2016-08-25 08:54:00

യുദ്ധരംഗത്തെ അതിരുകടന്ന അതിക്രമങ്ങളെ വത്തിക്കാന്‍ അപലപിച്ചു


“ഗ്രാമങ്ങളും പട്ടണങ്ങളും – മനുഷ്യവാസകേന്ദ്രങ്ങള്‍ വിവേചനമില്ലാതെ തകര്‍ക്കുന്ന കൂട്ടക്കുരുതിയുടെ മാരകായുധങ്ങള്‍ രാജ്യാന്തര മാനവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അവ നിരോധിക്കേണ്ടതും അവയ്ക്കെതിരെ രാഷ്ട്രനേതാക്കാള്‍ നിയമനടപിടികള്‍ കൈക്കൊള്ളേണ്ടതുമാണ്.”   -  യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഓസാ.  ആഗസ്റ്റ് 23-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന “നിരായുധീകരണവും,  കൂട്ടക്കുരുതിയുടെ ആയുധങ്ങളും…” സംബന്ധിച്ച സുരക്ഷാ കൗണ്‍സിലിന്‍റെ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

യുദ്ധത്തിലെ അതിക്രമങ്ങള്‍ അതിരുകള്‍ ലംഘിച്ചുള്ളതാണെന്ന്, ഐക്യരാഷട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതിയും സ്ഥിരംനിരീക്ഷകനും - ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.  വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി യുദ്ധരംഗത്തെ കൂട്ടക്കുരുതിക്കുള്ള ആയുധങ്ങളുടെ നിര്‍മ്മാണവും വിപണനവും, അവയുടെ ഉപയോഗവും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ക്കൂളുകളും ആശുപത്രികളും, ഭവനങ്ങളും, മനുഷ്യവാസ കേന്ദ്രങ്ങളും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഇന്നു ലോകത്ത് നിരന്തരമായി ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതില്‍ വത്തിക്കാനുള്ള ശക്തമായ പ്രതിഷേധം ആര്‍ച്ചുബിഷപ്പ് ഓസാ വാക്കുകളില്‍ രേഖപ്പെടുത്തി.

പരമ്പരാഗത യുദ്ധതന്ത്രങ്ങളും ആയുധങ്ങളും പാടെ ഉപേക്ഷിച്ച്, നവമായ സാങ്കേതികതയും തന്ത്രങ്ങളും ഉപയോഗിച്ച് മനുഷ്യന്‍ മനുഷ്യനെ ഇല്ലായ്മചെയ്യുന്ന മൃഗീയത നവയുഗത്തിന്‍റെ ശാപമായിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മനുഷ്യവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രതിയോഗികള്‍ യുദ്ധഭൂമിയില്‍ നടത്തുന്ന നിരന്തരമായ കൂട്ടക്കുരുതിക്കുള്ള സായുധ പോരാട്ടങ്ങളില്‍ കൊല്ലപ്പെടുകയും, അല്ലെങ്കില്‍ ഭവനരഹിതരാക്കപ്പെടുകയും, നാടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നവര്‍ ആയിരങ്ങളാണ്. അങ്ങനെ യുദ്ധഭൂമിയില്‍നിന്നും കുടിയിറക്കപ്പെടുകയും, അതു കാരണമാക്കുന്ന നവമായ കുടിയേറ്റപ്രതിഭാസത്തില്‍ അകപ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ജനസഹസ്രങ്ങളെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കണക്കിലെടുക്കേണ്ടത്, യുഎന്‍റെ മറ്റൊരു അടിയന്തിര ഉത്തരവാദിത്വമായി മാറിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

സുസ്ഥിതിയില്ലാത്തതും ദരിദ്രവുമായ രാജ്യങ്ങളിലേയ്ക്ക് വന്‍കിട ആയുധ നിര്‍മ്മാതാക്കള്‍ യുദ്ധസാമഗ്രികള്‍ വിപണനം നടത്തുന്നത് നിയന്ത്രിക്കേണ്ടതാണ്. ആയുധങ്ങള്‍ രാഷ്ട്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങളില്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായി എത്തിക്കുന്നതിനു പകരം, നിയമാനുസൃതമല്ലാത്ത വിധത്തില്‍ അവ വിമതരുടെയും കലാപകാരികളുടെയും കൈകളില്‍ എത്തിക്കുന്ന കച്ചവടക്കാരെ തടയുകയും, ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

നീതിനിഷ്ഠമായ നടപടിക്രമങ്ങള്‍ നിരായുധീകരണത്തിന്‍റെയും ആയുധ വിപണത്തിന്‍റെയും മേഖലയില്‍ ഐക്യരാഷ്ട്ര സംഘടന കൈക്കൊണ്ടില്ലെങ്കില്‍ 2030-ല്‍ ലക്ഷ്യമിടുന്ന സുസ്ഥിതി വികസന പദ്ധതികള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ടെന്ന് വത്തിക്കാന്‍റെ സ്ഥാനപതി സമ്മേളനത്തിന് താക്കീതുനല്കി.








All the contents on this site are copyrighted ©.