2016-09-02 10:13:00

"മദര്‍ ലോകത്തിന് കാരുണ്യക്കതിര്‍...!"


ജൂബിലിവത്സരത്തില്‍ നടത്തപ്പെടുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം ലോകത്തിന് കാരുണ്യക്കതിരാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവായിരുന്ന, നവാരോ വാള്‍സ് പ്രസ്താവിച്ചു. സെപ്തംബര്‍ 2-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് നവാരോ വാള്‍സ് ഇങ്ങനെ പ്രസ്താവിച്ചത്. മദറിന്‍റെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ റോമില്‍ എത്തിയതാണ് സ്പെയിന്‍കാരനായ നവാരോ വാള്‍സ്.

സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച നടത്തപ്പെടുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം രാജ്യാന്തരതലത്തിലുള്ള ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകും. ആഗോളസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ പരിപാടിയായും അത് മാറും, എന്ന് 22 വര്‍ഷക്കാലം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായിരുന്ന നവാരോ വാള്‍സ് പ്രസ്താവിച്ചു.

ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാന ഗുണഗണങ്ങളായ സ്നേഹവും കാരുണ്യവും ജീവിതരീതിയാക്കിയ മദര്‍ തെരേസ വിശുദ്ധപദത്തിലെത്തുമ്പോള്‍ അത് ലോകത്തില്‍ സകലര്‍ക്കും കാരുണ്യത്തിന്‍റെ പ്രചോദനാത്മകമായ മാതൃകയായി മാറുകയാണെന്ന് പരിചയ സമ്പന്നനായ മാധ്യമപ്രവര്‍ത്തകന്‍, നവാരോ വാള്‍സ് വിശേഷിപ്പിച്ചു.  മറ്റുള്ളവരെ കരുണയുള്ള സ്നേഹത്തോടെ തുണയ്ക്കുക, വിശിഷ്യാ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെയും, തെരുവോരങ്ങളിലേയ്ക്ക് തള്ളപ്പെട്ടവരെയും, പരിത്യക്തരായവരെയും - അതാണ് മദര്‍ തെരാസ ലോകത്തിന് ജീവിതംകൊണ്ടു കാട്ടിത്തരുന്ന മാതൃക. നവാരോ വാള്‍സ് പ്രസ്താവിച്ചു.

1986-ല്‍ ഭാരതം സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കല്‍ക്കട്ടയിലെ കാളിഘട്ടില്‍ മദര്‍ തേരേസ തുടക്കമിട്ട അതുരാലയം സന്ദര്‍ശിച്ച ചരിത്രസംഭവം വാള്‍സ് അഭിമുഖത്തില്‍ അയവിറച്ചു. മദറിന്‍റെ പ്രേഷിതമാതൃകയും തീക്ഷ്ണതയും അന്നു പകര്‍ന്നു നല്കിയ പ്രചോദനമാണ്, റോമാ നഗരത്തിലെ പാവങ്ങളെ പരിചരിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് പ്രചോദനമേകിയത്. വത്തിക്കാന്‍റെ ഭാഗമായി തന്നെ, the Gift of Mary (Dono di Maria) എന്ന പേരില്‍ ആതുരാലയം മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ സമൂഹമായി പ്രവര്‍ത്തനം ആരംഭിച്ചത്, നവാരോ വാള്‍സ് അഭിമുഖത്തില്‍ അനുസ്മരിച്ചു.

വിശുദ്ധിയുടെ രണ്ടു വ്യക്തിത്വങ്ങള്‍, മദര്‍ തെരേസയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും തമ്മില്‍ അനിതരസാധാരണമായ ഒരു ആത്മബന്ധം കാളിഘട്ടിലെ കൂടിക്കാഴ്ചയില്‍ ആരംഭിച്ചു. അത് പിന്നീട് പല പൊതുവേദികളിലും ലോകത്തിന് കാരുണ്യത്തിന്‍റെയും ക്രിസ്തുസ്നേഹത്തിന്‍റെയും പ്രചോദനമേകിയ മുഹൂര്‍ത്തങ്ങളായിട്ടുണ്ടെന്ന് നവാരോ വാള്‍സ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.