2016-03-04 09:29:00

കരുണതേടി യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയിലെത്തും ലോകയുവജന മാമാങ്കം


കരുണയുടെ ജൂബിലിവര്‍ഷത്തിന്‍റെ അരൂപിയിലായിരിക്കും ലോകയുവത പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കാന്‍ പോകുന്നതെന്ന് ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ മനോജ് സണ്ണി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മനോജ് സണ്ണി ഇക്കാര്യം പങ്കുവച്ചത്. മുന്‍പാപ്പാ ബനഡിക്ടിന്‍റെ ചാക്രികലേഖനം Deus Caritas Est-ന്‍റെ (ദൈവം സ്നേഹമാകുന്നു) 10-ാം വാര്‍ഷികം പ്രമാണിച്ച്, സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മനോജ് സണ്ണി.

സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുവാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി.  ജീസസ് യൂത്ത് മൂവ്മെന്‍റിന്‍റെ  (Jesus Youth) പുതിയ ലക്കം ബുള്ളറ്റിനും, ‘റെക്സ് ബാന്‍റി’ന്‍റെ രജതജൂബിലി സ്മരണികയും പാപ്പായ്ക്കു നല്‍കിക്കൊണ്ട് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നിമിഷം സംവദിക്കുവാന്‍ സാധിച്ചത് മനോജ് ഭാഗ്യമായി കരുതുന്നു.  സഭയുടെ ചെറുതും വലുതുമായ ഏല്ലാ പ്രസ്ഥാനങ്ങളും ദൈവം സ്നേഹമാണെന്ന് പ്രഘോഷിക്കട്ടെ! ദൈവസ്നേഹം സഭാപ്രസ്ഥാനങ്ങളൂടെ സകലര്‍ക്കും അനുഭവവേദ്യമാകട്ടെ, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ലാളിത്യമാര്‍ന്ന ചിന്തായാണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്ന് മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചു.

ക്രാക്കോയിലെ യുവജനമേളയ്ക്ക് ഇനി 100-ല്‍ ഏറെ ദിവസങ്ങള്‍മാത്രം ബാക്കിനില്ക്കെ, കാരുണ്യത്തിന്‍റെ പ്രത്യേക ജുബിലി വര്‍ഷത്തില്‍ പതിവിലും കൂടുതല്‍ യുവജനങ്ങളെ ക്രാക്കോയില്‍ പ്രതീക്ഷിക്കാമെന്ന് മനോജ് സണ്ണി അഭിപ്രായപ്പെട്ടു. ലോകയുവജന സംഗമത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടിലാണ് ഈ സംഗമമെന്നത് യുവജനങ്ങളെ ആകര്‍ഷിക്കുന്നതും ഹരംപിടിപ്പിക്കുന്നതുമായ വസ്തുതയാണെന്നും മനോജ് സണ്ണി കൂട്ടിച്ചേര്‍ത്തു.

‘കാരുണ്യമുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ക്കു കരുണലഭിക്കു’മെന്ന സുവിശേഷ സൂക്തമാണ് (മത്തായി 5, 7) ജൂബിലിവര്‍ഷത്തിലെ ലോകസംഗമത്തിന് യുവജനങ്ങള്‍ക്ക് പ്രചോദനമായി പാപ്പാ ഫ്രാന്‍സിസ് നല്‍കിയിരിക്കുന്നതെന്ന് മനോജ് സണ്ണി അനുസ്മരിച്ചു.  ക്രാക്കോയില്‍ കാണാമെന്ന പ്രത്യാശയിലും ആവേശത്തിലും ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങള്‍ ഒരുങ്ങുകയാണെന്നും, ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ലോകയുവതയ്ക്ക് അനുഭവവേദ്യമാകുന്ന സവിശേഷ ദിനങ്ങളായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെകൂടെയുള്ള ജൂബിലിവര്‍ഷത്തിലെ ക്രാക്കോ യുവജന മാമാങ്കമെന്ന് മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയോടു പങ്കുവച്ചു.








All the contents on this site are copyrighted ©.