2016-03-15 17:37:00

പാവങ്ങളുടെ അമ്മ വിശുദ്ധപദത്തിലേക്ക് സെപ്തംബര്‍ നാലിന്


ആഗോളസഭയിലെ‍ അഞ്ചു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദ പ്രഖ്യാപനം ജൂബിലിവത്സരത്തില്‍ നടക്കും. സ്ഥലം ഇനിയും വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ Consistory Hall-ല്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പം സമ്മേളിച്ച കര്‍ദ്ദിനാള്‍ സംഘമാണ് തിയതികള്‍ നിശ്ചയിച്ചത്.

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ – സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച.

വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവുസ്-ജോണ്‍ പാസിന്‍സ്ക്കി, മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ് എന്നവരുടെ വിശുദ്ധപദപ്രഖ്യാപനം ജൂണ്‍ 5-ാം തിയതി ഞായറാഴ്ച.

വാഴ്ത്തപ്പെട്ട ജോസഫ് സാഞ്ചസ് ദെല്‍ റിയോ, വാഴ്ത്തപ്പെട്ട ജോസഫ് ഗബ്രിയേല്‍ ദെല്‍ റൊസാരിയോ ബ്രൊചേരോ എന്നീ രണ്ടു ലാറ്റിനമേരിക്കന്‍ പുണ്യാത്മാക്കളുടെ വിശുദ്ധപദ പ്രഖ്യാപനം ഒക്ട്ബോര്‍ 16-ാം തിയതി ഞായറാഴ്ച.

  1. കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസാ  (1910-1997)

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച നടത്തപ്പെടും. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘം തിയതി പ്രഖ്യാപിച്ചു.  

കിഴക്കന്‍ യൂറോപ്പിലെ അല്‍ബേനിയയിലെ സ്കോപ്ജെ നഗരത്തില്‍ ജനച്ചി ആഗ്നസ് ഗോണ്‍ഷോ ബോണ്‍ഷ്വായാണ് ഇന്ന് ലോകം ‘പാവങ്ങളുടെ അമ്മ? എന്ന അപരനാമത്തില്‍ വിളിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസാ. 1929-ല്‍ മിഷണറിയും അദ്ധ്യാപികയുമായി ഇന്ത്യയിലെ കല്‍ക്കട്ടയിലെത്തിയ സിസ്റ്റര്‍ തെരേസാ തന്‍റെ വിളി ആഗതികളും പാവങ്ങളുമായവരുടെ പരിചരമാണെന്ന് കണ്ടെത്തിയത് ആത്മീയ വിപ്ലവമായി. തുടര്‍ന്ന് കല്‍ക്കട്ടയുടെ തെരുവുകളിലേയ്ക്ക് പാവങ്ങളുടെ ആതുരശുശ്രൂഷയ്ക്കായി ഇറങ്ങിയ സിസ്റ്റ‍ തെരേസാ പാവപ്പെട്ടവര്‍ക്ക്, വിശിഷ്യ തെരുവില്‍ എറിയപ്പെട്ട കൈക്കുഞ്ഞുങ്ങള്‍ക്ക് അമ്മയായി.

തന്‍റെ പ്രേഷിതദൗത്യത്തെ തുണയ്ക്കാന്‍ ആരംഭിച്ച സഹോദരി സമൂഹം ‘മിഷണറീസ് ഓഫ് ചാരിറ്റി’ (Missionaries of Charity) സന്ന്യാസ സമൂഹമായി വളര്‍ന്നതോടെ മദര്‍ തെരേസായുടെ പ്രേഷിതദര്‍ശനത്തിന് ആഗോളവ്യാപ്തിയും അംഗീകാരവും ലഭിച്ചു. ആതുരശുശ്രൂഷയുടെ മേഖലയില്‍ ആധുനികയുഗത്തില്‍ മദര്‍ തെരേസാ ആത്മീയതയുടെ നവതരംഗം ഉയര്‍ത്തി. കല്‍ക്കട്ടിയിലെ കാളിഘട്ടില്‍ മുളച്ചുവളര്‍ന്ന സാന്ത്വനത്തിന്‍റെ ആല്‍വൃക്ഷം വളര്‍ന്നു പന്തലിച്ച് ലോകമെമ്പാടും പാവങ്ങളും പരിത്യക്തരുമായവര്‍ക്ക് സ്നേഹശുശ്രൂഷയുടെ തണലേകി.

