2016-04-04 19:20:00

ആശയവിനിമയത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഫലവത്തായ സങ്കലനം


2016-ാമാണ്ടിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകമാധ്യമദിന സന്ദേശം :

World Communications Day Message of Pope Francis for the year 2016.

  1. സത്തയില്‍ കരുണയുള്ള സ്നേഹമാണ് ആശയവിനിമയം

ആശയവിനിമയവും കാരുണ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ വിശുദ്ധവത്സരത്തില്‍ എല്ലാവരെയും ക്ഷണിക്കുന്നു. കരുണ്യവാനായ പിതാവിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്ന സഭ വാക്കിലും പ്രവൃത്തിയിലും കാരുണ്യം മുഖമുദ്രയാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. എന്തു പറഞ്ഞാലും, എങ്ങനെ പറഞ്ഞാലും വാക്കാലും പ്രവൃത്തിയാലും ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും ക്ഷമയുമാണ് നാം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത്.  സ്നേഹം അന്തഃസത്തയില്‍ ആശയവിനിമയം തന്നെയാണ്. അതു നമ്മെ സൗഹൃദത്തിലേയ്ക്കും പങ്കുവയ്ക്കലിലേയ്ക്കും നയിക്കും. നമ്മുടെ ചിന്തയും പ്രവൃത്തികളും സ്നേഹത്തില്‍ ഉളവാകുന്നുവെങ്കില്‍ പിന്നെ ആശയവിനിമയം ദൈവിക ശക്തിയുള്ളതായിത്തീരുന്നു.

ദൈവമക്കളെന്ന നിലയില്‍ നാം ആരെയും ഒഴിവാക്കാതെ, സകലരുമായും ഇടപഴകുവാനും ആശയവിനിമയംചെയ്യുവാനും വിളിക്കപ്പെട്ടിരിക്കുന്നു. പിതാവ് ക്രിസ്തുവിനെ ഭരമേല്പിച്ച ജീവന്‍റെ പൂര്‍ണ്ണതയിലേയ്ക്കുള്ള യാത്രയില്‍ ജനങ്ങളെ സ്നേഹമയരാക്കുവാനും അവരെ തുണയ്ക്കുവാനും സഭയുടെ എല്ലാ പ്രബോധനങ്ങളും പദ്ധതികളും കാരുണ്യ പൂര്‍ണ്ണമാകേണ്ടതാണ്.  അതിനാല്‍ നാം സഭാമാതാവിന്‍റെ വാത്സല്യം  ഉള്‍ക്കൊള്ളുകയും അത് മാറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുമാണ്, അങ്ങനെ ക്രിസ്തു എവിടെയും അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ!  വിശ്വാസപ്രഘോഷണത്തിന് ഉള്‍ക്കാമ്പു പകരുന്നത് കരുണയുള്ള സ്നേഹമാണ്. പിന്നെ അത് ജീവിതസാക്ഷ്യത്തെയും പ്രബോധനങ്ങളെയും ‘പ്രകാശമാനമാക്കുകയും’ ജീവസ്സുറ്റതാക്കുകയുംചെയ്യുന്നു.

 

