2016-05-23 19:33:00

പാപ്പാ ഫ്രാന്‍സിസും അത്-തയീബും : സമാധാനപാതയിലെ ഒരപൂര്‍വ്വകൂടിക്കാഴ്ച


മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാണെന്ന ആശയം വെളിപ്പെടുത്തുന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസും  ആല്‍ അസ്സാര്‍ യൂണീവേഴ്സിറ്റിയുടെ പ്രസിഡന്‍റ് അഹമ്മദ് അത്-തയീബും തമ്മിലുള്ള കൂടിക്കാഴ്ച. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തി. സുന്നി മുസ്ലീങ്ങളുടെ ആഗോള ആത്മീയ നേതാവുകൂടിയാണ് അത്-തീയീബ്. മെയ് 23-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍വച്ചായിരുന്നു. രണ്ടു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

ലോകസമാധാനത്തിന്‍റെ പാതയില്‍ അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും രണ്ടു ആത്മീയ ഗുരുക്കന്മാരും അപലപിച്ചു. മതങ്ങള്‍ തമ്മില്‍ സമാധാനത്തിനായി പരിശ്രമിക്കുന്ന നിലപാടു സ്വീകരിക്കുന്ന ചിന്തകളു പങ്കുവച്ചു. 30 മിനിറ്റിലേറെ നീണ്ട നേര്‍ക്കാഴ്ചയില്‍ ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള സംവാദത്തിന്‍റെ പാതയിലെ നവമായൊരു കാല്‍വയ്പ്പായി ഈ കൂടിക്കാഴ്ചയെ കാണാമെന്നു ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

 അകാരണമായി പീഡിപ്പിക്കപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെക്കുറിച്ചും ചര്‍ച്ചകളില്‍ പരാമര്‍ശമുണ്ടായി. സമാധനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി അത്-തയ്യിബിന് ഒലിവു ശിഖരത്തിന്‍റെ സമാധാന സുവര്‍ണ്ണമുദ്രയും ‘അങ്ങേയ്ക്കു സ്തുതി’ (Laudato Si’) എന്ന പരിസ്ഥിതി സംബന്ധിയായ  ചാക്രികലേഖത്തിന്‍റെ പ്രതിയും പാപ്പാ സമ്മാനിച്ചു. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റുറാനും മഹമ്മദ് അല്‍-തയിബിനൊപ്പം എത്തിയ ഈജിപ്തിലെ ഇസ്ലാമിക പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ഈജിപ്തിന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതി, ഹാതേം എല്‍ നാസറാണ് അല്‍-തയിബിനെയും സംഘത്തെയും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് നയിച്ചത്.

അഹമ്മദ് അത്-തയേബിനെക്കുറിച്ച് :

ഈജിപ്തില്‍ കെയിറോയിലുള്ള അല്‍ അസാര്‍ യൂണിവേഴ്സിറ്റിയുടെ  പ്രഡിസന്‍റാണ് (President of al-Azhar University). ലോകത്തെ സുന്നി മുസ്ലീങ്ങളുടെ സമാരാധ്യ നേതാവായ ഇമാം അഹമ്മദ് അത്- തയേബ്. ഈജിപ്തിലെ വലിയ മഫ്തിയായി സേവനംചെയ്തിട്ടുള്ള അഹമ്മദ്  അല്‍-തയേബ് ഇസ്ലാമിക ലോകത്തെ സമാധത്തിന്‍റെ വക്താവാണ്. ലോക സമാധാനത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രമത്തില്‍ കണ്ണിചേരുന്ന നേര്‍ക്കാഴ്ചയായി വിദഗ്ദ്ധര്‍ വ്യാഖ്യാനിക്കുന്നുണ്ട്.   പാരിസിലെ സെര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നുമാണ് അദ്ദേഹം ഇസ്ലാമിക തത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ ഇസ്ലാമിക യൂണിവേഴ്സിറ്റിയിലും, മറ്റു ഇസ്ലാമിക കേന്ദ്രത്തിലും അദ്ധ്യാപകനായിരുന്നു. ഇസ്ലാമിക സ്വതന്ത്ര രാഷ്ട്രത്തിനായുള്ള നീക്കങ്ങളെയും സര്‍വ്വോപരി ഭീരപ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തിട്ടുള്ള ഇസ്ലാമിക നേതാവാണ്. സ്വഭാവത്തില്‍ത്തന്നെ ഇസ്ലാം കാരുണ്യത്തിന്‍റയും സമാധാനത്തിന്‍റെയും സഹകരണത്തിന്‍റെയും മതമാണെന്നും, ഒപ്പം അതിക്രമങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങളുടെയും മതമാക്കി അതിനെ മാറ്റുന്നതില്‍ ഏറെ പ്രതിഷേധവും വേദനയുമുള്ളതായി അത്-തയേബ് തുറന്ന പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളതാണ്.

ഈജിപ്തിലെ താത്വിക സമൂഹത്തന്‍റെ തലവന്‍, പരമോന്നത കോടതിയുടെ അംഗം, ദേശീയ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സാമൂഹ്യകാര്യങ്ങളില്‍ ഏറെ സ്വാധീനവും പ്രാഗത്ഭ്യവുമുള്ള വ്യക്തിയാണ്. അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിപ്പിച്ച് 4 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ വേണ്ടുവോളം ഈജിപ്തിലെ വിദ്യാഭ്യാസ ശൃംഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ അറിവും പണ്ഡിത്യവും സ്വന്തമായ ധാരാളം രചനകളിലൂടെയും വെളിപ്പെടുത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.