2016-07-26 20:12:00

ക്രാക്കോ അണിഞ്ഞൊരുങ്ങി ‘കാരുണ്യവേദി’യില്‍ തിരിതെളിഞ്ഞു


പോളണ്ടിലെ ക്രാക്കോ നഗരമാണ് ജൂബിലിവത്സരത്തിലെ ലോക യുവജനസംഗമത്തിന് ആതിഥ്യം നല്കുന്നത്. 31-ാമത് സംഗമം ജൂലൈ 26-ാം തിയതി ചെവ്വാഴ്ച വൈകുന്നരത്തെ ബലിയര്‍പ്പണത്തോടെ തുടക്കമായി. ബുധനാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസിസ് മേളയ്ക്കെത്തുന്നതോടെ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടും. 31-ന് ഞായറാഴ്ചയാണ് സമാപിക്കുന്നത്.

ലോകത്തിന്‍റെ നാല് അതിര്‍ത്തികളില്‍നിന്നുമായി 30 ലക്ഷത്തോളം യുവജനങ്ങളാണ് ക്രാക്കോയില്‍ എത്തിയിരിക്കുന്നത്. ജൂബിലിവത്സരത്തിലെ അത്യപൂര്‍വ്വമായ ഈ കാരുണ്യസംഗമത്തിലൂടെ ലോകത്തിന് യുവജനങ്ങള്‍ കാഴ്ചവയ്ക്കുന്നത് കൂട്ടായ്മയുടെ സാക്ഷ്യവും സുവിശേഷസ്നേഹവുമാണെന്ന് ഉദ്ഘാടന സമൂഹബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായിരുന്ന ക്രാക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷ് പ്രസ്താവിച്ചു.

ക്രാക്കോ നഗരത്തോടു മുട്ടിക്കിടക്കുന്ന  വിസ്തൃതമായ ബ്ലോഞ്ഞ പാര്‍ക്കാണ് (Blonia Park) ലോകയുവജന സംഗമത്തിന്‍റെ പ്രധാനവേദി. ‘കാരുണ്യവേദി’  Camp of Mercy എന്നാണ് 80 ഏക്കര്‍ വിസ്തൃതിയുള്ള മനോഹരമായ പുല്‍പ്പുറമുള്ള താഴ്വാരം നാമകരണം ചെയ്തിരിക്കുന്നത്. മേച്ചില്‍പ്പുറമായിരുന്ന ബ്ലോഞ്ഞ താഴ്വാരം, 19-ാം നൂറ്റാണ്ടില്‍ സംഗമവേദിയായി മാറി. നോര്‍ബടൈന്‍ സന്ന്യാസിനികള്‍ക്ക് സമ്പന്നനില്‍നിന്നും ഇഷ്ടദാനമായി കിട്ടിയ ഭൂമിയായിരുന്നു. പിന്നീട് സന്ന്യാസിനികള്‍ അത് നഗരാധിപരുമായി കൈമാറ്റംചെയ്തതിന് ചരിത്രമുണ്ട്.

വലിയ സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും വേദിയായ ബ്ലോനിയ പാര്‍ക്കില്‍ 1979, 1983, 1987, 1997, 2002 എന്നീ വര്‍ഷങ്ങളില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും, 2006-ല്‍ സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടും സമൂഹബലിയര്‍പ്പിച്ചിട്ടുള്ള പുണ്യഭൂമിയാണ്. ജൂലൈ 27-ന് കാരുണ്യത്തിന്‍റെ സന്ദേശവുമായി പാപ്പാ ഫ്രാന്‍സിസ് അവിടെ എത്തിച്ചേരുന്നതോടെ യുവജന സംഗമം ആത്മയതയുടെ അലയടിയാകും.

മേളയ്ക്ക് പ്രാര്‍ത്ഥനയോടെ അഭിവാദ്യങ്ങള്‍ നേരുന്നു!  പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്രയും!  

 








All the contents on this site are copyrighted ©.