2016-08-08 12:16:00

സ്നേഹപൂര്‍വ്വം യുവജനങ്ങള്‍ക്ക്...! ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍നിന്നും


ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോകയുവജനമേളയുടെ മുഖ്യവേദിയില്‍ (കാരുണ്യവേദിയെന്നു പേരിട്ട ബ്ലോ‍ഞ്ഞാ പാര്‍ക്കില്‍) പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെയാണ് ഒരു മണിക്കൂര്‍ നീണ്ട ജാഗരാനുഷ്ഠാനം ഭക്തിനിര്‍ഭരമായി നടന്നത്.

ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ പങ്കുവച്ച ചിന്തകളുടെ പ്രസക്തഭാഗങ്ങള്‍ ശബ്ദരേഖയോടെ ഇവിടെ ചേര്‍ക്കുന്നു:

  1. രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയോടെ ഈ ജാഗരാനുഷ്ഠാനം

ആരംഭിക്കുന്നതു നല്ലതാണ്. കാരണം, നിങ്ങള്‍ വിവിധ രാജ്യക്കാരാണ്. സമാധാനവും രമ്യതയുമുള്ള സ്ഥലങ്ങളി‍ല്‍നിന്നു വരുന്നവരുണ്ട്. എന്നാല്‍ മദ്ധ്യപൂര്‍വ്വദേശമായ സിറിയപോലുള്ള  രാഷ്ട്രീയ-സമൂഹ്യ സംഘര്‍ഷങ്ങള്‍ ഉള്ള രാജ്യങ്ങളില്‍നിന്നു വരുന്നവരും ഇവിടെ ധാരാളമുണ്ട്.

രാജ്യങ്ങളിലെ വന്‍കാലപങ്ങളുടെയും ഭീകരതയുടെയും വേദനയും ദുഃഖവും ഒരു ചെറിയ സാഹാഹ്നവാര്‍ത്തയില്‍ അവസാനിക്കുകയാണോ? കൊലയും കൂട്ടക്കുരുതിയും നിറഞ്ഞ, ‘ഓര്‍മ്മകളില്‍ മരിച്ച, വിസ്മരിക്കപ്പെട്ട ജനതകള്‍’ ലോകത്ത് ഉണ്ടാകാതിരിക്കട്ടെ. നമ്മില്‍ ചിലരുടെ രാജ്യങ്ങള്‍ സമാധാനപൂര്‍ണ്ണമാണ്. നമുക്കു ദൈവത്തിനു നന്ദിപറയാം. എന്നാല്‍ നാം സഹോദരങ്ങളാണ്. അവരു‍ടെ ജീവിതവ്യഥകളില്‍ നാം പങ്കുചേരേണ്ടതാണ്.

മാധ്യമങ്ങളിലൂടെ – ടി.വി., ഇന്‍റെര്‍നെറ്റ്, ഐ-ഫോണ്‍ എന്നിവയിലൂടെ ജനങ്ങളുമായി ബന്ധപ്പെടുന്നത്, പ്രത്യേകിച്ച് ക്ലേശിക്കുന്നവരുമായി ബന്ധപ്പെടുന്നത് പലപ്പോഴും വിദൂരമാണ്, അത് നമ്മെ സ്പര്‍ശിക്കാറില്ല. നാം കാണികളായി മാറുന്നു, വെറും പ്രേക്ഷകര്‍! എന്നാല്‍ അവരുമായി ജീവിതത്തില്‍ ആന്തരീകവും ബാഹ്യവും, സമൂഹികവും വ്യക്തിഗതവുമായ സംഘട്ടനങ്ങള്‍ സഹിക്കുന്നവരെ, മരണത്തിന്‍റെ ഭീതിയാല്‍ ചുറ്റപ്പെട്ടവരെ യഥാര്‍ത്ഥമായി ഏതെങ്കിലും വിധത്തില്‍ നേരിട്ടു ബന്ധപ്പെടുമ്പോഴാണ് അവര്‍ നമ്മുടെ മനസ്സില്‍ പതിയുന്നതും, ഹൃദയത്തില്‍ പ്രേവശിക്കുന്നതും. സിറിയക്കാരി റാണ്ടയുടെ വാക്കുകള്‍ ശ്രവിക്കാം.