  1. കരുണയുള്ള വാക്കുകള്‍ നല്ല ആശയവിനിമയത്തിന് അടിസ്ഥാനം

അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര സുഗമമാക്കുന്ന പാലംപോലെ കൂട്ടിയിണക്കുവാനും ഉള്‍ക്കൊള്ളുവാനും, അങ്ങനെ സമൂഹത്തെ സമ്പന്നമാക്കുവാനും ആശയവിനിമയത്തിന് കരുത്തുണ്ട്. സമാധാനവും സാഹോദര്യവും വളര്‍ത്തുംവിധം തെറ്റിദ്ധാരണകള്‍ ഒഴിവാക്കുവാനും, മുറിപ്പെട്ട ഓര്‍മ്മകള്‍ മായിച്ചുകളയുവാനും വ്യക്തികള്‍  തങ്ങളുടെ വാക്കുകളെയും പ്രവൃത്തികളെയും ശ്രദ്ധാപൂര്‍വ്വം പുനഃക്രമീകരിക്കേണ്ടതുണ്ട്. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്ക്കാരങ്ങളെയും തമ്മില്‍ കൂട്ടിയിണക്കുന്ന സൗഹൃദത്തിന്‍റെ പാലം പണിയുന്നത് ശരീരത്തിന്‍റെ ഭാഷയിലൂടെയുള്ള ആശയവിനിമയമാണ്. സാമൂഹിക ജീവിതമേഖലയിലും സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ സാങ്കേതികതയുടെ ലോകത്തും ഒരുപോലെ വാക്കുകളാണ് ആശയവിനിമയത്തിന് അടിസ്ഥാനം.  വ്യക്തികളിലും സമൂഹങ്ങളിലും വിദ്വേഷം പടര്‍ത്തുന്ന വെറുപ്പിന്‍റെയും വൈരാഗ്യത്തിന്‍റെയും ദൂഷിത വലയത്തില്‍നിന്നും പുറത്തുകടക്കാന്‍ സഹായകമാകണം നമ്മുടെ വാക്കുകളും പ്രവൃത്തികളും. തിന്മയെ ശക്തമായി ചെറുക്കുമ്പോഴും ബന്ധങ്ങളുടെയും ആശയവിനിമയത്തിന്‍റെയും കണ്ണികള്‍ മുറിഞ്ഞുപോകാത്ത വിധത്തില്‍ വാക്കുകള്‍ പ്രോത്സാഹന ജനകവും കൂട്ടായ്മ വളര്‍ത്തുന്നതുമായിരിക്കണം.

അതിനാല്‍, മുറിപ്പെട്ട ബന്ധങ്ങളെ കൂട്ടിയിണക്കുവാനും, സമൂഹങ്ങളിലും കുടുംബങ്ങളിലും സമാധാനവും ഐക്യവും പുനര്‍സ്ഥാപിക്കുവാനുമുള്ള കാരുണ്യത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുന്നതിന് സന്മനസ്സുള്ള സകലരെയും ഞാന്‍ ക്ഷണിക്കുന്നു.  സംവാദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതയില്‍ തടസ്സമായി നില്ക്കുന്ന വിവിധങ്ങളായ പഴയ മുറിപ്പാടുകളും ബാക്കിനില്ക്കുന്ന വെറുപ്പുമെല്ലാം നമുക്കു നന്നായറിയാം.  ഇതുതന്നെയാണ് രാഷ്ട്രങ്ങളും ജനതകളും തമ്മിലുള്ള ബന്ധങ്ങളിലും മാനിക്കേണ്ടത്.  സംവാദത്തിന്‍റെയും സംഭാഷണത്തിന്‍റെയും മേഖലയില്‍, നവമായ രീതികള്‍ തുറക്കാന്‍ കാരുണ്യത്തിനു കരുത്തുണ്ടെന്നോര്‍ക്കണം.  ഷെക്സ്പിയറിന്‍റെ കാരുണ്യവീക്ഷണം ഇവിടെ പ്രസക്തമാണ്. “കാരുണ്യത്തിന്‍റെ മാറ്റ് ഒരിക്കലും കുറയ്ക്കാനാവില്ല. അത് അനുഗ്രഹപ്പൂമഴപോലെ നമ്മിലേയ്ക്ക് വര്‍ഷിക്കപ്പെടുന്നു. അത് നല്കുന്നവരും സ്വീകരിക്കുന്നവരും ഒരുപോലെ അനുഗൃഹീതരാണ്” (വെനീസിലെ വ്യാപാരി, ഭാഗം നാല്, രംഗം ഒന്ന്).

