2016-08-27 12:19:00

ഭീതിയുടെ ഫലം പിളര്‍പ്പും പ്രത്യാശയുടെ ഫലം ഭാവിയോന്മുഖ മുന്നേറ്റവും


ഭീതിയോടെയല്ല മറിച്ച് പരിവര്‍ത്തനവിധേയരാകാനുള്ള നമ്മുടെ കഴിവില്‍ ദൈവത്തിനുള്ള പ്രത്യാശയുടെ വെളിച്ചത്തിലായിരിക്കണം നാം മറ്റുള്ളവരോടു പെരുമാറേണ്ടതെന്ന് മാര്‍പ്പാപ്പാ.

കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി അമേരിക്ക ഭൂഖണ്ഡം സിവിശേഷമാംവിധം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൊളംബിയയിലെ ബോഗൊട്ടയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ചതുര്‍ദിന സമ്മേളനത്തിന് തുടക്കം കുറിക്കപ്പെട്ട ഈ ശനിയാഴ്ച (27/08/16) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുമതാനുയായികളെ പീഢിപ്പിച്ചിരുന്ന സാവൂളിന്‍റെ കാര്യത്തിലുണ്ടായ ദൈവിക ഇടപെടലിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

താന്‍ ക്രിസതുവിനെ പീഢിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെങ്കിലും തനിക്ക് അവിടത്തെ കരുണലഭിച്ചുവെന്ന് പൗലോസ് തിമോത്തേയോസിനെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തില്‍ 12 മുതല്‍ 16 വരെയുള്ള വാക്യങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത് അനുസ്മരിക്കുന്ന പാപ്പാ ദൈവം നമുക്കായി ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നും അവിടന്ന് നമ്മെ സ്നേഹിക്കുകയും നമ്മെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നത് പേടിയാലല്ലയെന്നും നാം പരിവര്‍ത്തിതരാകും എന്നു അവിടന്ന് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും വിശദീകരിക്കുന്നു തന്‍റെ സന്ദശത്തില്‍.

ഭയംകൊണ്ട് നാം എന്തെങ്കിലും ചെയ്താല്‍ അതിന്‍റെ ഫലം പിളര്‍പ്പും  ഒന്നിനെ മറ്റൊന്നില്‍ നിന്ന് കൃത്യമായി വേര്‍‍തിരിക്കുന്ന മതിലുകള്‍ പടുത്തുയര്‍ത്തിക്കൊണ്ടുള്ള വ്യാജസുരക്ഷിതത്വ നിര്‍മ്മിതിയും ആയിരിക്കുമെന്ന് പാപ്പാ പറയുന്നു.

എന്നാല്‍ മാറ്റം അല്ലെങ്കില്‍ പരിവര്‍ത്തനം ഉണ്ടാകുമെന്ന പ്രത്യാശയില്‍ അധിഷ്ഠിതമാണ് നമ്മുടെ പ്രവര്‍ത്തനമെങ്കില്‍ അത് പ്രചോദനദായകവും ഭാവിയോന്മുഖവും അവസരദായകവും നമ്മെ മുന്നോട്ടു നയിക്കുന്നതും ആയിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

മാറ്റമുണ്ടാകുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തിലാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുകയും നമ്മുടെ കരങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുമെന്നും ഹൃത്തില്‍ നിന്ന് കരത്തിലേക്കുള്ള ഒരു യാത്രയാണതെന്നും പാപ്പാ വിശദീകരിക്കുന്നു.

നിണമൊഴുകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ മുറിവേല്‍ക്കുന്നത് ഏറ്റം വേധ്യരായാവരാണ്. ഇങ്ങനെയുള്ളൊരു സമൂഹത്തിലേക്കാണ് കര്‍ത്താവ് അവിടത്തെ സാന്നിധ്യമാകുന്ന ഔഷധതൈലവുമമായി നമ്മെ അയക്കുന്നത്. കരുണയോടെ അപരനെ പരിചരിക്കുക എന്ന ഏക ദൗത്യവുമായിട്ടാണ് അവിടന്ന് നമ്മെ അയക്കുന്നത്, പാപ്പാ പറയുന്നു.

ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാന്‍ സംഘമായ CELAM ന്‍റേയും ലത്തീനമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ ആശിസ്സുകളോടെ കൊളംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടയില്‍ ഈ മാസം 27 മുതല്‍ 30 വരെ (27-30/08/16) നീളുന്ന ഈ സമ്മേളനത്തില്‍ വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, കാനഡ, കരീബിയന്‍ നാടുകള്‍ അങ്ങനെ മൊത്തം 22 നാടുകളില്‍ നിന്നായി കര്‍ദ്ദിനാളന്മാര്‍ മെത്രാന്മാര്‍, വൈദികര്‍ സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ അല്മായവിശ്വാസികള്‍ എന്നിവരുടെ ഭാഗഭാഗിത്വം ഉണ്ടാകും.

ഈ സമ്മേളനത്തിന്‍റെ വിചിന്തനപ്രമേയം “കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിവേളയില്‍ അമേരിക്കയിലാകമാനം  വിശുദ്ധിയുടെ കൊടുങ്കാറ്റ് വീശട്ടെ” എന്നതാണ്.

ഫ്രാന്‍സീസ് പാപ്പാ റോമിലെ വടക്കെ അമേരിക്കന്‍ കോളേജില്‍ 2015 മെയ് 2ന് അര്‍പ്പിച്ച ദ്യവ്യബലിമദ്ധ്യേ നല്കിയ സുവിശേഷ പ്രഭഷണത്തില്‍ നിന്നുള്ള വാക്കുകളാണിത്.

ഈ വാക്യം തന്നെയാണ് ഫ്രാന്‍സീസ് പാപ്പായുടെ ശനിയാഴ്ചത്തെ (27/08/16) ട്വിറ്റര്‍ സന്ദേശവും.

 








All the contents on this site are copyrighted ©.