2016-08-25 18:46:00

സീറോ-മലബാര്‍ സഭായോഗം കൊടകരയില്‍ സംഗമിക്കും


സീറോ മലബാര്‍ സഭായോഗം കൊടകരയില്‍...! സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി ഉത്ഘാടനംചെയ്യും.  ആഗസ്റ്റ് 26-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന യോഗം (Archiepiscopal Assembly) 28-ാം തിയതി ഞായറാഴ്ച സമാപിക്കും. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയിലുള്ള സഹൃദയ എഞ്ചിനീയറിങ് കോളെജ് ക്യാമ്പസിലാണ് സീറോമലബാര്‍ സഭായോഗം ചേരുന്നത്. യോഗത്തില്‍ 21 രാജ്യങ്ങളില്‍നിന്നുള്ള സഭയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

കാനോനിക സ്വഭാവമുള്ളതും, അല്‍മായര്‍ ഉള്‍പ്പെടെ, എല്ലാതലങ്ങളിലുമുള്ള സീറോ-മലബാര്‍ വിശ്വാസികളുടെ പ്രതിനിധി സംഘങ്ങളുടെ കൂട്ടായ്മയാണ് സഭായോഗം.  അഞ്ചുവര്‍ഷം കൂടുമ്പോള്‍ സംഗമിക്കുന്ന സഭായോഗത്തിന്‍റെ 4-ാമത്തെ കൂട്ടായ്മയാണ് കൊടകരയില്‍ സംഗമിക്കുന്നത്. കാലികമായ സാമൂഹ്യ ചുറ്റുപാടുകളോടു ക്രിസ്തീയമായി പ്രതികരിക്കാന്‍ ജീവിത ലാളിത്യം, കുടുംബങ്ങളുടെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ചാവിഷയമാക്കുമെന്ന്, സീറോമലബാര്‍ സഭായോഗത്തിന്‍റെ മാധ്യമവിഭാഗം ആഗസ്റ്റ് 24-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കാക്കനാടുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനത്ത്, സെന്‍റ് തോമസ് മൗണ്ടില്‍ സമ്മേളിച്ചിരിക്കുന്ന സഭാപിതാക്കന്മാരും സമ്മേളനത്തില്‍ പങ്കെടുത്ത് ബലിയര്‍പ്പിക്കുകയും, പഠനവിഷയങ്ങളെക്കുറിച്ച് അവരെ ഉദ്ബോധിപ്പിക്കുകയും, ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.