 

  1. സാമൂഹിക സംവാദത്തെ കരുപ്പിടിപ്പിക്കേണ്ട കാരുണ്യം

പ്രത്യാശ കൈവെടിയാതെ രാഷ്ട്രീയവും നയതന്ത്രപരവുമായ നമ്മുടെ ഇടപെടലുകള്‍ കാരുണ്യത്താല്‍ പ്രചോദിതമാക്കേണ്ടതാണ്.  രാഷ്ട്രീയ നേതാക്കളും സാമൂഹിക അധികാരികളും പൊതുമേഖലയുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവരും അഭിപ്രായരൂപീകരണം നടത്തുന്നവരും, തങ്ങളില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവരെക്കുറിച്ചും, തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ അവിശ്വാസത്തിന്‍റെയും, ഭീതിയുടെയും വെറുപ്പിന്‍റെയും തീപ്പൊരികള്‍                                             ആളിക്കത്തിക്കുന്ന,  പ്രത്യക്ഷത്തില്‍ നിര്‍ദോഷമായ പ്രലോഭനങ്ങള്‍ക്ക് നാം എളുപ്പം കീഴ്പ്പെട്ടുപോകുവാന്‍ ഇടയുണ്ട്.  എന്നാല്‍ അനുരജ്ഞനത്തിന്‍റെ പാതയിലേയ്ക്കു ജനങ്ങളെ നയിക്കാന്‍ ആത്മവിശ്വാസവും ധൈര്യവും ആവശ്യമുണ്ട്.  പഴയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും സ്ഥായിയായ സമാധാനത്തിന്‍റെ വഴികള്‍ തുറക്കുവാനും സഹായകമാകുന്നത് ശുഭാപ്തിവിശ്വാസമുള്ളതും അസന്നിഗ്ദ്ധവും ക്രിയാത്മകവുമായ ആത്മവിശ്വാസമാണ്. സമാധാനപാലകര്‍ അനുഗൃഹീതരാണ്, എന്തെന്നാല്‍ അവര്‍ ദൈവമക്കളെന്നു വിളിക്കപ്പെടും (മത്തായി 5, 7-9).

 

  1. ജീവിതവ്യഥകളെ ലഘൂകരിക്കുന്ന കാരുണ്യഭാഷണം

 പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെന്നോ പരിത്യജിക്കപ്പെട്ടവരെന്നോ ലോകം പരിഗണിക്കുന്നവരെയും, ശത്രുക്കളായി കരുതുന്നവരെയും തരംതാഴ്ത്തുന്ന വിജയത്തിന്‍റെയോ അഹങ്കാരത്തിന്‍റെയോ മനോഭാവം അജപാലനശുശ്രൂഷയുടെയോ സംവാദത്തിന്‍റെയോ മേഖലയിലുള്ളവരെ തൊട്ടുതീണ്ടാതിരിക്കട്ടെ.  വിധിയുടെ നിയോഗത്താല്‍ ജീവിതത്തില്‍ അവഗണനയും നിസ്സംഗതയും അനുഭവിക്കുന്നവരുടെ ജീവിതവ്യഥകള്‍ ലഘൂകരിച്ച് സമാശ്വാസം പകരാന്‍ കാരുണ്യത്തിനു കരുത്തുണ്ട്.  മനുഷ്യരെ നീതിമാന്മാരെന്നും പാപികളെന്നും മുദ്രയടിച്ചു കാണുന്ന സങ്കുചിത മനഃസ്ഥിതി മാറ്റിയെടുക്കാന്‍ കാരുണ്യത്തിന്‍റെ സംവേദനശൈലി നമ്മെ സഹായിക്കേണ്ടതാണ്.