1997 സെപ്തംബര്‍ 5-ന് ആ സ്നേഹജീവിതം കല്‍ക്കട്ടയിലെ ‘ശുശുഭവനി’ല്‍ പൊലിയുംവരെയ്ക്കും പാവങ്ങളെ പിന്‍തുണച്ച ക്രിസ്തുസ്നേഹത്തിന്‍റെ ശുശ്ഷിക്കച്ച കരങ്ങള്‍ ദൈവസന്നിധിയില്‍ കൂപ്പിയ നിലയ്ക്കാത്ത പ്രാര്‍ത്ഥനയായി ഉയര്‍ത്തപ്പെട്ടു!  മദര്‍ തെരേസായെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002 ഡിസംബര്‍ 20-ന് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയിരുന്നു.

  1. വാഴ്ത്തപ്പെട്ട ജോസഫ് സാഞ്ചസ് ദെല്‍ റിയോ  (1913-1928)

മെക്സിക്കോയുടെ യുവരക്തസാക്ഷിയാണ് സാഞ്ചെസ്! 14-ാമത്തെ വയസ്സില്‍ ക്രിസ്തോ റേ (Christo Re Army) ക്രിസ്തുരാജന്‍റെ നാമത്തിലുള്ള വിശ്വാസസമൂഹത്തിലെ പോരാളിയായി ക്രൈസ്തവ പീഡകര്‍ക്കെതിരെ പോരാടി. നേതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്‍റെ കുതിരയെ നല്കിയ സാഞ്ചെസിനെ സര്‍ക്കാര്‍പക്ഷം ബന്ധിയാക്കി. മെക്സിക്കോയിലെ അന്നത്തെ നിരീശ്വരവാദി രാഷ്ട്രീയ നേതൃത്വം സാഞ്ചസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വെടിയേറ്റുവീണ സാഞ്ചെസ് നിലത്തു കുരിശുവരച്ച് ചുംബിച്ചുകൊണ്ട് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായി. മുന്‍പാപ്പാ ബനഡിക്ട് 2005 നവംബര്‍ 20-ന് മെക്സിക്കോയില്‍വച്ച് രക്തസാക്ഷിയായ സാഞ്ചസിനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

2016 മാര്‍ച്ച് 15-ന് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ യോഗം ജൂബിലിവര്‍ഷത്തിലെ ഒക്ടോബര്‍ 16-ാം തിയതി മെക്സിക്കോയുടെ ധീരനായ രക്തസാക്ഷി സാഞ്ചസിന്‍റെ വിശുദ്ധപദപ്രഖ്യാപനം നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി.

  1. വാഴ്ത്തപ്പെട്ട ജോസഫ് ഗബ്രിയേല്‍  ബ്രൊചേരോ  (1840-1914)

