2016-08-26 13:38:00

മരിയ അന്തോണിയ ദെ സാന്‍ ഹൊസേ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്


ധന്യയായ മരിയ അന്തോണിയ ദെ സാന്‍ ഹൊസേ ശനിയാഴ്ച (27/08/16) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

ഫ്രാന്‍സീസ് പാപ്പായുടെ ജന്മനാടായ അര്‍ജന്തീനക്കാരിയും അല്‍മായ മഹിളയുമായ മരിയയുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം അവളു‌ടെ ജന്മസ്ഥലമായ സന്ധ്യാഗൊ ദെല്‍ ഏസ്തെരൊയില്‍ വച്ചായിരിക്കും.

വിശുദ്ധരുടെ നാമകരണനടപിടികള്‍ക്കായുള്ള സംഘത്തിന്‍റെ ചുമതലവഹിക്കുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ആയിരിക്കും, ഫ്രാന്‍സീസ് പാപ്പായുടെ പ്രതിനിധിയായി,  മരിയ അന്തോണിയ ദെ സാന്‍ ഹൊസേയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കുക.

സന്ന്യാസിനി സമൂഹത്തില്‍ അംഗമാകാതെ തന്നെ സമര്‍പ്പിതജീവിതം നയിച്ച അല്‍മായ വിശ്വാസിയായിരുന്ന മരിയ അന്തോണിയ അര്‍ജന്തീനയുടെ തലസ്ഥാനമായ ബുവേനോസ് അയിരെസിലെ ധ്യാന ഭവനത്തിന്‍റെ സ്ഥാപകയാണ്.

1730 ല്‍ സന്ധ്യാഗൊ ദെല്‍ ഏസ്തെരൊയില്‍ ജനിച്ച മരിയ അന്തോണിയ ദെ സാന്‍ ഹൊസേ പതിനഞ്ചാമത്തെ വയസില്‍ ദൈവത്തിന് സ്വയം സമര്‍പ്പിക്കുകയും കന്യകാത്വവ്രതവാഗ്ദാനം നടത്തുകയും ചെയ്തു.

പ്രധാനമായും ആദ്ധ്യാത്മിക ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇശോസഭാവൈദികരെ സന്ന്യാസിനികളുമൊത്തു സഹായിച്ചു പോന്ന മരിയ, 1767 ല്‍  സ്പെയിനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് അദ്ദേഹത്തിന്‍റെ  അധികാരപരിധിയിലുണ്ടായിരുന്ന തെക്കെ അമേരിക്കന്‍ പ്രദേശങ്ങളില്‍  നിന്ന് ഈശോസഭാവൈദികരെ പുറത്താക്കിയപ്പോള്‍ ഒരുള്‍പ്രേരണയാല്‍, തന്‍റെ   സുഹൃത്തുക്കളായ സന്ന്യാസിനികളുടെ സഹായത്തോടെ, കാല്‍നടയായി അര്‍ജന്തീനയുടെ വടക്കു ഭാഗത്തേക്കു പോകുകയും ബുവെനോസ് അയിരെസില്‍ ഒരു ധ്യാനഭവനം സ്ഥാപിക്കുകയും ചെയ്തു.

“മാമ്മ അന്തൂള” എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മരിയ അന്തോണിയ ദെ സാന്‍ ഹൊസേ 1799 മാര്‍ച്ച് 7 ന് മരണമടഞ്ഞു. അവളുടെ ഭൗതികാവശിഷ്ടം  ബുവെനോസ് അയിരെസിലെ കാരുണ്യനാഥയുടെ ബസിലിക്കയില്‍ വണങ്ങപ്പെടുന്നു.








All the contents on this site are copyrighted ©.