അക്രമം, അഴിമതി, ചൂഷണം എന്നീ തിന്മകളെ ഇല്ലായ്മചെയ്യാന്‍ നാം ബാധ്യസ്ഥരാണെങ്കിലും ഈ മേഖലയില്‍ ജീവിക്കുന്ന വ്യക്തികളെ വിധിക്കാന്‍ നമുക്കാവില്ല, കാരണം ദൈവമാണ് അവരുടെ ഹൃദയാന്തരാളങ്ങളെ അറിയുന്നത്. തെറ്റുചെയ്തവരെ തിരുത്തുവാനും, ചൂഷിതരെ മോചിപ്പിക്കുവാനും, അനീതിയുടെയും തിന്മയുടെയും മാര്‍ഗ്ഗങ്ങളില്‍ ചരിക്കുന്നവരെ ക്ഷമയോടെ ഉപദേശിക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. സത്യം നമ്മെ സ്വതന്ത്രരാക്കുമെന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നു (യോഹ. 8, 32). സ്നേഹത്തോടെ സത്യം പറയേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്ന് പൗലോസ് അപ്പസ്തോലനും ആഹ്വാനംചെയ്യുന്നു (എഫേസി. 4, 15).   പാപികളുടെ ഹൃദയങ്ങളെ തൊട്ടറിയുവാനും, അവരില്‍ മാറ്റുമുണ്ടാക്കുവാനും നമ്മുടെ സ്നേഹമസൃണമായ വാക്കുകളില്‍ എപ്പോഴും എളിമയും കാരുണ്യവും ഉണ്ടായിരിക്കണം.  മാനസാന്തരത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും വഴികളിലേയ്ക്കു കൈപിടിച്ചു നടത്തേണ്ടവരെ പരുഷമായും സന്മാര്‍ഗ്ഗോപദേശിയുടെ വാക്കുകളാലും അഭിസംബോധനചെയ്താല്‍ അവരെ നാം പിന്നെയും അകറ്റുകയും വെറുപ്പിക്കുകയും ചെയ്യും.

 

  1. സമൂഹം കാരുണ്യത്തിന്‍റെ ‘തറവാടാ’കണം

സമൂഹത്തെക്കുറിച്ചുള്ള കാരുണ്യത്തിലധിഷ്ഠിതമായ വീക്ഷണം വെറും ആദര്‍ശപരമാണെന്നും, അത് കുത്തഴിഞ്ഞ സമൂഹം വളര്‍ത്തുമെന്നും ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. നമ്മുടെ കുടുംബങ്ങളിലെ പരസ്പരബന്ധത്തിന്‍റെ ആദ്യാനുഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നത് നന്നായിരിക്കും. അവിടെ മാതാപിതാക്കള്‍ മക്കളെ സ്നേഹിക്കുകയും, കഴിവുകളോ നേട്ടങ്ങളോ എന്തെന്നു നോക്കാതെ വിലമതിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കുട്ടികളില്‍നിന്നും എപ്പോഴും ഏറ്റവും നല്ലത് പ്രതീക്ഷിക്കുമെങ്കിലും, അവര്‍ മക്കളോടു കാണിക്കുന്ന സ്നേഹം വ്യവസ്ഥകള്‍ ഒന്നുമില്ലാത്തതാണ്.

നാം എപ്പോഴും സ്വീകരിക്കപ്പെടുന്ന വേദിയാണ് കുടുംബം (ലൂക്ക 15, 11-32).  അതുപോലെ അപരിചിതര്‍ മത്സരിക്കുകയും എല്ലാം കയ്യടക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന മത്സരവേദിയായി സമൂഹത്തെ കാണാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ വ്യാപ്തിയുള്ള കുടുംബവും തറവാടുമായി അതിനെ കാണേണ്ടതാണ്.

 

  1. കാരുണ്യത്തോടെ അപരനെ ശ്രവിക്കുമെങ്കില്‍...

