2016-05-27 20:28:00

ദിവ്യകാരുണ്യം : പങ്കുവയ്ക്കപ്പെടേണ്ട ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യം


പാപ്പാ ഫ്രാന്‍സിസ് മെത്രാനായിരിക്കുന്ന റോമാരൂപത മെയ് 26-ാം തിയതി വ്യാഴാഴ്ച പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാള്‍ ആചരിച്ചു. ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചരിത്ര പുരാതനമായ മെരുലാനാ വീഥിയിലൂടെയുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഒരു കിലാമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലിക്കയിലേയ്ക്കായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്തു. സമാപനമായി പാപ്പാ ഫ്രാന്‍സിസ് ദിവ്യകാരുണ്യാശീര്‍വാദം നല്കി. പാപ്പാ പങ്കുവച്ച ദിവ്യകാരുണ്യപ്രഭാഷണം താഴെ ചേര്‍ക്കുന്നു :

ഇതു നിങ്ങള്എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍! (1കൊറി. 11, 24-25).

കോറിന്തോസിലെ സഭയ്ക്ക് എഴുതുമ്പോള്‍ രണ്ടുതവണ പൗലോശ്ലീഹ ദിവ്യകാരുണ്യ സ്ഥാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ ശ്രേഷ്ഠമുഹൂര്‍ത്തത്തില്‍ ക്രിസ്തു ഉച്ചരിച്ച വാക്കുകളുടെ ഏറ്റവും പഴക്കമുള്ള സാക്ഷ്യം ഇതുതന്നെയാണ്.

  1. ഇതു നിങ്ങള്‍ അനുഷ്ഠിക്കുവിന്‍!

എന്തെല്ലാമാണ് അനുഷ്ഠിക്കേണ്ടത്: അപ്പം എടുക്കുക, വാഴ്ത്തി വിഭജിച്ചു നല്കുക. ചഷകം എടുത്ത് പങ്കുവയ്ക്കുക. സ്വന്തം ശരീരരക്തങ്ങള്‍ പകുത്തുനല്കി സ്ഥാപിച്ച അവസാന പെസഹായുടെ ഓര്‍മ്മയ്ക്കായി എന്നും അത് അനുഷ്ഠിക്കപ്പെടണമെന്ന് ക്രിസ്തു ആഹ്വാനംചെയ്തു. ഈ ചെയ്തി, അല്ലെങ്കില്‍ പരിശുദ്ധ കുര്‍ബാനയുടെ ‘ആചരണം’ ഇന്ന് ക്രൈസ്തവരില്‍ നിക്ഷിപ്തമാണ്. അത് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത് ദൈവാരൂപിയാല്‍ അഭിഷിക്തമായ മനുഷ്യരുടെ എളിയ കരങ്ങളിലാണ്.

  1. ഇതു നിങ്ങളും ചെയ്യുവിന്‍!

പിതാവിന്‍റെ ഹിതമനുസരിച്ച് താന്‍ പിന്നീട് ചെയ്യേണ്ട സുവ്യക്തമായ കാര്യം ചെയ്യുവാന്‍ ശിഷ്യന്മാരോട് ക്രിസ്തു മറ്റൊരവസരത്തില്‍ അവശ്യപ്പെടുന്നുണ്ട്. സുവിശേഷത്തില്‍ നാം വായിക്കുന്നു (ലൂക്ക 9, 13) :  തന്നെ ശ്രവിക്കാന്‍ വന്ന പരിക്ഷീണിതരായ ജനാവലിയെ കണ്ടിട്ട് അവിടുന്നു വിജനപ്രദേശത്തുവച്ച് ശിഷ്യന്മാരോട് പറഞ്ഞു, “നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ എന്തെങ്കിലും കൊടുക്കുക!” ഗലീലിയന്‍ തീരത്തെ തബീഗയില്‍ നടന്ന സംഭവത്തില്‍,  അപ്പം എടുത്ത് വാഴ്ത്തി, വിഭജിച്ച് അയ്യായിരങ്ങളെ പോറ്റിയത് ക്രിസ്തുവാണ്. എന്നാല്‍ തുച്ഛമായ അഞ്ചപ്പവും രണ്ടുമീനും തേടിക്കൊണ്ടുവന്നത് ശിഷ്യന്മാരാണ്. അപ്രകാരം സംഭവിക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചു. വിശക്കുന്ന ജനാവലിയെ പശിയോടെ പറഞ്ഞയക്കുന്നതിനു പകരം, അവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് അവിടുന്ന് തീരുമാനിക്കുകയും ശിഷ്യന്മാരോട് ആവശ്യപ്പെടുകയും ചെയ്തു. കൈവശമുള്ളത് നിസ്സാരമായിരുന്നെങ്കിലും അത് പങ്കുവയ്ക്കാന്‍ തയ്യാറായതാണ് അത്ഭുതത്തിന് വഴിതെളിച്ചത്.  

