2016-05-19 17:47:00

ആര്‍ത്തി കാട്ടിയ പിശുക്കന്‍റെ ശവമഞ്ചം അടയ്ക്കാന്‍ പറ്റിയില്ലത്രെ! പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം


ന്യായമായ വേദനം നല്കാതിരിക്കുന്ന അനീതി പാപമാണെന്ന് പാപ്പാ ഫ്രാന്‍‍സിസ് ഉദ്ബോധിപ്പിച്ചു.
മെയ് 19-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

എല്ലാം കൂടെക്കൊണ്ടുപോകാനുള്ള ആര്‍ത്തി കാരണം പിശുക്കനായ മനുഷ്യന്‍ മരിച്ചപ്പോള്‍ ശവമഞ്ചം അടയ്ക്കാനായില്ലത്രെ! മൃതസംസ്ക്കാരകര്‍മ്മം അങ്ങനെ അലങ്കോലമായെന്ന്, പിശുക്കന്‍റെ മരണത്തെക്കുറിച്ച് പാപ്പാ നര്‍മ്മരസത്തില്‍ സംസാരിച്ചു. സമ്പത്തൊന്നും നാം കൂടെക്കൊണ്ടുപോകാന്‍ പോകുന്നില്ല! പാപ്പാ സമര്‍ത്ഥിച്ചു.

ജോലിക്കാരെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്ന മനുഷ്യന്‍, രക്തം ഊറ്റിക്കുടിക്കുന്ന അട്ടയെപ്പോലെയാണ്. മനുഷ്യരെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്നവര്‍ക്ക് എതിരെ ഉയര്‍ത്തുന്ന ശക്തമായ പടവാളാണ് ദിവ്യബലിയിലെ ആദ്യവായനയില്‍ വിശുദ്ധ യാക്കോബിന്‍റെ ലേഖനത്തിലെ വചനമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (യാക്കോബ് 5, 1-6). സമ്പത്ത് നല്ലതാണ്. എന്നാല്‍ അത് ശാശ്വതമായ നന്മയല്ല.  ജീവിതത്തില്‍ ‘സമ്പന്നതയുടെ ദൈവശാസ്ത്രം’ രൂപപ്പെടുത്തുന്നത് തെറ്റാണെന്നും, അത് വികലമായ ചിന്താഗതിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സമ്പത്തിനെയും സമ്പന്നരെയും വിമര്‍ശിക്കുകയോ, ആക്രമിക്കയോ അല്ല ലക്ഷ്യം. ദൈവത്തെയും സമ്പത്തിനെയും ഒരുപോലെ സ്നേഹിക്കാനാവില്ലെന്നത് അടിസ്ഥാന നിയമമാണ്. ക്രിസ്തുവിനെ സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ അനുഗമിക്കുന്നതില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്ന ബന്ധനമായി സമ്പത്ത് മാറും. “നിങ്ങളുടെ നിലങ്ങളില്‍നിന്നും വളവു ശേഖരിച്ച് വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലിക്കായി ഇതാ, അവര്‍ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു,” എന്ന യാക്കോശ്ലീഹായുടെ വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു (യാക്കോ. 5, 4). പാവങ്ങളെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്നവര്‍ മനുഷ്യരെ അടിമകളാക്കുന്നു. ഇന്നും ലോകത്തത് സംഭവിക്കുന്നുണ്ട്. ഇന്ന് നാം ജോലിക്ക് ആളെ എടുക്കുന്നത് കരാറും രേഖകളും ഇല്ലാതെയാണ്. അവര്‍ക്ക് ജോലിയുടെ സുരക്ഷയോ, ആരോഗ്യ ക്ഷേമപദ്ധതിയോ, ഇന്‍ഷൂറന്‍സോ ഒന്നുമില്ല. കുറച്ചുനാള്‍ കഴിഞ്ഞ് അവരെ പിരിച്ചുവിടുന്നു. പിന്നെയും ഒരവധികഴിഞ്ഞ് വേണമെങ്കില്‍ വീണ്ടും കരാരുകളൊന്നുമില്ലാതെ തിരിച്ചെടുക്കും! രക്തം കുടിക്കുന്ന അട്ടയുടെ ശീലമാണിതെന്ന് പാപ്പാ കുറ്റപ്പെടുത്തി.  

ചൂഷണം മാരകപാപമാണ്. മാസം 5000 രൂപയ്ക്ക്, പ്രതിദിനം 11 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്ന പെണ്‍കുട്ടിയുടെ കഥ പാപ്പാ അനുസ്മരിച്ചു. മാസത്തെ ശമ്പളം അവള്‍ക്കു കൊടുത്തിട്ട്, “പറ്റില്ലെങ്കില്‍ പൊയ്ക്കൊള്ളാനും…,” മുതലാളി ആജ്ഞാപിച്ചത്രെ! വാക്കുകള്‍ക്ക് വാലുണ്ടെന്ന് പാപ്പാ പറഞ്ഞു. സമ്പന്നര്‍ പിന്നെയും സമ്പത്ത് വാരിക്കൂട്ടുന്നു. അവര്‍ സമ്പത്തില്‍ കൊഴുത്തു തടിക്കുന്നു!  മനുഷ്യരുടെ ഇടയില്‍ അടിമത്വം ഇന്നില്ലെന്നു പറയുമെങ്കിലും, ആധുനികയുഗത്തിന്‍റെ അടിമത്തമാണ് മനുഷ്യക്കടത്ത്. മാനവികതയുടെ നവമായ അടിമത്തമാണത്. നീതിയില്ലാതെ മനുഷ്യര്‍ അദ്ധ്വാനിക്കേണ്ടി വരുന്നു. സമ്പന്നന്‍റെ ഉമ്മറപ്പടി പാവപ്പെട്ടവനായി കൊട്ടിയടയ്ക്കുന്നതു തെറ്റാണ്. പിന്നെ പാവപ്പെട്ടവനെ ചൂഷണംചെയ്ത് സമ്പത്തുണ്ടാക്കുന്നത്, അല്ലെങ്കില്‍ പാവങ്ങളെ പട്ടിണിയിട്ടിട്ട് ഞാന്‍ സുഖമായി കഴിയുന്നത് അതിലേറെ മ്ലേച്ഛമാണെന്നും, അത് മാരകമായ പാപമാണെന്നും പാപ്പാ പ്രസ്താവിച്ചു.

അതിനാല്‍ സുവിശേഷത്തില്‍ ക്രിസ്തു പറയുന്ന ലാളിത്യം നമുക്കിന്ന് ആവശ്യമാണ്.  “എന്‍റെ നാമത്തില്‍ ഒരു പാത്രം വെള്ളം ആര്‍ക്കെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ പ്രതിഫലം ലഭിക്കാതിരിക്കില്ലെന്ന്...” (മാര്‍ക്ക് 9, 41). അത്രത്തോളം കരുണയും പരിഗണനയും സഹോദരങ്ങളോടുള്ളവരായി ജീവിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.