2016-05-30 17:02:00

ബിഷപ്പ് മുരിക്കന്‍റെ വൃക്കദാനം ജൂബിലിവര്‍ഷത്തിലെ വലിയ കാരുണ്യം


ദൈവികകാരുണ്യത്തിന്‍റെ ചിന്തയിലാണ് തന്‍റെ വൃക്ക ദാനംചെയ്യുന്നതെന്ന് പാലാ രൂപതയുടെ സഹായമെത്രാന്‍, ബിഷപ്പ് ജേക്കബ് മാര്‍ മുരിക്കന്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ (ടെലിഫോണ്‍) അഭിമുഖത്തില്‍ പ്രസ്താവിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കലുള്ള ഈശ്വരമംഗലത്ത് സ്വരാജിന് വൃക്ക ആവശ്യമാണെന്ന് കെസിബിസിയുടെ ജീവനുവേണ്ടിയുള്ള കമ്മിഷനില്‍നിന്നും അറിഞ്ഞ അന്നുതന്നെ മടിക്കാതെ തീരുമാനമെടുത്തതായി ബിഷപ്പ് മുരിക്കന്‍ മെയ് 30-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റോഡിയോയെ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തില്‍, ദൈവിക കാരുണ്യത്തോടു പ്രത്യുത്തരിച്ചുകൊണ്ടും, സഹോദരസ്നേഹത്തിലും ജീവനോടുള്ള ആദരവിലുമാണ് ഈ അവയവദാനം സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നതെന്ന് ബിഷപ്പ് മാര്‍ മുരിക്കന്‍ പറഞ്ഞു.  സ്വരാജ് എന്ന സഹോദരന്‍റെ രണ്ടു വൃക്കകളും തകരാറിലാണ്. അയാളുടെ ജീവന്‍ അപകടത്തിലാണെന്ന് അറി‍ഞ്ഞാണ് സഹായിക്കാന്‍ മുന്നോട്ടുചെന്നതെന്ന്. ബിഷപ്പ് മുരിക്കന്‍ പ്രസ്താവിച്ചു.

ഒരു വൃക്ക ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്നും പിന്നെ അദ്ധ്വാനിച്ച് കുടുംബത്തെ നോക്കുന്നതിന് സ്വരാജിന് സാധിക്കുമെന്നും വൈദ്യശാസ്ത്രം വാക്കുനല്കുന്നത് ഏറെ പ്രത്യാശപൂര്‍ണ്ണമാണ്. ലോകത്ത് ഇനിയും വളരേണ്ട ജീവസംസ്ക്കാരത്തിന് മാതൃകയാണ് ബിഷപ്പ് മുരുക്കന്‍റെ ഈ മഹാകാരുണ്യപ്രവൃത്തിയെന്ന് കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍റെ സെക്രട്ടറി, ഫാദര്‍ പോള്‍ മാടശ്ശേരി വത്തിക്കാന്‍ റേഡിയോയോട് പങ്കുവച്ചു.  








All the contents on this site are copyrighted ©.