2016-08-30 11:25:00

മാര്‍ക്ക് സുക്കെര്‍ബെര്‍ഗ് പാപ്പായെ സന്ദര്‍ശിച്ചു


സാമൂഹ്യവിനിമയശൃംഖലയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ഫെയ്സ്ബുക്കിന്‍റെ  പഞ്ചസ്ഥാപകരില്‍ ഒരാളും മേധാവിയുമായ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിന് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

തിങ്കളാഴ്ചയായിരുന്നു(29/08/16) ഫ്രാന്‍സീസ് പാപ്പായും സുക്കെര്‍ബെര്‍ഗും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ   മേധാവി ഗ്രെഗ് ബര്‍ക്ക് ഈ കൂടിക്കാഴ്ചയെ അധികരിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമാഗമസംസ്കൃതിയുടെ പരിപോഷണം, പ്രത്യാശയുടെ സന്ദേശ സംവേദനം, പ്രത്യേകിച്ച് ഈ സന്ദേശം കൂടുതല്‍ ദുരിതമനുഭവിക്കുന്നവരില്‍ എത്തിക്കല്‍ എന്നിവയ്ക്കായി വിനിമയസാങ്കേതികവിദ്യ എപ്രകാരം പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചു പാപ്പായും സുക്കെര്‍ബേര്‍ഗും തമ്മില്‍ ചര്‍ച്ചചെയ്തുവെന്ന് ഗ്രെഗ് ബര്‍ക്കിന്‍റെ ഈ പ്രസ്താവനയില്‍ കാണുന്നു.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിനൊപ്പം അദ്ദേഹത്തിന്‍റെ പത്നി പ്രിഷീല്ല ചാനും ഉണ്ടായിരുന്നു.

 2004 ഫെബ്രുവരി 4 നാണ് ഫെയ്സ്ബുക്ക് സ്ഥാപിതമായത്. അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫെയ്സ്ബുക്കിന്‍റെ  ഉപഭോക്താക്കള്‍ പ്രതിമാസം 110 കോടിയാണെന്നു കണക്കാക്കപ്പെടുന്നു.

എഡ്വേര്‍ഡ് സവെരിന്‍,ആന്‍ഡ്രൂ മക്കോളം, ഡസ്റ്റിന്‍ മോസ്ക്കൊവിറ്റ്സ്, ക്രിസ് ഹ്യൂഗെസ് എന്നിവരാണ് ഫെയ്സ്ബുക്കിന്‍റെ സഹസ്ഥാപകര്‍.








All the contents on this site are copyrighted ©.