2016-04-21 14:11:00

ഭീകരപ്രവര്‍ത്തനങ്ങളെ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചു നേരിടണം : യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി


അന്താരാഷ്ട്രതലത്തില്‍ വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് നേരിടണമെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു. ഏപ്രില്‍ 18-ാം തിയതി തിങ്കളാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാകൗണ്‍സിലിന്‍റെ സമ്മേളനത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങളുടെ സംയുക്തമായ നീക്കം ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാണിച്ചത്.

ആശയപരവും പ്രത്യയശാസ്ത്രപരവുമായ ഭീകരവാദത്തെ സായുധപോരാട്ടത്തില്‍ കീഴടക്കാനാവില്ലെന്നും, ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെ അപലപിക്കുവാന്‍ മതനേതാക്കള്‍ സുതാര്യതയോടും ഒരുമയോടുംകൂടെ സന്നദ്ധരാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അതിക്രമങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കും മതത്തെ മറയായി ഭീകരര്‍ ഉപയോഗിക്കുമ്പോള്‍ മതനേതാക്കളും ഈശ്വരവിശ്വാസികളും നിസ്സംഗരായി നോക്കിനില്ക്കാതെ ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കേണ്ടത് അടിസ്ഥാന നന്മയും സാമൂഹ്യനീതിയുമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മദ്ധ്യപൂര്‍വ്വദേശത്തിനായുള്ള യൂഎന്നിന്‍റെ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍, നിക്കോളെ മ്ലാദനോവ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനുവേണ്ടിയും, പലസ്തീനയുടെ വിമനോചനത്തിനുവേണ്ടിയും പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ അഭ്യര്‍ത്ഥന നടത്തി. നീണ്ടുപോകുന്ന പലസ്തീന-ഇസ്രായേല്‍ പ്രതിസന്ധിയിലെ ഏകപരിഹാരമാര്‍ഗ്ഗം രണ്ടുവ്യത്യസ്ത രാഷ്ട്രങ്ങളുടെ രൂപീകരണത്തിലൂടെ പലസ്തീനയുടെ മോചനമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ തുറന്നു പ്രസ്താവിച്ചു.

 

സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയിലൂടെയല്ലാതെ പലസ്തീന്‍-ഇസ്രായേല്‍ രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടില്ലെന്നും, അതിനാല്‍

സ്വതന്ത്രരാഷ്ട്രത്തിനായുള്ള പലസ്തീനയിലെ ജനങ്ങളുടെ സ്വപ്നം കെടുത്തിക്കളയാതെ, ഇരുരാഷ്ട്രങ്ങള്‍ക്കും അനുയോജ്യമായ ആന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്ന അതിര്‍ത്തികള്‍ സംവാദത്തിലൂടെ കണ്ടെത്തി പലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നം പരിഹരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.