അര്‍ജെന്‍റീനക്കാരന്‍ വൈദികനാണ് ബ്രൊചേരോ. പാവങ്ങളുടെ ഇടയിലെ പ്രേഷിത സമര്‍പ്പംകൊണ്ട് നേടിയതാണ് അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധി. കാല്‍നടയായും കഴുതപ്പുറത്തും ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്നു സേവനംചെയ്തു. തന്‍റെ ആടുകളുടെ മണം അദ്ദേഹം അടുത്തറിഞ്ഞു. അര്‍ജന്‍റീനയിലെ കൊര്‍ദോബാ എന്ന പിന്നോക്ക പ്രവിശ്യയായിരുന്ന അദ്ദഹേത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ തട്ടകം. പാവങ്ങളോട് അടുത്തു പ്രവര്‍ത്തിച്ച അദ്ദേഹം, കുഷ്ഠരോഗികളെ മാറ്റി നിറുത്തിയില്ല. അവസാനം ആ നല്ലിടയന്‍ ജീവന്‍ സമര്‍പ്പിക്കുന്നത് കുഷ്ഠരോഗിയായിട്ടാണ്. ബ്രൊചേരോയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്കുയര്‍ത്തുന്ന ഡിക്രി 2015 സെപ്തംബറില്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.  2016 മാര്‍ച്ച് 15-ന് വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ യോഗം ജൂബിലിവത്സരത്തിലെ ഒക്ടോബര്‍ 16-ാം തിയതി വാഴ്ത്തപ്പെട്ട ബ്രൊചേരോയുടെയും വിശുദ്ധപദപ്രഖ്യാപനം നടത്തുമെന്നു തീരുമാനിച്ചു.

  1. വാഴ്ത്തപ്പെട്ട സ്റ്റനിസ്ലാവുസ്  (ജോണ്‍ പാസിന്‍സ്ക്കി) (1631-1701)

അമലോത്ഭവനാഥയുടെ പുരുഷവിഭാഗം സന്ന്യാസസമൂഹത്തിന്‍റെ സ്ഥാപകനാണ് ഈ പുണ്യവാനായ വൈദികന്‍. മരിയഭക്തിയില്‍ അധിഷ്ഠിതമായ സമര്‍പ്പണ ജീവിതത്തിലൂടെ ക്രിസ്തുവിനും സഭയ്ക്കുമായി ജീവിതം പൂര്‍ണ്ണമായി നല്കികൊണ്ട് വിശുദ്ധിയില്‍ ജീവിച്ചു. ദൈവസ്നേഹം സഹോദരസ്നേഹമായി തീക്ഷ്ണതയോടെ പ്രകടമാക്കി. പോളണ്ടു സ്വദേശിയാണ്. തുര്‍ക്കിക്കെതിരെ പോളണ്ട് പട നയിച്ച കാലത്ത് അദ്ദേഹം സൈനികരെ സഹായിക്കാന്‍ കൂടെ പുറപ്പെട്ടു. അവരുടെ ആത്മീയനിയന്താവും കുമ്പസാരക്കാരനുമായി ജീവിച്ചു. യുദ്ധക്കളത്തില്‍ മരിച്ചുവീണ നിരവധിപേരെയോര്‍ത്ത് അദ്ദേഹം എന്നും ഹൃദയവ്യഥ അനുഭവിച്ചിരുന്നു. തന്‍റെ പ്രേഷിതതീക്ഷണത തുടരുന്നതിന് അദ്ദേഹം മേരിയന്‍ സന്ന്യാസസമൂഹം സ്ഥാപിച്ചു  (Congregation of Marian Fathers of the Immaculate Conception of the Most Blessed Virgin Mary). അമലോത്ഭവത്തിന് സമര്‍പ്പിതരായ പുരുഷന്മാരുടെ ലോകത്തെ പ്രഥമ സമൂഹമാണ് പാസിന്‍സ്ക്കിയുടേത്.  പാസിന്‍സ്ക്കിയുടെ തനിമനായിരുന്നു ദൈവികകാരുണ്യത്തിന്‍റെ ആത്മീയത.  പാപ്പാ ഫ്രാന്‍സിസാണ് 2016 ജുനുവരി 12 തിയതി ധന്യനായ പാസിന്‍സ്ക്കിയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. ദൈവികകാരുണ്യത്തിന്‍റെ പ്രേഷിതനെ കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ സഭ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഏറെ പ്രതീകാത്മകമാണ്.