വേദനിക്കുന്ന സിറിയയിലെ കുടുംബങ്ങളെയും അതുപോലുള്ള മറ്റു ജനതകളെയും നമുക്ക് പ്രത്യേകമായി അനുസ്മരിക്കാം. നമ്മുടെ യുവസുഹൃത്തുക്കളില്‍ എത്രയോപേരാണ് യുദ്ധത്തിന്‍റെ പീഡനങ്ങളുടെയും സാക്ഷികളായി നമ്മുടെ കൂടെയുള്ളത്... പ്രാര്‍ത്ഥനയില്‍ അവരുമായി ഒന്നായിരിക്കാം. ദൈവിക കാരുണ്യത്തിന്‍റെ സ്പര്‍ശം അവര്‍്ക്ക് ലഭിക്കട്ടെ! അങ്ങനെ അവര്‍ ജീവിത മേഖലകളില്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകാനും ഇടായവട്ടെ! യുദ്ധത്തിനും കലാപത്തിനും ഇരകാളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

  1. ക്രൈസ്തവ ജീവിതത്തില്‍ ഒരിക്കലും പ്രതികാരത്തിന്‍റെ ചിന്ത  ഉയരാതിരിക്കട്ടെ. ആരെയും

തള്ളിക്കളയാനോ, അവരുമായി മല്ലടിക്കാനോ നമുക്കു സമയമില്ല. വിദ്വേഷത്തെ വിദ്വേഷംകൊണ്ട് ഒരിക്കലും കീഴടക്കാനാവില്ല. അതിക്രമത്തെ അതിക്രമങ്ങള്‍കൊണ്ട് നമുക്ക് കീഴ്പ്പെടുത്താനാകുമോ? ഇല്ല! കലഹിക്കുകയും അതിക്രമത്തില്‍ മുഴികിയിരിക്കുകയും ചെയ്യുന്ന ലോകത്തോട്, സമൂഹങ്ങളോട് നമുക്കൊരു പ്രതികരണമേ ഉള്ളൂ! അത് സാഹോദര്യം മാത്രമാണ്. അത് കൂട്ടായ്മയാണ്. അത് കുടുംബമാണ്. 

ക്രിസ്തു നിങ്ങളെ വിളിച്ചുകൂട്ടിയത് കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും സാക്ഷ്യംവഹിക്കാനാണ്. വിവിധ രാജ്യാക്കാരും സംസ്ക്കാരങ്ങളും ഭാഷക്കാരുമായ നാം ഒരുമിച്ചു കൂടിയിരിക്കുന്നത് പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടാനാണ് -  പ്രാര്‍ത്ഥനയിലുള്ള ഐക്യം - എന്നതായിരിക്കട്ടെ നമ്മുടെ സൂത്രവാക്യം! നമ്മു‌ടെ ആപ്തവാക്യം!! നമ്മുടെ കുടുംബങ്ങളെ അനുസ്മരിക്കാം. കുടുംബങ്ങള്‍ ഉറങ്ങാനും ഭക്ഷിക്കാനുമുള്ള ഇടം മാത്രമല്ല, എന്നോര്‍ക്കണം. ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണം. അതുപോലെ പാപങ്ങളും ബലഹീനതകളും, കുടുംബങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും തങ്ങളെ പുറത്താക്കും എന്ന ഭീതിയില്‍ കഴിയുന്നവരെയും നമുക്ക് പ്രത്യേകമായി അനുസ്മരിക്കാം. ദൈവം കരുണാര്‍ദ്രനായ പിതാവാണെന്ന് ഈ ജൂബിലിവത്സരത്തില്‍ അങ്ങനെയുള്ളവര്‍ മനസ്സിലാക്കാനും അംഗീകരിക്കാനും അവര്‍ക്കു സാധിക്കട്ടെ! ആന്തരികമായി ഏറെ സംഘര്‍ഷങ്ങളും മനോവ്യഥകളും അനുഭവിക്കുന്നവര്‍ ലോകത്തുണ്ട്. എന്തിന് നമ്മുടെ മദ്ധ്യേയുണ്ട്. അവരെയെല്ലാം ദൈവിക കാരുണ്യത്തിനു നമുക്കു സമര്‍പ്പിക്കാം. ദൈവത്തിന്‍റെ കരുണയില്‍ നമുക്ക് അഭയം തേടാം.

