2016-04-20 11:58:00

സമ്മതിദാനാവകാശങ്ങള്‍ ഉപയോഗപ്പെടുത്തണം അക്രമരാഷ്ട്രീയത്തെ എതിര്‍ക്കണം


സര്‍വ്വാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും ഒഴിവാക്കണമെന്ന്, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് വിശ്വാസികളോട് ആഹ്വാനംചെയ്തു.  ആസന്നമാകുന്ന നിയമസഭാ തിരിഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 19-ാം തിയതി ചൊവ്വാഴ്ച കൊച്ചിയിലെ പിഒസി, സഭാസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലൂടെയാണ് മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ഇങ്ങനെ ആഹ്വാനംചെയ്തത്.

സാമൂദായിക വികാരങ്ങള്‍ ഉണര്‍ത്തിവിട്ട് മതങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഭാരതത്തിന്‍റെ മത-സാംസ്ക്കാരിക വൈവിധ്യങ്ങള്‍ സമൂഹത്തിന്‍റെ അന്തര്‍ധാരയാണ് എന്ന സത്യം ഇതുവഴി അവഗണിക്കപ്പെടുകയാണ്.  മതങ്ങള്‍ തമ്മിലുള്ള സമഭാവനയുടെ സംസ്കൃതി നശിപ്പിക്കുന്നൊരു ശൈലിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാം എന്നു ചിന്തിക്കുന്ന നേതാക്കള്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേരളസഭയ്ക്കുവേണ്ടി തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്ലീമിസ് താക്കീതു നല്കി.

സംഭാഷണത്തിന്‍റെയും സംവാദത്തിന്‍റെയും സംസ്ക്കാരം പരിപോഷിപ്പിക്കുകയും, സമൂഹത്തില്‍ മതങ്ങള്‍ തമ്മിലും, വിവിധ സമുദായങ്ങള്‍ക്കിടയിലും വിദ്വേഷത്തിന്‍റെയല്ല, മതസൗഹൃദത്തിന്‍റെ നയം സ്വീകരിക്കുന്ന നേതൃത്വമാണ് കേരളക്കരയിക്ക് ഇന്ന് ആവശ്യമെന്ന്, ഇപ്പോള്‍ ദേശീയ മെത്രാന്‍സിമിതിയുടെ പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു.

കേരളത്തിലെ സമൂഹിക സാംസ്ക്കാരിക മേഖലകളിലെ ആവശ്യങ്ങളോട് എന്നും സജീവമായും ക്രിയാത്മകമായും സഭ പ്രതികരിച്ചിട്ടുള്ളതാണ്. അതിനാല്‍ നാടിന്‍റെ ഐക്യദാര്‍ഢ്യവും മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന രീതികളെയും നേതാക്കളെയും സമ്മതിദാനാവകാശങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് എതിര്‍ക്കണമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.

മതസമഭാവനപോലെ തന്നെ വികസനത്തിന്‍റെ മേഖലയില്‍ സമഗ്രതയും സുതാര്യതയുമുള്ള നേതൃത്വത്തിനും, വിശിഷ്യാ സമൂഹത്തിന്‍റെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്നവരെ കണ്ടെത്താന്‍ ഈ തിരഞ്ഞെടുപ്പില്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

 








All the contents on this site are copyrighted ©.