  1. അനുഷ്ഠാനത്തിലെ അടയാളം:  

വിശുദ്ധമായ കരങ്ങളാല്‍ ക്രിസ്തു വാഴ്ത്തി ആശീര്‍വദിച്ചു നല്കിയ അപ്പക്കഷണങ്ങള്‍ ജനങ്ങള്‍ക്കു പകുത്തുനല്കുന്നത് ശിഷ്യരുടെ ബലഹീനമായ കരങ്ങളാണ്. അവര്‍ക്ക് അതു ‘ചെയ്യാനാകുന്നത്’ ഗുരുവിന്‍റെ സാന്നിദ്ധ്യത്തിലാണ്. അവിടുത്തെ സഹായത്താല്‍ “വിശക്കുന്നവരെ പോറ്റാന്‍ അവര്‍ക്കാകുന്നു!” ഈ അത്ഭുതം ജനങ്ങളുടെ ഒരു ദിവസത്തെ വിശപ്പടക്കുന്ന സംഭവമല്ല. മറിച്ച് മനുഷ്യകുലത്തിന്‍റെ രക്ഷയ്ക്കായി തന്‍റെ ശരീരരക്തങ്ങള്‍ നല്കുന്നതിന്‍റെ പ്രതീകമാണ് (യോഹ. 6, 48-58). ഈ അത്ഭുതം എന്നും നടക്കേണ്ട് രണ്ടു ചെറിയ പ്രവൃത്തികളിലൂടെയാണ്. ആദ്യം നമുക്കു സ്വന്തമായ അപ്പവും മീനും നിസ്സാരമെങ്കിലും അവിടുത്തേയ്ക്കു സമര്‍പ്പിക്കുക. അപ്പോള്‍ സകലര്‍ക്കുമായി പങ്കുവയ്ക്കാന്‍ ക്രിസ്തു അത് നമുക്കായി ഭാഗിച്ചുനല്കും.

  1. ഭാഗിച്ചു നല്കുവിന്‍! :

ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍! എന്ന ക്രിസ്തുവിന്‍റെ വാക്കുകളുടെ അന്തരാര്‍ത്ഥം വെളിപ്പെടുന്ന വാക്കാണ്, മുറിക്കുക! സ്വയാര്‍പ്പണത്തിലൂടെ നമുക്കായ് മുറിക്കപ്പെട്ടവനാണ് അവിടുന്ന്. അതുപോലെ നമ്മോടും അവിടുന്ന് ആവശ്യപ്പെടുന്നു. മറ്റുള്ളവര്‍ക്കായ് മുറിക്കപ്പെടാന്‍, ഭാഗിച്ചു നല്കാന്‍! അപ്പം മുറിക്കലാണ് ക്രിസ്തുവിനെയും അവിടുത്തെ ശിഷ്യരെയും തിരിച്ചറിയുന്ന സവിശേഷമായ അടയാളം. എമാവൂസ് സംഭവം ഇവിടെ അനുസ്മരണീയമാണ്. അപ്പം മുറിക്കവെ ശിഷ്യന്മാര്‍ ഉത്ഥിതനെ തിരിച്ചറിഞ്ഞു (ലൂക്ക 24, 35). ജരൂസലേമിലെ ആദ്യ സഭയെ ഓര്‍ക്കുമ്പോള്‍, അവരും അപ്പം മുറിക്കല്‍ കര്‍മ്മത്തോട് താല്പര്യമുള്ളവര്‍ ആയിരുന്നുവെന്നു കാണാം (അപ്പോ. നടപടി 2, 42). സഭാ ജീവിതത്തിന്‍റെ ക്രമവും കേന്ദ്രവും പരിശുദ്ധ കുര്‍ബാനയാണെന്ന വസ്തുത ആരംഭം മുതലേ സ്പഷ്ടമാണ്. സഭയിലെ വിശുദ്ധാത്മാക്കള്‍, അവര്‍ പ്രശസ്തരായാലും അല്ലെങ്കിലും അവരെ നാം അനുസ്മരിക്കണം. കാരണം, തങ്ങളുടെ സഹോദരങ്ങള്‍ക്ക് ആഹരിക്കാന്‍ എന്തെങ്കിലും നല്കുവാന്‍ അവര്‍ക്കുവേണ്ടി ‘സ്വയം മുറിക്കപ്പെടുകയും സ്വയാര്‍പ്പണംചെയ്യുകയും ചെയ്തവരാണവര്‍’. മക്കള്‍ വളരാനും അവരെ നല്ലവരായി വളര്‍ത്തുവാനുമായി ഭവനങ്ങളില്‍ ഒരുനേരത്തെ അപ്പത്തിനായി കഷ്ടപ്പെടുന്ന എത്രയെത്ര അച്ഛനമ്മമാര്‍! അതുപോലെ പാവങ്ങളുടെയും പരിത്യക്തരുടെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയം അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിന്, ജീവിതങ്ങള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടുള്ള എത്രയോ ക്രൈസ്തവര്‍, എത്രയെത്ര സാധാരണക്കാര്‍! എവിടന്നാണ് ഇതിനുള്ള ശക്തി അവര്‍ക്കു ലഭിക്കുന്നത്? പരിശുദ്ധ കര്‍ബാനയില്‍നിന്നുമാണ്! ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നുമാണ് അവര്‍ക്ക് ശക്തി ലഭിക്കുന്നത്. ക്രിസ്തുവിന്‍റെ വിരുന്നുമേശയില്‍നിന്ന് ഇന്നും അപ്പം മുറിച്ചു ഭക്ഷിക്കുന്നവര്‍ പറയുന്നു, “നിങ്ങളും ഇത് എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍!”           

ക്രിസ്തുവിന്‍റെ സ്നേഹാര്‍ദ്രമായ കല്പനയോട് പ്രത്യുത്തരിക്കാന്‍ പരിശുദ്ധ കുര്‍ബാനയുടെ മഹോത്സവവും അതിന്‍റെ പ്രദക്ഷിണവുമെല്ലാം ഏവരെയും സഹായിക്കട്ടെ! നമ്മുടെ അനുഷ്ഠാനം ക്രിസ്തുവിന്‍റെ ഓര്‍മ്മയാണ്, അവിടുത്തെ അനുസ്മരണമാണ്! വിശക്കുന്നവര്‍ക്ക് ഇന്നും ഭക്ഷണം നല്കുവാനുള്ള അവിടുത്തെ ആഹ്വാനമാണിത്. നമ്മുടെ വിശ്വാസത്തിന്‍റെ പ്രകടമായ പ്രഖ്യാപനവും പ്രഘോഷണവുമാണിത്. എളിയ ജീവിതങ്ങളെ ക്രിസ്തുസ്നേഹത്തിന്‍റെ അടയാളമായി നമ്മുടെ ജീവിതപരിസരങ്ങളില്‍ - ഗ്രാമങ്ങളിലും നഗരങ്ങളിലും, സകല ലോകത്തും അനുഭവവേദ്യമാക്കുന്ന മഹോത്സവമാകട്ടെ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍!  








All the contents on this site are copyrighted ©.