  1. ഭയവിഹ്വലരായ അപ്പോസ്തോല കൂട്ടായ്മയ്ക്ക് കരുത്തായത്

പരിശുദ്ധാത്മാവാണ്, അരൂപിയുടെ തീനാവാണ്. വാതില്‍ അടച്ച്, പേടിച്ച് അരണ്ടിരിക്കുന്ന ക്രിസ്തുശിഷ്യരുടെ ചിത്രം ഓര്‍മ്മയില്‍ അയവിറയ്ക്കാം. പീഡനത്തെക്കുറിച്ചുള്ള ഭീതിയാണ് അവരെ ഞെരുക്കിയതും, തളര്‍ത്തി ഒരു മുറിക്കുള്ളില്‍ ബന്ധനസ്ഥരാക്കിയതും. ഭീതി അവരെ വിഴുങ്ങിയിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് കണ്ണഞ്ചിപ്പിക്കുന്നതും ആശ്ചര്യവഹവുമായതു സംഭവിച്ചത്. അവര്‍ സ്വപ്നംപോലും കാണാത്ത ജീവിതവഴികളിലേയ്ക്കും സാഹസിക നീക്കങ്ങളിലേയ്ക്കുമാണ് ദൈവാരൂപി അവരെ നയിച്ചത്. നിങ്ങളില്‍ ചിലരുടെ സാക്ഷ്യങ്ങള്‍ ഹൃദയസ്പര്‍ശിയും ആശ്ചര്യപ്പെടുത്തുന്നതുമാണ്. അതില്‍ ദൈവാത്മാവിന്‍റെ അംഗുലി, ദിവ്യകരസ്പര്‍ശം സ്പഷ്ടമായി കാണാം. നമ്മുടെ വീടുകളില്‍, നഗരങ്ങളില്‍ ഇനി ജീവനില്ല, ജീവിക്കാനാവില്ല. മുന്നോട്ടു നോക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ... ജീവിതത്തില്‍ സംഭവിക്കാവുന്ന വലിയ കെടുതികളില്‍ ഒന്നാണിത്. ഒറ്റപ്പെടലിന്‍റെ, ഭീതിയുണര്‍ത്തുന്ന ഈ തോന്നല്‍ അപകടകരമാണ്. അതു നമ്മെ തളര്‍ത്തും. നമ്മുടെ വീടും സമൂഹവും മരണകാരണമാകുമെന്ന ചിന്തതന്നെ അസഹ്യവും, ഭീതിദവുമാണ്. ഭീതിയാല്‍ തളര്‍ന്നുപോകുന്നവര്‍ക്ക് പിന്നെ കൂട്ടായ്മയുടെ മാന്ത്രികാനുഭവം ഇല്ലാതാകുന്നു. അവര്‍ക്ക് കൂട്ടുചേരാനോ, പങ്കുവയ്ക്കാനോ, ഒരുമിച്ചു നടക്കാനോ മുന്നേറാനോ സാധിക്കില്ല.

ക്രിസ്തുശിഷ്യരുടെ മാനുഷിക സ്വപ്നങ്ങള്‍ പൂവണിയിച്ച് ദൗത്യപൂര്‍ത്തീകരണം നടത്തിയ കര്‍ത്താവിന്‍റെ അരൂപിയിലേയ്ക്ക് നമുക്കു തിരിയാം. ജീവിതപ്രതിസന്ധികളുടെ ഭീതിയാല്‍ - അവ ശാരീരിക രോഗങ്ങളോ, മാനസിക വ്യഥകളോ, ജീവിത തകര്‍ച്ചകളുടെ വേദനയോ ആവട്ടെ! നമുക്ക് ദൈവാരൂപിയുടെ സഹായാം തേടാം!

സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകള്‍ വിട്ട് പാപ്പാ ഫ്രാന്‍സിസ്. യുവജനങ്ങളുടെ വ്യക്തജീവിതത്തിലേയ്ക്കു കടക്കുന്ന ചിന്തകളും ജാഗരാനുഷ്ഠാനത്തില്‍ പങ്കുവച്ചു:

  1. ആധുനികതയുടെ ‘സോഫാ സന്തോഷത്തില്‍ sopha Happiness-ല്‍ വീണു

പോകാതിരിക്കാം... കൈകൊണ്ടു തിരുമ്മി സുഖപ്പെടുത്താനാവാത്ത ഒരു ആന്തരിക വാദമാണിത്, രോഗമാണിത്. വ്യക്തിയുടെ ആന്തരികതയിലാണ് ചികിത്സ നടക്കേണ്ടത്. കമ്പ്യൂട്ടര്‍ കളികളിലും, മറ്റ് മാധ്യമപരിപാടികളിലും മുങ്ങി നിര്‍ഗുണ സമ്പന്നമായി, ആര്‍ക്കു ഉപകാരമില്ലാത്ത രീതിയില്‍ അലസമായി മുന്നേറുന്ന ഒരു തളര്‍വാതം ഇന്ന് യുവജനങ്ങളെ ബാധിച്ചിട്ടുണ്ട്. Sofa Happiness that leads to Sofa Paralysis. കമ്പ്യൂട്ടറില്‍ കുടുങ്ങിക്കിടക്കുന്ന യുവജനങ്ങള്‍ അനുഭവിക്കുന്ന മന്ദതയെ ‘സോഫയുടെ നന്മ’യും സന്തോഷവുമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കുഴപ്പമൊന്നുമില്ല, അവന്‍ അല്ലെങ്കില്‍ അവള്‍ അവിടെ സ്വൗര്യമായി ഇരിക്കയാണല്ലോ എന്നൊരു ന്യായീകരണവും കേള്‍ക്കാറുണ്ട്. മണിക്കൂറുകള്‍ നീളുന്ന, ജീവിതത്തെ തളര്‍ത്തുന്ന ഒരു ഒളിച്ചോട്ടമാണിത്. വീഡിയോ കളികളുടെയും കമ്പ്യൂട്ടറിന്‍റെയും ലോകത്തേയ്ക്കു മാത്രമുള്ള ഒളിച്ചോട്ടം വ്യക്തിയെ മന്ദീഭവിപ്പിക്കുന്ന ജീവിതരീതിയുമാണിത്.

യുവജനങ്ങള്‍ അവര്‍ അറിയാതെ ഇങ്ങനെ സോഫയുടെയും കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെയും അവലംബികളായി മാറുന്നു, രക്ഷപ്പെടാനാവാത്തവിധം കീഴ്പ്പെട്ടുപോകുന്നു. ഒരുതരം അസ്വാതന്ത്ര്യത്തില്‍ അമരുന്നു. ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും ലക്ഷ്യങ്ങള്‍ പ്രാപിക്കുവാനും മറ്റുള്ളവര്‍ കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍, ഇക്കൂട്ടര്‍ തളര്‍ന്നും മയങ്ങിയുമിരിക്കുന്നു. അലസതയുടെ സ്വൗര്യതയെ അവലംബിക്കുന്നു. ഇന്നിന്‍റെ യുവജനങ്ങളുടെ യഥാര്‍ത്ഥ സന്തോഷം കമ്പ്യൂട്ടറിലാണെന്ന മിഥ്യാബോധത്തില്‍, അല്ലെങ്കില്‍ തെറ്റിദ്ധാരണയില്‍ എത്തിയിരിക്കുന്ന മാതാപിതാക്കളുമുണ്ട്. ജീവിത സ്വപ്നങ്ങളും ദൈവിക പദ്ധതികളും നിരന്തരമായി തേടുകയും, അവ നേടിയെടുക്കാന്‍ പരിശ്രമിക്കയും വ്യഗ്രതപ്പെടുയും തത്രപ്പെടുകയും ചെയ്യുന്നവരെക്കാളും മെച്ചം സോഫയില്‍ മയങ്ങിയിരിക്കുന്നവരാണ്... എന്നത് തെറ്റിദ്ധാരണയാണ്. അലസമായി ജീവിക്കുകയല്ല. (Vegetate)  അലസതയില്‍നിന്നും ഉണര്‍ന്ന്, സ്വാതന്ത്ര്യം നേടി ജീവിതം അര്‍ത്ഥവത്താക്കുക. നമ്മുടേതായ വ്യക്തിമുദ്ര പതിക്കാതെ ജീവിതത്തില്‍നിന്നും കടന്നുപോകുന്നത് ശരിയല്ല. ഹൃദയത്തില്‍ സ്പന്ദിക്കുന്ന ദൈവത്തിനായുള്ള ത്വര, സ്പന്ദനം നാം തിരിച്ചറിയണം. അതിനെ മാനിക്കണം.

5. മദ്യം മയക്കുമരുന്ന് എന്നിവ ജീവിതത്തെ തളര്‍ത്തുകയും, അലസമാക്കുകയും ചെയ്യുന്ന വസ്തുക്കളാണ്. വ്യക്തിയുടെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തെ അവ നശിപ്പിക്കുന്നു. സാമൂഹികമായി അംഗീകൃത മരുന്നുകളാണെങ്കില്‍പ്പോലും, അവയ്ക്ക് നാം അടിമകളായാലും അത് സ്വാതന്ത്ര്യത്തെ നശിപ്പിക്കും. അതിനാല്‍ നാം ജനിച്ചത്... ലോകത്ത് മന്ദിച്ചിരിക്കാനല്ല, വിരസജീവിതം നയിക്കാനല്ല. അന്യൂനമായ, തനിമയുള്ള വ്യക്തികളാണു നാം. നമ്മുടേതായ മുദ്രകള്‍ ഭൂമിയില്‍ പതിക്കേണ്ടിയിരിക്കുന്നു, തനിമയാര്‍ന്ന മുദ്രകള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. സുഖസൗകര്യങ്ങളും, എല്ലാം വാരിക്കൂട്ടുന്ന  ഉപഭോഗസംസ്കൃതിയുമായി ജീവിത സന്തോഷത്തെ തെറ്റിദ്ധിരിക്കുകയാണെങ്കില്‍ നാം നഷ്ടപ്പെടുത്തുന്ന, പാഴാക്കുന്ന ജീവിതങ്ങളുടെ അസ്വാതന്ത്ര്യത്തില്‍ അമരും, സംശയമില്ല.