ഇതു സംഭവിക്കണമെങ്കില്‍ നാം ആദ്യം തുറവുള്ളവരായിരിക്കുകയും, മറ്റുള്ളവരെ കാതോര്‍ക്കുവാന്‍ സന്നദ്ധരായിരിക്കുകയും വേണം.  ആശയവിനിമയം പങ്കുവയ്ക്കലാകണമെങ്കില്‍ അപരനെ ശ്രവിക്കുവാനും സ്വീകരിക്കുവാനുമുള്ള സന്നദ്ധത നാം പ്രകടമാക്കണം. മറ്റുള്ളവരെ ശ്രവിക്കുന്നത് പേരിനുമാത്രവും അല്ലെങ്കില്‍ പുറംമോടിക്കുമായുള്ള പ്രവൃത്തിയല്ല. ‘കേള്‍ക്കുക’ എന്നാല്‍ അറിവു സമ്പാദിക്കുന്ന പ്രക്രിയയാണ്. അത് ആശയവിനിമയമാണ്. അത് അടുപ്പവും കൂടുതല്‍ ശ്രദ്ധയും ആവശ്യപ്പെടുന്ന പ്രക്രിയയുമാണ്. കാര്യങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളാന്‍ നമ്മെ സഹായിക്കുന്നത് ശ്രദ്ധയാണ്. ആത്മാര്‍ത്ഥമായി കേള്‍ക്കുന്ന പ്രക്രിയയില്‍ നമുക്ക് നിഷ്ക്രിയരായ കാണികളെപ്പോലെയോ, ഉപയോഗിക്കുന്നവരും വില്ക്കുന്നവരും ഇടപെടുന്നതുപോലയോ നില്ക്കാനാവില്ല. കാതോര്‍ക്കുന്നതിന്‍റെ പ്രക്രിയയില്‍ നാം ചോദ്യങ്ങള്‍ ചോദിക്കുകയും, സഹയാത്രികരെപ്പോലെ ഒരുമിച്ചു മുന്നേറുകയും, മേല്‍ക്കോയ്മയുടെ മനോഭാവം വെടിഞ്ഞ് കഴിവും കരുത്തും പൊതുനന്മയ്ക്കായി ഉപയോഗിക്കുകയുമാണു വേണ്ടത്.   മറ്റുള്ളവരെ കേള്‍ക്കുക അത്ര സഹിക്കാവുന്ന കാര്യമല്ല.  മറിച്ച്, ബധിരത നടിക്കുവാന്‍ എളുപ്പമാണ്. മറ്റൊരാള്‍ പറയുന്നത് ശ്രദ്ധിക്കുന്നതും, മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും, അതിനെ ആദരിക്കുന്നതും, അതിനെക്കുറിച്ച് ചിന്തിക്കുന്നതുമാണ് യഥാര്‍ത്ഥമായ ശ്രവണശേഷി. 

നിന്നിടം വിശുദ്ധമാണെന്നും, തന്നോടു സംസാരിച്ചത് ദൈവമാണെന്നും മനസ്സിലാക്കി, സീനായിലെ ദിവ്യാഗ്നിക്കു മുന്നില്‍നിന്ന മോശ ഉടനെ പാദരക്ഷകള്‍ അഴിച്ചുമാറ്റി സംവദിച്ചതുപ്പോലെ, സ്വയാര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും വിശാലമായ മനഃസ്ഥിതിയുണ്ടെങ്കിലേ അപരനെ ശ്രവിക്കാനാവൂ (പുറപ്പാട് 3, 5).  ശരിയായി ശ്രവിക്കുന്നതിനും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും നമുക്ക് ദൈവകൃപ ആവശ്യമാണ്. അതിനായി നാം എന്നും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം.

