2016-06-15 16:57:00

മുന്‍പാപ്പാ ബനഡിക്ടിന്‍റെ 65-ാമത് പൗരോഹിത്യ വാര്‍ഷികം വത്തിക്കാനില്‍ ആഘോഷിക്കും


ദൈവശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യവാര്‍ഷികം  ജൂണ്‍ 29-ാം തിയതിയാണ്.  അന്നേദിവസം  ബുധനാഴ്ച വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ പ്രമാണിച്ച് വത്തിക്കാനില്‍ തിരുക്കര്‍മ്മങ്ങളും മറ്റു പരിപാടികളും ഉള്ളതിനാല്‍ മുന്‍പാപ്പായുടെ പൗരോഹിത്യവാര്‍ഷികം ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ ആചരിക്കും. പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരിക്കും. ജൂണ്‍ 14-ാം  തിയതി ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1951 ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ജര്‍മ്മനിയിലെ ഫ്രൈയിസിങ് കത്തീ‍‍ഡല്‍ ദേവാലയത്തില്‍വച്ചാണ് ജോസഫ്, ജോര്‍ജ്ജ് - റാത്സിങ്കര്‍ സഹോദരങ്ങള്‍ പൗരോഹിത്യം സ്വീകരിച്ചത്. ഇപ്പോള്‍ വിശ്രജീവിതം കഴിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് റാത്സിങ്കര്‍ പാപ്പാ ബെനഡിക്ടിന്‍റെ മൂത്ത സഹോദരനാണ്.

പൗരോഹിത്യ സ്വീകരണകര്‍മ്മത്തിനിടെ തന്‍റെ തലയ്ക്കു മുകളില്‍ ഒരു വാനംപാടിപ്പക്ഷി പറന്നെത്തിയത്, ദൈവം തന്‍റെ എളിയ പൗരോഹിത്യത്തെ അനുഗ്രഹിച്ചതായിരുന്നെന്ന്, പീന്നിട് പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ചുള്ള രചനയില്‍ ജോസഫ് റാത്സിങ്കര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ഓസ്വാള്‍ഡിന്‍റെ മൊണാക്കോയിലെ ഇടവക്കപ്പള്ളിയില്‍  പ്രഥമ ബലിയര്‍പ്പണത്തിന് തിങ്ങിക്കൂടിയ വന്‍ജനാവലിയാണ് കൗദാശികമായ പൗരോഹിത്യത്തിന്‍റെ ആഴവും മഹത്വവും തനിക്ക് മനസ്സാലിക്കിതന്നതെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ പാപ്പാ റാത്സിങ്കര്‍ കോറിയിട്ടിരിക്കുന്നു.

പൗരോഹിത്യ ജൂബിലസ്മാരകമായി ജോസഫ് റാത്സിങ്കറിന്‍റെ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര കൃതിയുടെ 12-ാ വാല്യം (Volume XII of  the Opera Omnia of Joseph Ratzinger) വത്തിക്കാന്‍റെ മുദ്രണാലയം ജൂണ്‍ 28-ന് നടത്ത്പ്പെടാന്‍ പോകുന്ന ചടങ്ങില്‍ പ്രകാശനംചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

പുരോഹിതന്‍, മെത്രാന്‍, ദൈവശാസ്ത്ര പണ്ഡിതന്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ സജീവപങ്കാളി, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, അവസാനം പത്രോസിന്‍റെ 264-ാമത്തെ പിന്‍ഗാമി എന്നിങ്ങനെയാണ് പാപ്പാ ബനഡിക്ടിന്‍റെ അത്യപൂര്‍വ്വവും വിലപ്പെട്ടതും പ്രാര്‍ത്ഥനാപൂര്‍ണ്ണവുമായ സഭാസേവനം 89-ാം വയസ്സിലും പൗരോഹിത്യ ശുശ്രൂഷയുടെ നീണ്ടനാള്‍വഴിയിലൂടെ തുടരുകയാണ്.

“ലോകത്തുള്ളവര്‍ക്ക് ദൈവം തന്നെത്തന്നെ ലഭ്യമാക്കുന്നതിന് എളിയ മനുഷ്യനായെ എന്നെയും തിരഞ്ഞെടുത്തു..!”  - ആര്‍സിലെ വികാരി, വിശുദ്ധ മരിയ ജോണ്‍ വിയാന്നിയുടെ 150-ാം ചരമവാര്‍ഷിക ആചരണത്തില്‍ നല്കിയ സന്ദേശത്തില്‍ പാപ്പാ ബനിഡിക്ട് പങ്കുവച്ച ചിന്തയാണിത്. 2010 ജൂണ്‍ 11-ാ തിയതി.








All the contents on this site are copyrighted ©.