2016-04-21 20:18:00

ചരിത്രബോധമുള്ളവരായി ജീവിക്കാം : പാപ്പായുടെ വചനവിചിന്തനം


അനുദിന ജീവിതത്തില്‍  ദൈവം ചെയ്യുന്ന നന്മകള്‍ കാണുവാനും അംഗീകരിക്കുവാനുമുള്ള വിശ്വാസത്തിന്‍റെ കണ്ണുകള്‍ മനുഷ്യനുണ്ടാകണമെന്നും നന്ദിയുള്ളവരായി ജീവിക്കണമെന്നുമായിരുന്നു പാപ്പായുടെ വചനചിന്തകള്‍. ഏപ്രില്‍ 21-ാം തിയതി വ്യാഴാഴച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അപ്പസ്തോല നടപടിപ്പുസ്തകത്തില്‍നിന്നുമെടുത്ത വായനയില്‍ ഇസ്രായേലിന്‍റെ ചരിത്രത്തില്‍നിന്നും എണ്ണിയെണ്ണിപ്പറയുന്ന ദൈവികനന്മകളെക്കുറിച്ചുള്ള ഭാഗം (നടപടി 13, 13...) ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. അന്തിയോക്യയിലെ സിനഗോഗില്‍ പൗലോസ് അപ്പസ്തോലന്‍ നടത്തിയ പ്രഭാഷണത്തില്‍ പൂര്‍വ്വപിതാവായ അബ്രാഹം മുതല്‍ മോശവരെയും, പിന്നെ ക്രിസ്തുവരെയ്ക്കും പ്രതിപാദിക്കുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രസംഭവങ്ങളിലൂടെ ദൈവികപരിപാലനയുടെ കഥയും ദൈവത്തിന്‍റെ നന്മകളും അനുസ്മരിച്ചുകൊണ്ടുള്ള പ്രബോധനമായിരുന്നു അതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ചരിത്രത്തിലുണ്ടാകുന്ന മനുഷ്യന്‍റെ വീഴ്ചയിലും ഉയര്‍ച്ചയിലുമുള്ള ദൈവത്തിന്‍റെ പതറാത്ത സാന്നിദ്ധ്യമാണ് ആ സംഭവങ്ങളില്‍നിന്നും    ഉതിര്‍ക്കൊള്ളുന്ന ശ്രേഷ്ഠമായ ചിന്തയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു തന്‍റെ സ്വയാര്‍പ്പണത്തില്‍, “ഇതെന്‍റെ ഓര്‍മ്മയ്ക്കായ് നിങ്ങള്‍ ചെയ്യുവിന്‍,” എന്നു പറയുമ്പോള്‍, ദൈവം എപ്രകാരം നമ്മുടെ വ്യക്തിഗതവും സാമൂഹികവുമായ ചരിത്രത്തില്‍ രക്ഷാകരമായി ഇടപെട്ടിട്ടുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് അതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളെക്കുറിച്ചുള്ള ഓര്‍മ്മയോടെ ജീവിക്കണമെന്നുതന്നെയാണ് ക്രിസ്തു അന്ത്യത്താഴവിരുന്നില്‍ ശിഷ്യരോട് ആവശ്യപ്പെട്ടത്. നമ്മോടും ഇന്ന് ആവശ്യപ്പെടുന്നതെന്ന് പാപ്പാ സ്ഥാപിച്ചു.

ബൈബിളിലെ നിയമാവര്‍ത്തന പുസ്തകം ഇസ്രായേലിന്‍റെ ചരിത്രത്തിലെ രക്ഷാകര സംഭവങ്ങളുടെ രേഖീകരണമമാണെന്ന് പാപ്പാ പറഞ്ഞു. അതുപോലെ വ്യക്തിജീവിതത്തിലും ചരിത്രത്തിലും ഏപ്രകാരം ദൈവം നമ്മുടെ ജീവിതവഴികളില്‍ ചരിച്ചുവെന്ന് നാം ഓര്‍ക്കേണ്ടതും രേഖപ്പെടുത്തേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു....








All the contents on this site are copyrighted ©.