  1. അദൃശ്യരായ അയല്‍ക്കാരുള്ള ഡിജിറ്റല്‍ ലോകത്തും കരുണ വേണം

ഇ-മെയില്‍, മാധ്യമവലയങ്ങള്‍, വിദൂര തല്‍ക്ഷണ സംയമനങ്ങള്‍ എന്നിവ ഈ കാലഘട്ടത്തിന്‍റെ  രീതിളാണ്. സാങ്കേതികതയല്ല ആശയവിനിമയത്തിന്‍റെ ആധികാരികതയും മേന്മയും നിര്‍ണ്ണയിക്കുന്നത്, മറിച്ച് ഉള്ളടക്കമാണ്. മനുഷ്യമനസ്സാണ് മാധ്യമങ്ങളെ വിവേചനത്തോടെയും ക്രിയാത്മകമായും ഉപയോഗിക്കുവാനുള്ള കരുത്തു നല്കുന്നത്.  ബന്ധങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹിക നന്മ വളര്‍ത്തുവാന്‍ നവമാധ്യമ ശൃംഖലകള്‍ നമ്മെ സഹായിക്കുന്നതുപോലെ തന്നെ, വ്യക്തികളെയും സമൂഹങ്ങളെയും തമ്മില്‍ അകറ്റുവാനും വിഭാഗീയത വളര്‍ത്തുവാനും അവയ്ക്ക് സാധിക്കും.  അന്യോന്യം പ്രോത്സാഹിപ്പിക്കുകയോ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകളില്‍ വ്യാപൃതരാക്കുകയോ, അല്ലെങ്കില്‍ തരംതാഴ്ത്തുകയോ ആക്രമിക്കുകയോ ചെയ്യാവുന്ന പൊതുവേദിയും സമന്വയവേദിയുമാണ് ഡിജിറ്റല്‍ ലോകം. സംവാദത്തിന്‍റെ പാതയില്‍ തീക്ഷ്ണമായി വളരുവാനും, പരസ്പരം മനസ്സിലാക്കുവാനും, അനാദരവിന്‍റെ അടഞ്ഞ മനഃസ്ഥിതി മാറ്റിയെടുക്കുവാനും, കാരുണ്യത്തോടും പരസ്പര ആദരവോടുംകൂടെ ജീവിക്കുവാനുമുള്ള തുറവ്  ഈ ജൂബിലിവര്‍ഷത്തില്‍ ഏവര്‍ക്കും ഉണ്‌‌ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു (Misericordiae Vultus, 23).  നല്ല മനുഷ്യരായി ജീവിക്കാന്‍ സഹായിക്കുന്നതിന് ഇന്‍റെര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് കരുത്തുണ്ട്.

ഡിജിറ്റല്‍ ശൃംഖലയുടെ ലോകത്ത് കണ്ണിചേരുന്ന അയല്‍ക്കാര്‍ അദൃശ്യരാണെങ്കിലും അവരു‌ടെ അന്തസ്സ് നാം മാനിക്കേണ്ടതാണ്. സമഗ്രവും ആരോഗ്യപൂര്‍ണ്ണവും സുതാര്യവുമായ സമൂഹം വളര്‍ത്തിയെടുക്കുന്നതിന് ഇന്‍റെര്‍നെറ്റ് സൗകര്യങ്ങള്‍ വിവേചനത്തോടെ നാം ഉപയോഗിക്കേണ്ടതാണ്.  യഥാര്‍ത്ഥമായ ആശയവിനിമയം എവിടെ എപ്പോള്‍ നടക്കുന്നുവോ, മനുഷ്യന്‍റെ ജീവിത ചക്രവാളത്തെ അത് അനന്തമാക്കുന്നു. എന്നാല്‍ വലിയ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന ദൈവത്തിന്‍റെ വരദാനമാണിത്.  ആശയവിനിമയത്തിന്‍റെ ഈ ശക്തിയെ ഇഴുകിച്ചേരല്‍  എന്നു വിശേഷിപ്പിക്കാം.

ആശയവിനിമയത്തിന്‍റെയും കാരുണ്യത്തിന്‍റെയും കൂട്ടുചേരല്‍ ഫലദായകമാകുന്നത് മനുഷ്യര്‍ പരിഗണിക്കപ്പെടുകയും, സമാശ്വസിപ്പിക്കപ്പെടുകയും, പുനരധിവസിക്കപ്പെടുകയും, പിന്‍തുണയ്ക്കപ്പെടുകയും, അവര്‍ക്ക് അത് സന്തോഷം പകരുന്ന ശ്രേഷ്ഠമായ സാമീപ്യമാകുമ്പോഴുമാണ്. അതിനാല്‍ വ്രണിതമായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് കരുണയോടെ, എല്ലാവരും ദൈവമക്കളാണെന്ന ബോധ്യത്തോടെ, സ്വതന്ത്രവും കരുണാമയവുമായ സമീപനത്തിലൂടെ സാഹോദര്യം വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം.








All the contents on this site are copyrighted ©.