2016-08-23 16:18:00

പാപ്പാ ഫ്രാന്‍സിസിന് ഇറാനില്‍നിന്നും അനുമോദനക്കത്ത്


ഇറാന്‍റെ ആത്മീയനേതാവ്, ശ്രേഷ്ഠനായ ആയത്തോള നാസര്‍ മകാരം ഷിരാസിയാണ് പാപ്പാ ഫ്രാന്‍സിസിന് അഭിനന്ദനത്തിന്‍റെ കത്ത് അയച്ചത്.

“ഇസ്ലാം ഭീകരവാദമല്ല! ഭീകരതയെ ഇസ്ലാമിനോട് തുലനംചെയ്യേണ്ടതില്ല!” ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന പ്രസ്താവന. ജൂലൈ 31-ാം തിയതി ഞായറാഴ്ച പോളണ്ട് അപ്പസ്തോലിക യാത്രകഴി‍ഞ്ഞ് വത്തിക്കാനിലേയ്ക്ക് മടങ്ങവെ വിമാനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇസ്ലാമിനെയും ഇസ്ലാമിക ഭീകരവാദത്തെയും തമ്മില്‍ വിവേചിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്. ആഗസ്റ്റ് 20-ാം തിയതി ഷിരാസി അറബിയില്‍ എഴുതിയ കത്തിന്‍റെ പരിഭാഷ 23-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി:

മതത്തിനും മനുഷ്യത്വത്തിനും നിരക്കാത്ത ഭീകരതെയും അതുമായി ബന്ധപ്പെട്ട ഇസ്ലാമിക വിമതരുടെ അതിക്രമങ്ങളെയും അപലപിക്കുന്നതാണ് ഇസ്ലാമിനെ സംബന്ധിക്കുന്ന വിവേകപൂര്‍ണ്ണവും സയുക്തവുമായ പാപ്പാ ഫ്രാന്‍സിസി‍ന്‍റെ പ്രസ്താവന എന്ന് ഷിരാസി കത്തില്‍ ആമുഖമായി വ്യക്തമാക്കി. എന്നാല്‍ ക്രൈസ്തവര്‍ക്കു നേരെ ഉയരുന്ന ആക്രമണങ്ങളില്‍, പ്രത്യേകിച്ച് നോര്‍മാണ്ടിയിലെ പ്രായമായ വൈദികനെ അ‌ടുത്തകാലത്ത് അള്‍ത്താരയില്‍വച്ച് കഴുത്തറുത്തു കൊന്ന നികൃഷ്ടമായ പ്രവൃത്തിയെ അപലപിക്കുന്നതായി 83 വയസ്സുകാരനായ ആയത്തോള നാസ്സര്‍ ഷിരാസി കത്തിലൂടെ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചു.

അതിക്രമികളായ വിമതരെയും ഭീകരപ്രവര്‍ത്തനങ്ങളെയും ലോകത്തെ ഇസ്ലാമിക പണ്ഡിതന്മാരുടെ സഖ്യം അപലപിച്ചിട്ടുള്ളത് വീണ്ടും ഷിരാസി അനുസ്മരിച്ചു.

നവസഹസ്രാബ്ദത്തില്‍ ലോകം നേരിടുന്ന വലിയ തിന്മയും, നീണ്ട പ്രത്യാഘാതങ്ങളുള്ള ദുരിതവുമെന്ന് ഭീകരതയെ ഷിരാസി വിശേഷിപ്പിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഇറാനിലെ ഗോമില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംഗമിച്ച 80 ഇസ്ലാമിലെ നേതാക്കളുടെയും മതപണ്ഡിതന്മാരുടെയും സംഗമം മുസ്ലീം വിമത സംഘടനകളെ നിഷേധിക്കുകയും അപലപിക്കുകയും ചെയ്തിട്ടുള്ളത്  അദ്ദേഹം കത്തില്‍ എടുത്തുപറഞ്ഞു. മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും, നിര്‍ദ്ദോഷികളുടെ കൂട്ടക്കുരുതിയെയും ഇസ്ലാമിക നിയമം തള്ളിപ്പറയുന്നത് കത്തില്‍ ഷിരാസി ചൂണ്ടിക്കാണിച്ചു. കൊളയാളികളായ ഈ മുസ്ലിം ന്യൂനപക്ഷത്തെ കരുണയില്ലാത്തവരും വിവേകശൂന്യരും സാത്താന്‍റെ സന്തതികളുമെന്ന് സമ്മേളനം കുറ്റപ്പെടുത്തിയിട്ടുള്ളത് അദ്ദേഹം പ്രസ്താവിച്ചു. അവരുടെ വഴികള്‍ നരകത്തിലേയ്ക്കുള്ളതായും ഷിരാസി കത്തില്‍ വിവരിച്ചു. അഴിമതിക്കാരും പണമോഹികളുമായ ലോകത്തെ വന്‍ശക്തികള്‍ ഈ അധര്‍മ്മികളെ തുണച്ചില്ലായിരുന്നെങ്കില്‍ തീവ്രവാദികള്‍ പണ്ടേ ഇല്ലാതായേനേ എന്നും കത്തില്‍ പരാമര്‍ശമുണ്ട്.   

ദൈവനിവേശിതമായ മതങ്ങളോ, അവയുടെ മഹത്തായ സ്ഥാപനങ്ങളോ ചിന്താധാരകളോ ഭീകരപ്രവര്‍ത്തനങ്ങളെയും അവയുടെ മൃഗീയതയെയും യാതൊരു വിധിത്തിലും പിന്‍തുണയ്ക്കുകയോ, അവരുമായി ബന്ധംപുല്‍ത്തുകയോ ചെയ്യില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളത് ഷിരാസി കത്തില്‍ ഉദ്ധരിച്ചു. അന്യായമായും അവിഹിതമായും സമ്പത്തു വാരിക്കൂട്ടാനുള്ള വന്‍ശക്തികളുടെ വളരെ തരംതാണ അഴിമതിയും ആക്രാന്തിയും ഭൗതിക ലക്ഷ്യങ്ങളുമാണ് ഭീകരതയുടെ ഉറവിടമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. മതമൗലിക ചിന്തയും അമിതമായ സമ്പദ്മോഹവും വളര്‍ത്തുന്ന ഭീകരതയുടെ മുഖം ഇതിനകം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ഭീകരത ലോകത്ത് അതിവേഗം ഇല്ലാതാകുമെന്ന് ദൈവനാമത്തില്‍ ഷിരാസി പ്രത്യാശയര്‍പ്പിച്ചു.

കരുണയും സമാധാനവും ആത്മീയതയും ലോകത്തു വളര്‍ത്താനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഉദ്യമങ്ങളെ ദൈവം തുണയ്ക്കട്ടെ! എന്ന പ്രാര്‍ത്ഥനയോടെയാണ് ഷിരാസി ഇറാനിലെ ഗോമില്‍നിന്നും അറബിയില്‍ എഴുതിയ കത്ത് ഉപസംഹരിച്ചത്.   








All the contents on this site are copyrighted ©.