃത്വത്തിനും വിശ്വാസികള്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

അജപാലനമേഖലയിലുള്ള വൈദികര്‍ മയക്കുമരുന്ന മാഫിയകളെ നേരിടേണ്ടി വരികയും,  അവര്‍ക്കെതിരെ ചിലപ്പോള്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യേണ്ടിവരുന്ന അവസരങ്ങള്‍ മെക്സിക്കോയില്‍ ഉണ്ടാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈദികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മെക്സിക്കോയില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പപാന്തല രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ത്രിനിദാദ് സപാദാ മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റവാളികളെ കണ്ടെത്തി നീതി നടപ്പാക്കണമെന്നും നഗരാധിപരോട് പ്രസ്താവനയിലൂടെ സ്ഥലത്തെ രൂപതാ മെത്രാന്‍, ബിഷപ്പ് സപാദാ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 








All the contents on this site are copyrighted ©.