2016-08-05 09:11:00

ഹിരോഷിമ നാഗസാക്കി അനുസ്മരണം


ഹിരോഷിമ നാഗസാക്കി അണുബോംബ് ആക്രമണത്തിന്‍റെ ദുഃഖസ്മരണയില്‍ സമാധാനത്തിനുള്ള പത്തു ദിവസങ്ങള്‍  ജപ്പാന്‍ ആചരിക്കും. ആഗസ്റ്റ് 6-മുതല്‍ 15-വരെ തിയതികളിലാണ് ജപ്പാനില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനങ്ങള്‍ ആചരിക്കുന്നത് ജപ്പാന്‍റെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനങ്ങളുടെ പ്രയോക്താക്കള്‍.  ഹിരോഷിമ-നാഗസാക്കി നഗരങ്ങള്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് അണുബോംബ് ആക്രമണത്തിന് ഇരയായ 1945-ലെ ആഗസ്റ്റ് 6, 9 ദിവസങ്ങളുടെ വാര്‍ഷിക ദിനങ്ങളിലാണ് സമാധാനത്തിനായുള്ള പത്തു പ്രാര്‍ത്ഥനാദിനങ്ങള്‍ (ആഗസ്റ്റ് 6-15) ജപ്പാനിലെ ക്രൈസ്തവര്‍ സംയുക്തമായി ആചരിക്കുന്നത്.

കിഴക്ക് ഏഷ്യയിലും പടിഞ്ഞാറ് യൂറോപ്പിലുമുള്ള ജനങ്ങള്‍ തമ്മില്‍ ശീതയുദ്ധമല്ല, അനുരജ്ഞനത്തിന്‍റെയും സമാനാധനത്തിന്‍റെയും അരൂപി വളര്‍ത്തിയാല്‍ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം ആര്‍ജ്ജിക്കാനാകുമെന്ന്, ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി നാഗസാക്കിയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്-സ്വാക്കി തക്കാമി ജൂലൈ 31-ന് ഇറക്കിയ പ്രസ്താവനയിലൂടെ ഉദ്ബോധിപ്പിച്ചു.

സിറിയയിലെ അഭ്യന്തരകാലാപത്തോടെ ലോകസമാധാനം ശിഥിലമാക്കപ്പെടുകയും, മൗലികവാദവും ഭീകരാക്രമണവും നിരന്തരമായി മാനവികതയ്ക്ക് ഭീഷണിയായി ഇന്നും ഉയര്‍ന്നു നില്ക്കുകയാണ്. രാഷ്ട്രങ്ങളുടെ ഉപായസാധ്യകളും പ്രകൃതിവിഭവങ്ങളും കൈക്കലാക്കാനും, കീഴടക്കി വയ്ക്കുവാനുമുള്ള സ്വാര്‍ത്ഥതയുടെ സായുധപോരാട്ടങ്ങളാണ് ദൈവത്തിന്‍റെയും മതത്തിന്‍റെ പേരില്‍ പലയിടങ്ങളിലും അഴിച്ചുവിട്ടിരിക്കുന്നത്. ഈ പ്രക്രിയയില്‍ കൊല്ലപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവരുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല. ലോകത്തെ വന്‍നഗരങ്ങളും മനോഹരമായ ഭൂപ്രദേശങ്ങളും പൈതൃക പൗരാണിക കേന്ദ്രങ്ങളും സ്വൗര്യമായി സന്ദര്‍ശിക്കാനോ താമസിക്കാനോ സാധിക്കാത്ത വിധം ഭീകാരക്രണ സാദ്ധ്യതകളുള്ള അപകടമേഖലകളായി മാറിയിരിക്കുന്നു. ‘അണ്വായുധങ്ങള്‍ ഇല്ലാത്ത ലോകമുണ്ടാകണം,’ എന്ന് അമേരിക്കന്‍ പ്രസിഡന്‍റ്, ഒബാമാ പോലുള്ള വന്‍ ലോകനേതാക്കള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.

കണ്ണിചേരാനും ചേര്‍ക്കാനും, പരസ്പരം തുണയായി മുന്നേറാനും, പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തുണയ്ക്കുവാനുമുള്ള മാനവികതയുടെ കരുത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തെ നാം സമാധാനത്തിലേയ്ക്കു നയിക്കേണ്ടിയിരിക്കുന്നു. അനുദിനം നടക്കുന്ന കൊലപാതകങ്ങളോടും, ഭാഷ, മതം, സംസ്ക്കാരം, ലിംഗം എന്നിവയുടെ വിവേചനത്തോടും, ഗാര്‍ഹിക പീ‍ഡനം ലൈംഗിക പീഡനം എന്നീ അതിക്രമങ്ങളോടും നിസ്സംഗത കാണിക്കാതെ സമാധാനത്തിനായി ഒത്തൊരുമിച്ച് പരിശ്രമിക്കാം.

ശാലോം (Shalome), സമാധാനം എന്ന വാക്കിന് വിവിധ അര്‍ത്ഥങ്ങളുണ്ട്. അത് വിജയവും, സമൃദ്ധിയും, നന്മയും സുസ്ഥിതിയുമാണ്. അത് സ്വാതന്ത്ര്യവും സുരക്ഷയുമാണ്.  അത് സംതൃപ്തിയുടെ ജീവിതാവസ്ഥയാണ്. അത് അന്വോന്യം ആദരവും അന്തസ്സും പ്രകടമാക്കുന്ന സമഗ്രതയാണ്. അത് ദൈവത്തോടും സഹോദരങ്ങളോടും ഒരുപോലെ ചേര്‍ന്നു നില്ക്കുകയും, ക്ഷമയും കാരുണ്യവും സ്നേഹവും പ്രകടമാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ആരെയും ഒഴിവാക്കാതെ സകലരെയും ആശ്ലേഷിക്കുന്ന സവിശേഷമായ സാകല്യ സംസ്കൃതിയാണ്.








All the contents on this site are copyrighted ©.