2016-05-25 08:55:00

വീടില്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകരുത് : പാപ്പാ ഫ്രാന്‍സിസ് ഉച്ചകോടിയോട്


ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികളെയും, സംഘാടകരെയും, അത് വിളിച്ചുകൂട്ടിയ ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും, നിരവധിയായ സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ആശംസാസന്ദേശം ആരംഭിച്ചത്. ബാന്‍ കി മൂണ്‍വഴിയാണ് പാപ്പാ ഉച്ചകോടിയെ അഭിസംബോധനചെയ്തത്.

ജനകോടികളുടെ യാതനകളെ ശമിപ്പിക്കുന്ന യഥാര്‍ത്ഥ സംഗമാവട്ടെ പ്രഥമ മാനവിക ഉച്ചകോടി! പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, അതിക്രമങ്ങള്‍, സാമൂഹികസംഘര്‍ഷങ്ങള്‍ എന്നിവയാല്‍ വേദനിക്കുന്നവരുടെ മനുഷ്യന്തസ്സും അവകാശങ്ങളും ലോകത്തിലെവിടെയും മാനിക്കപ്പെടുവാനും, അവരുടെ മാനുഷിക യാതനകള്‍ക്ക് അറുതിവരുത്തുവാനും ആത്മാര്‍ത്ഥവും സത്യസന്ധവുമായ സഹാനുഭാവത്തിലൂടെ ഈ ഉദ്യമത്തിന് സാധിക്കട്ടെ. യാതനകള്‍ അനുഭവിക്കുന്നവരില്‍ ഏറ്റവുമധികം ശോച്യാവസ്ഥയില്‍ കഴിയുന്നത് ദരിദ്രരും ചൂഷിതരുമാണ്. പാപ്പാ സന്ദേശത്തില്‍ ആമുഖമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രതിസന്ധകളില്‍ പ്രതിവിധിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതിനു പിന്നില്‍ വ്യത്യസ്ഥ താല്പര്യങ്ങളാണ്. സാമ്പത്തികവും സൈനികവും ഭൂമിശാസ്ത്രപരവുമായ തന്ത്രങ്ങളും കാരണങ്ങളുമാണ് ജനങ്ങളെയും വ്യക്തികളെയും ഇന്ന് ചിതറിക്കുന്നത്. ഒപ്പം സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും ‘ആള്‍ദൈവങ്ങളും’! കൂടാതെ മാനവികതയുടെ താല്പര്യങ്ങളെ മറികടക്കുന്ന വ്യവസായിക താല്പരങ്ങളും ജനസഞ്ചയങ്ങളുടെ ദുരിതങ്ങളെ അവഗണിക്കുന്ന പ്രവണത വളര്‍ത്തുന്നുണ്ടെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.  അതിനാല്‍ വ്യക്തികളെ ജീവിതപരിസരങ്ങളില്‍ അവരുടെ അന്തസ്സോടും അവകാശങ്ങളോടുംകൂടെ പരിരക്ഷിക്കുവാനും, അവരുടെ ആവശ്യങ്ങളുടെ സമഗ്രതയും സുരക്ഷിതത്ത്വവും പരിഗണിക്കുവാനുമുള്ള നവമായ സമര്‍പ്പണമാണ് ഇന്നിന്‍റെ ആവശ്യം. ദുരിതങ്ങളിലാണെങ്കിലും ജനങ്ങളുടെ സാമൂഹിക സാംസ്ക്കാരിക തനിമയും സ്വാതന്ത്യവും സംരക്ഷിക്കപ്പെടണം. സഹകരണത്തിലൂടെയും സംവാദത്തിലൂടെയും സമാധാനത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് അവര്‍ ഒറ്റപ്പെട്ടു പോകാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്.          

ക്ലേശിക്കുന്നവ്ര്‍ക്കുവേണ്ടിയുള്ള തീരുമാനങ്ങളിലും, അവ പ്രാവര്‍ത്തികമാക്കുന്നതിലുള്ള പരിശ്രമങ്ങളിലും ആരെയും ഒഴിവാക്കുകയോ വിട്ടുപോവുകയോ അരുത്. വ്യക്തിതലത്തിലും സമൂഹികതലത്തിലുമുള്ള കരുത്തും കഴിവുകളും, മുന്‍കൈയ്യെടുക്കലും വൈദഗ്ദ്ധ്യവുമെല്ലാം സ്വാഗതംചെയ്യപ്പെടണം. അവ കോര്‍ത്തിണക്കി മുന്നേറണം. മടിച്ചുനില്ക്കരുത്! നന്മയുടെ പാതയില്‍ പതറരുത്!!

