2016-07-07 19:18:00

ലോകയുവമേള : ക്രാക്കോ നഗരം ഒരുങ്ങുന്നു


ജൂലൈ 27-മുതല്‍ 31-വരെ പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറുന്ന ലോകയുവജന മേളയില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. നാസി മേല്‍ക്കോയ്മയുടെ കാലത്തെ ഓഷ്വിച് ബിര്‍ക്കീനോ എന്ന മനുഷ്യക്കുരുതിയുടെ സ്മാരകവേദി (German Concentration Camp) പാപ്പാ ഫ്ര‍ാന്‍സിസ് ജൂലൈ 29-ന് സന്ദര്‍ശിക്കും. യുവജനങ്ങള്‍ക്കൊപ്പമുള്ള രണ്ടു ദിവസത്തെ പരിപാടികള്‍ക്കുശേഷം മൂന്നാം ദിവസം രാവിലെ 70 കി. മി. യാത്രചെയ്താണ് ഒരു ലക്ഷത്തിലേറെ യഹൂദര്‍ കൊല്ലപ്പെട്ട ‘ഓഷ്വിച്-ബിര്‍ക്കീനോ’ എന്നറിയപ്പെടുന്ന നാസി കൂട്ടക്കുരുതിയുടെ സ്മാരകവേദി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്ന പാപ്പാ വൈകുന്നേരം തന്നെ യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴിക്കായി ക്രാക്കോയില്‍ തിരിച്ചെത്തും.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, 1940–1945 കാലഘട്ടത്തിലാണ് പോളണ്ടിലെ ‘ഓഷ്വിച്’ എന്ന സ്ഥലത്തെ ജര്‍മ്മന്‍ ക്യാമ്പില്‍ യഹൂദര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടത്.

4000 യുവജനങ്ങള്‍  കാനഡയില്‍നിന്നും...!  കാനഡയില്‍നിന്നും  നാലായിരത്തോളം യുവജനങ്ങള്‍ മേളയില്‍ പങ്കെടുക്കും. വിശുദ്ധനായ ജോണ്പോള്‍ രണ്ടാമന്‍ പാപ്പാ യുവജനമേള തുടങ്ങിയതിന്‍റെ  25-ാം വാര്‍ഷികവുമാണ് 2016. യുവജനങ്ങളുടെ പാപ്പായെന്നു വിളിക്കുന്ന വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടും നഗരവുമാണ് ഇക്കുറി ആതിഥ്യം നല്കുന്നത്. പോളണ്ട് 1991-നുശേഷം രണ്ടാം തവണയാണ് യുവജനമേളയ്ക്ക് വേദിയാകുന്നത്.

കാനഡയുടെ ദേശീയ പ്രതിനിധി സംഘത്തില്‍ യുവജനങ്ങള്‍ക്കൊപ്പം വൈദികരും സന്ന്യസ്തരും, സംഗീതജ്ഞരും കലാകാരുന്മാരും യുവജനപ്രേഷിതരുമുണ്ടെന്ന് മേളയില്‍ പങ്കെടുക്കുന്ന ക്യൂബെക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ സിപ്രിയന്‍ ലക്രൂവ ജൂലൈ 6-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഗമിക്കുന്ന ലോകയുവജന സംഗമത്തിന്‍റെ 13-ാമത്തെ പതിപ്പാണ് ജൂബിലിവത്സരത്തില്‍ ക്രാക്കോയില്‍ ഒത്തുചേരുന്ന ലോക കത്തോലിക്കാ യുവതയുടെ ബൃഹത്തായ ഈ ആത്മീയ സംഗമം. ലോകത്ത് ഇതുപോലൊരു സംഘടിതമായ യുവജനസംഗമം മറ്റൊന്ന് ഇല്ലെന്നു പറയാം. കുറഞ്ഞത് 10 ലക്ഷം യുവതീയുവാക്കളാണ് ആഗോള സഭാദ്ധ്യക്ഷനായ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ പഠിച്ചും, പ്രാര്‍ത്ഥിച്ചും പങ്കുവച്ചും സമാധനമായി ഒത്തുചേരുന്നത്.

ഹൃദയവിശുദ്ധിയുളളവര്‍  അനുഗൃഹീതരാകുന്നു,  എന്തെന്നാല്‍ അവര്‍ ദൈവത്തെക്കാണും, (മത്തായി  5, 8) എന്ന സുവിശേഷസൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും യുവജനങ്ങള്‍ ക്രാക്കോയില്‍ സംഗമിക്കുന്നത്. (WYD 2)








All the contents on this site are copyrighted ©.