6. ക്രിസ്തുവിനെ അനുഗമിക്കുക എളുപ്പമല്ല. അത് ധീരത ആവശ്യപ്പെടുന്നു. വെല്ലുവിളികള്‍ നിറഞ്ഞതാണ് ക്രിസ്തുമാര്‍ഗ്ഗം. അവിടുത്തെ ജീവിതപാത സന്തോഷം പകരുന്ന വെല്ലുവിളികളുടെ ചക്രവാളത്തിലേയ്ക്കു നമ്മെ നയിക്കും. ശത്രുവെ സ്നേഹിക്കുവാനും, വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുവാനും, പാവങ്ങളെയും രോഗികളെയും പരിചരിക്കുവാനും, ക്ഷമിക്കുവാനും, പൊറുക്കുവാനുമുള്ള വിളിയാണിത്. ഈ ഉത്തരവാദിത്തം സമര്‍പ്പിതര്‍ക്കു – വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മാത്രമുള്ളതാണെന്നു ചിന്തിക്കരുത്. അല്ല!  ഈ ലോകം കുറെക്കൂടെ നല്ലിടമാക്കാന്‍ നമുക്ക് എന്തുചെയ്യാനാകും..? ക്രിസ്തുവിന്‍റെ വെല്ലുവിളി സ്വീകരിക്കാം... ഓ, ഞാന്‍ പാവം! എനിക്ക് എന്താകാനാണ്? സ്വയം സഹതപിക്കുന്ന മനഃസ്ഥിതിക്കു കീഴ്പ്പെടരുത്!! നമ്മുടെ കുറവുകളില്‍ കരുത്താര്‍ജ്ജിക്കാം, അവ തിരുത്താം. നന്മയില്‍ വളരാം. നന്മചെയ്യാം. ക്രിസ്തു വിളിക്കുമ്പോള്‍ വ്യക്തിയുടെ ബലഹീനതകള്‍ അവിടുന്ന് കണക്കിലെടുക്കുന്നില്ല. കുറവുകളെ അവിടുന്ന് നിറവുകളാക്കുന്നു.

7. ആധുനിക സംസ്ക്കാരത്തില്‍ ഇന്ന് മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ സ്വകാര്യതയിലേയ്ക്ക് മടങ്ങുകയാണ്. വേലി കെട്ടിത്തിരിച്ച്, മതിലുകള്‍ കെട്ടി, ജീവിതങ്ങള്‍ സ്വാര്‍ത്ഥതയില്‍ ഒതുക്കി എടുക്കുകയാണ്. ഇതുമതി, ഇതു ശരിയാണ്, എന്നു പറഞ്ഞു സ്വയം ധരിപ്പിക്കുകയാണ് ഇന്നത്തെ ലോകം. കൂട്ടായ്മയുടെ സംസ്ക്കാരത്തിനേ വിഭജിതമായ ലോകത്തെ രക്ഷിക്കാനാകൂ! എല്ലാവരെയും ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതിയാണ് നല്ലത്. മതിലുകള്‍ക്കുമീതെ പാലങ്ങള്‍ പണിയാം. പരസ്പരം രമ്യതപ്പെടാം. പങ്കുചേരാം. സഹോദരങ്ങളെ പങ്കുചേര്‍ക്കാം! നമ്മുടെ ചെറിയ ജീവചരിത്രത്തില്‍ കഴിവതു ചെയ്യാനും നമ്മുടേതായ പങ്കുവഹിക്കുവാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. വിഭിന്നതയുടെയും വെറുപ്പിന്‍റെയും ശൂന്യതാബോധത്തിന്‍റെയും പാത വിട്ട് വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്‍റെ പാത പുല്‍കാം!








All the contents on this site are copyrighted ©.