മാനവിക വീക്ഷണത്തിന്‍റെ സാഫല്യം വാക്കുകളില്‍ വ്യക്തമാക്കുകയാണെങ്കില്‍ - ലോകത്ത് വീടില്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകരുത്. സ്വാഗതംചെയ്യപ്പെടാത്ത അഭയാര്‍ത്ഥികള്‍ ഉണ്ടാകരുത്. അന്തസ്സ് മാനിക്കപ്പെടാത്ത ഒരു മനുഷ്യനും ഉണ്ടാകരുത്. പരിചരിക്കപ്പെടാത്ത മുറിവേറ്റവരുമുണ്ടാകരുത്. ശൈശവം അനുഭവിക്കാത്ത കുഞ്ഞങ്ങള്‍ ഉണ്ടാവരുത്. ഭാവിസുരക്ഷയില്ലാത്ത യുവജനങ്ങളുണ്ടാകരുത്. ജീവിതസായന്തനങ്ങളിലെ മുതിര്‍ന്നവര്‍ അന്തസ്സോടെ ജീവിക്കട്ടെ! പാപ്പാ സന്ദേശത്തില്‍ എണ്ണിപ്പറഞ്ഞു.

യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെ, കുടിയേറ്റത്തിന്‍റെയും കുടിയറക്കിലിന്‍റെയും യാതനകളെ  ആവുന്നത്ര ശമിപ്പിക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ള നല്ല അയല്‍ക്കാരുടെ സമാധാനത്തിന്‍റെയും പരസ്പരാദരവിന്‍റെയും, സൗഖ്യദാനത്തിന്‍റെയും ക്ഷമയുടെയും പാതയിലെ‍ ധീരമായ കാല്‍വയ്പുകളെ അംഗീകരികക്കുകയും ആദരിക്കുകയും വേണം. അവരാണ് മാനവികതയുടെ ഇന്നിന്‍റെ സുരക്ഷാസേവകരും രക്ഷാപ്രവര്‍ത്തകരും!

ആശയങ്ങളെയും സംജ്ഞകളെയും താലോലിക്കേണ്ട സമയമല്ലിത്. മനുഷ്യരെയാണ്, വ്യക്തികളെയാണ് നാം സ്നേഹിക്കേണ്ടതും അടിയന്തിരമായി പരിഗണിക്കേണ്ടതും. സ്ത്രീപുരുഷന്മാരോടും, കുട്ടികളോടും, പ്രായമായവരോടും, ജനങ്ങളോടും സമൂഹത്തോടുമുള്ള സ്നേഹത്തില്‍നിന്നും മാത്രമേ സ്വയാര്‍പ്പണം, സ്വപരിത്യാഗം എന്നിവ ഉതിര്‍ക്കൊള്ളുകയുള്ളൂ! നമ്മുടെ ഹൃദയങ്ങള്‍ വേദനിക്കുന്നവരുടെ മുഖച്ഛായയും പ്രതിച്ഛായയുംകൊണ്ടു നിറയട്ടെ!

 ഉച്ചകോടികയില്‍ താന്‍ നിരത്തുന്ന വെല്ലുവിളി പീഡിതരുടെയും അന്യായമായി അനീതിക്ക് ഇരകാളാക്കപ്പെട്ടവരുടെയും കരച്ചില്‍ കേള്‍ക്കണമെന്നതാണ്. അവരില്‍നിന്നും അവരിലൂടെയും മാനവികതയുടെ ധാര്‍മ്മികപാഠം നാം ഇനിയും പഠിക്കേണ്ടതുണ്ട്. നമ്മുടെ ജീവിതശൈലിയിലും, രാഷ്ട്രീയമനഃസ്സാക്ഷിയിലും, സാമ്പത്തിക തിരഞ്ഞെടുപ്പുകളിലും പദ്ധതികളിലും, സാംസ്ക്കാരിക മേല്‍ക്കോയ്മയുടെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ദുഃഖിതരുടെയും പീഡിതരുടേയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതങ്ങള്‍ കൂടുതല്‍ മനുഷ്യത്വമുള്ള മാനവികതയ്ക്ക് പാഠമാവട്ടെ!

പ്രാര്‍ത്ഥന നേരുന്നു!  ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സകലര്‍ക്കും അറിവും കരുത്തും സമാധാനവും നല്കി ദൈവം അനുഗ്രഹിക്കട്ടെയെന്നു ആശംസിക്കുന്നു! ഇങ്ങനെയാണ് മെയ് 22-ാം തിയതി വത്തിക്കാനില്‍നിന്നും പ്രഥമമാനവിക ഉച്ചകോടിക്ക് പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശം ഉപസംഹരിച്ചത്.    








All the contents on this site are copyrighted ©.