2016-04-26 08:29:00

കുട്ടികളുടെ ജൂബിലിനാളിലെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം


ഏപ്രില്‍  24-ാം തിയതി ഞായറാഴ്ച, സഭ ലോകമെമ്പാടും കുട്ടികളുടെ ജൂബിലി ദിനമായി ആചരിച്ചുവല്ലോ.  പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ജൂബിലി അഘോഷിക്കാന്‍  ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ  നാനാഭാഗത്തുനിന്നുമായി  70,000-ത്തോളം കുട്ടികളാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. ഏപ്രില്‍ 23, 24, 25 – ശനി ഞായര്‍ തിങ്കള്‍  മൂന്നു ദിവസങ്ങളിലായിട്ടാണ് കുട്ടികളുടെ ജൂബിലി വത്തിക്കാനില്‍ നടത്തപ്പെട്ടത്.  അതില്‍ ഏറെ ശ്രദ്ധേയമായത് കുട്ടികള്‍ പാപ്പായ്ക്കൊപ്പം  രാവിലെ അര്‍പ്പിച്ച ദിവ്യബലിയായിരുന്നു. ദിവ്യബലിക്കുശേഷം ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനാ സന്ദേശമായിരുന്നു. പാപ്പാ കുട്ടികള്‍ക്കു നല്കിയ ഹ്രസ്വമായ സന്ദേശം താഴെ ചേര്‍ക്കുന്നു:

വിശ്വാസത്തിന്‍റെയും  സാഹോദര്യത്തിന്‍റെയും  ശ്രേഷ്ഠമായ സാക്ഷ്യം പ്രകടമാക്കിക്കൊണ്ടും, അതിന്‍റെ ആവേശതരംഗങ്ങള്‍  ഉയര്‍ത്തിക്കൊണ്ടുമാണ് കുട്ടികള്‍  ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനിലെത്തിയത്.  ജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന  നിങ്ങള്‍  ഇനി ക്രൈസ്തവ ജീവിതത്തിന്‍റെ  തിരിച്ചറിയല്‍  കാര്‍ഡുമായി അഭിമാനത്തോടും സന്തോഷത്തോടുംകൂടെ ജീവിത മേഖലകളിലേയ്ക്ക് തിരിച്ചു പോവുക! ധീരതയോടെ  മുന്നേറുക!  മുന്നോട്ടു പോവുക!

വാഴ്ത്തപ്പെട്ട  പദത്തിലേയ്ക്ക് ശനിയാഴ്ച, ഏപ്രില്‍ 23-ാം തിയതി സഭ ഉയര്‍ത്തിയ  സെപിനിലെ രക്ഷസാക്ഷികളെ - വൈദികനായ ലന്‍റൈന്‍  മര്‍ക്വീനൊയെയും അദ്ദേഹത്തിന്‍റെ നാലു അനുചരന്മാരെയും കുറിച്ച് പാപ്പാ കുട്ടുകളെ അനുസ്മരിപ്പിച്ചു.  അവരുടെ ജീവിതത്തിലെ ക്രൈസ്തവസാക്ഷ്യവും സ്നേഹസമര്‍പ്പണവും മാതൃകയായി പാപ്പാ ചൂണ്ടിക്കാട്ടി.  അതുപോലെ മദ്ധ്യപൂര്‍വ്വദേശത്ത്  പീഡനങ്ങള്‍  അനുഭവിക്കുകയും, ബന്ധനത്തില്‍ കഴിയുകയുംചെയ്യുന്ന ക്രൈസ്തവരെയും,  പിന്നെ ബന്ധികളാക്കപ്പെട്ട  വിവിധ  സഭകളില്‍‍പ്പെട്ട  മെത്രാന്മാര്‍  ഉള്‍പ്പെടെയുള്ളവരെക്കുറിച്ചും പാപ്പാ കുട്ടികളെ അനുസ്മരിപ്പിച്ചു. അവരെ സ്വതന്ത്രമാക്കാന്‍  ബന്ധപ്പെട്ടവരുടെ ഹൃദയങ്ങളെ  ദൈവികകാരുണ്യം  സ്പര്‍ശിക്കട്ടെയെന്ന്  പാപ്പാ കുട്ടികള്‍ക്കൊപ്പം  പ്രാര്‍ത്ഥിച്ചു. കാരുണ്യത്തിന്‍റെ  അമ്മയായ കന്യകാനാഥ ഏവരെയും അനുഗ്രഹിക്കട്ടെ, അമ്മയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം !! തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന്  സ്വര്‍ല്ലോരാജ്ഞിയേ... എന്ന ഗീതം ആലപിച്ചു. പാപ്പാ ഫ്രാന്‍സിസ് ഏവരെയും  ആശീര്‍വ്വദിച്ചു.

ആശീര്‍വ്വാദത്തിനുശേഷം ‘തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍  മറന്നുപോകരുതേ, ‘ എന്നും കുട്ടികളെ പാപ്പാ അനുസമരിപ്പിച്ചു. പിന്നെ ബലിപീഠം ചുംബിച്ചു. എന്നിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വേദി വിട്ടിറങ്ങിയത്. കുട്ടികളുടെ മദ്ധ്യത്തിലൂടെ തുറന്ന ജീപ്പില്‍ മെല്ലെ നീങ്ങിയ പാപ്പായെ അവര്‍ ആവേശത്തെടെ അഭിവാദ്യംചെയ്തശേഷമാണ് വത്തിക്കാനില്‍നിന്നും യാത്രതിരിച്ചത്.








All the contents on this site are copyrighted ©.