മാര്‍ച്ച് 15-ന് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെസാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ കണ്‍സിട്രി ജൂബിലി വര്‍ഷത്തിലെ ജൂണ്‍ 5-ാം തിയതി ഞായറാഴ്ച വാഴ്ത്തപ്പെട്ട പാസിന്‍സ്ക്കിയുടെ വിശുദ്ധപദപ്രഖ്യാപനം നടത്തുമെന്നു തീരുമാനിക്കുകയുണ്ടായി.

  1. മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ് (1870-1957)

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സ്വീഡന്‍ സ്വദേശിയാണ് വാഴ്ത്തപ്പെട്ട മരിയ ഹെസ്സല്‍ ബാള്‍ഡ്. അമേരിക്കയില്‍ ഉപരിപഠനം നടത്തവെയാണ് ആതുരശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനാ ജീവിതത്തിനുമുള്ള വിളി ലഭിച്ചത്. പ്രാര്‍ത്ഥനയ്ക്കും സേവനത്തിനുമായി ജീവന്‍ സമര്‍പ്പിച്ച വിശുദ്ധ ബ്രിജിറ്റിന്‍റെ ജീവിതം ഹെസല്‍ബാള്‍ഡിന് പ്രചോദനമായിരുന്നു. ഒപ്പം ജന്മനാട്ടിലെ ഇതര ക്രൈസ്തവസമൂഹങ്ങളോടെ, വിശിഷ്യ സ്വീനഡിനിലെ ക്രൈസ്തവരുടെ അനുരഞ്ജനത്തിനും സഭൈക്യത്തിനുമായി എന്നും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയുംചെയ്തിരുന്നു. തന്‍റെ ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ ത്യാഗപൂര്‍ണ്ണമായ വിജയമായിരുന്ന ബ്രിജിറ്റൈന്‍ സന്ന്യാസ സമൂഹത്തിന്‍റെ നവീകരണവും പുനരുത്ഥാരണവും.

ക്രിസ്തുവിന്‍റ ദിവ്യഹൃദയത്തോട് തന്‍റെ നിയോഗങ്ങളും പരിശ്രമങ്ങളും, പിന്നെ സന്ന്യാസസമൂഹത്തയും ചേര്‍ത്തു സമര്‍പ്പിച്ച്, എളിമയോടും ക്ഷമയോടുംകൂടെ ഈ വനിത പ്രേഷിതസമര്‍പ്പണത്തില്‍ മുന്നേറി. എന്തു നേട്ടത്തെക്കാളും ദൈവമഹത്വവും സഹോദരനന്മയും അവള്‍ ജീവിതസൂക്തമാക്കി. കത്തോലിക്കരല്ലാത്തവരെയും ഇതര മതസ്ഥരെയും സഹോദരമനഃസ്ഥിതിയോടെ ഒരുപോലെ കാണുവാനുള്ള ഹെസ്സല്‍ബാള്‍ഡിന്‍റെ തുറവ് അവളുടെ പ്രേഷിതപരിശ്രമങ്ങളെ സകലര്‍ക്കും സ്വീകാര്യമാക്കുകയും വിജയമണിയിക്കുകയും ചെയ്തു. രക്ഷനും നാഥനുമായ ക്രിസ്തുവിനെ സഹോദരങ്ങളില്‍ ദര്‍ശിച്ചതിലുള്ള ജന്മസാഫല്യത്തോടെ തനിക്കു ലഭിച്ച പ്രേഷിതദൗത്യം നൂറുകണക്കിന് യുവതികള്‍ക്കു കൈമാറിക്കൊണ്ട് 24 ഏപ്രില്‍ 1957-ല്‍ ഹെസല്‍ബാള്‍ഡ് ഈ ലോകത്തുനിന്നും കടന്നുപോയി.

ജൂണ്‍ 5-ാം തിയതി ഞായറാഴ്ചയാണ് വാഴ്ത്തപ്പെട്ട ഹെസല്‍ബാള്‍ഡിന്‍റെ വിശുദ്ധപദപ്രഖ്യാപന ദിവസം.

 








All the contents on this site are copyrighted ©.