2016-05-17 20:00:00

സഭയെ വികലമാക്കുന്ന അധികാരപ്രമത്തതയും ധനാസക്തിയും


അധികാരപ്രമത്തതയും ധനമോഹവും സഭയെ മലീമസമാക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 17-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

എളിമയുടെയും ശുശ്രൂഷയുടെയും പാഠമാണ് ക്രിസ്തു ശിഷ്ന്മാര്‍ക്കു നല്കിയതെങ്കിലും അവരുടെ വീക്ഷണം അധികാരത്തിന്‍റെയും സമ്പത്തിന്‍റേയുമായി മെല്ലെ മാറി. അതുകൊണ്ടാണ് തങ്ങളില്‍ വലിയവന്‍ ആരാണെന്ന് അവര്‍ പിന്നീട് ആരാഞ്ഞതെന്ന്, സുവിശേഷത്തിലെ സെബദീ പുത്രന്മാരുടെ അഭ്യര്‍ത്ഥനയെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി (മര്‍ക്കോസ് 9, 30-37).

സ്വയാര്‍പ്പണത്തിന്‍റെയും വിനയത്തിന്‍റെയും രക്ഷണീയ പാഠങ്ങള്‍ ക്രിസ്തു പങ്കുയ്ക്കുമ്പോള്‍ സമകാലീന സഭയുടെ വീക്ഷണം വിനാശത്തിന്‍റേതാണെന്നും, എതിര്‍സാക്ഷ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതിമോഹത്തില്‍ ഉയരാനും കയറാനുമുള്ള അധികാര വാഞ്ഛയും, ലൗകായത്വത്തിന്‍റെ പ്രലോഭനങ്ങളും സഭയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.

‘ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും ജീവന്‍ ദാനമായി നില്കുവാനുമാണ്’ മനുഷ്യപുത്രന്‍ വന്നത് (മര്‍ക്കോസ് 10, 45). ശുശ്രൂഷിക്കാന്‍ താല്പര്യമില്ലാതെ, പരദൂഷണം പറയുകയും, മറ്റുള്ളവരെ ദുഷിച്ചുപറയുകയും തേജോവധംചെയ്യുകയും ചെയ്യുന്ന ലോകത്തിന്‍റേതായ രീതികള്‍ ഇന്ന് സഭയെ കാര്‍ന്നു തിന്നുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി (യോക്കോബ്. 4, 1-16). ക്രിസ്തു പകര്‍ന്നു തന്നിട്ടുള്ള വീക്ഷണത്തിനും പ്രബോധനത്തിനും വിരുദ്ധമാണിത്. ലൗകായത്വവും അധികാരഭ്രമവും ആത്മീയതയുടെയും സാഹോദര്യത്തിന്‍റെയും ശത്രുവാണ്. പാപ്പാ ഉദ്ബോധിപ്പിച്ചു.

മനസ്സുകളെ തെളിയിച്ച് ലൗകിക ജീവിതത്തിന്‍റെ കെണിയില്‍നിന്നും സഭയെ മോചിക്കണമേ എന്നു പ്രാര്‍ത്ഥിക്കാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.