2016-02-26 20:15:00

പരിസ്ഥിതി സംരക്ഷണം കാരുണ്യപ്രവൃത്തിയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍


പരിസ്ഥിതിസംരക്ഷ​ണം കാരുണ്യപ്രവൃത്തിയാണെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ഫെബ്രുവരി 25-ാം തിയതി വ്യാഴാഴ്ച അമേരിക്കയിലെ ഫിലാ‍ഡേല്‍ഫിയയിലുള്ള വിലനോവാ യൂണിവേഴ്സിറ്റിയില്‍ നല്കിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലും ഈ തപസ്സുകാലത്തും നമ്മുടെ വിശ്വാസം എങ്ങനെ പ്രസക്തമായി ഈ ലോകത്ത് ജീവിക്കാമെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം ‘ലൗദാത്തോ സീ’യെ ആധാരമാക്കിയാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രബന്ധത്തില്‍ ചിന്തകള്‍ വികസിപ്പിച്ചത്.

പരിസ്ഥിതിയുമായി അല്ലെങ്കില്‍ നാം വസിക്കുന്ന ഭൂമിയോട് ക്രിയാത്മകമായ ബന്ധം വളര്‍ത്തുന്നതാണ് പരിസ്ഥിതി സംരക്ഷണം. അപരന്‍റെ ക്ലേശകരമായ ജീവിതാവസ്ഥയിലേയ്ക്ക് കടന്നുചെന്ന് ക്ഷമ കാണിക്കുന്നതാണ് കാരുണ്യപ്രവൃത്തിയെന്നു പറയുന്നത്.

പരമ്പരാഗതമായി ക്രൈസ്തവലോകത്ത് ഏഴ് ശാരീരിക കാരുണ്യപ്രവൃത്തികളും, ഏഴ് ആത്മീയ കാരുണ്യപ്രവൃത്തികളും ഉണ്ട്.

പരിത്യക്തരെയും വിശക്കുന്നവരെയും ദാഹിക്കുന്നവരെയും നഗ്നരെയും  ജയില്‍വാസികളെയും രോഗികളെയും തൊഴില്‍രഹിതരെയും പീഡിതരെയും  അഭയാര്‍ത്ഥികളെയും തുണയ്ക്കുന്നതാണ് ശാരീരികമായ കാരുണ്യപ്രവൃത്തികള്‍ (corporal works of Mercy).  അവരിലും അവര്‍ ആയിരിക്കുന്ന ഇടങ്ങളിലുമെല്ലാം നാം ദൈവത്തിന്‍റെ കാരുണ്യമാണ് ലഭ്യാമാക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കാരുണ്യത്തിന്‍റെ ചിന്തകള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പങ്കുവച്ചു.

അപരന്‍റെ സംശയനിവാരണം വരുത്തുന്നതും, അജ്ഞത ദുരീകരിക്കുന്നതും, ഏകാന്തത അകറ്റുന്നതും, വിദ്വേഷവും വെറുപ്പും ഇല്ലാതാക്കുന്നതും, അവരോട് ക്ഷമ കാണിക്കുന്നതും, അപരനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ആത്മീയമായ കാരുണ്യപ്രവര്‍ത്തികളാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ ചൂണ്ടിക്കാട്ടുകയും വിവിരിക്കുകയും ചെയ്തു.

ഇതോടൊപ്പം സൃഷ്ടിയുടെ പരിചരണവും സംരക്ഷണവും 8-ാമത്തെ കാരുണ്യപ്രവൃത്തിയായി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യാഖ്യാനിച്ചു. മനുഷ്യരുടെ പൊതുഭവനമാണ് ഭൂമിയെന്നും, അത് ശരിയാം വണ്ണം പരിരക്ഷിച്ച് കാത്തുസൂക്ഷിച്ച് ഇനിയും നമുക്ക് പിന്‍മ്പേ വരുന്ന തലമുറകള്‍ക്ക് ഉപയോഗിക്കത്തക്കവിധത്തില്‍ നാം കൈമാറണമെന്നും പ്രബന്ധം വ്യക്തമാക്കി.

ഫിലാഡേല്‍ഫിയായുടെ സാമൂഹ്യ അന്തരീക്ഷം കണക്കിലെടുക്കയാണെങ്കില്‍... കാലികപ്രസക്തമായ പാരിസ്ഥിതിക ചിന്തകള്‍ അവിടെ നഗരത്തെ കേന്ദ്രകരിച്ചുള്ളതാണ്. അവിടെ വളര്‍ന്നുവരുന്ന ദാരിദ്ര്യം, ജനങ്ങളുടെ മോശമായ ആരാഗ്യാവസ്ഥ, അന്തരീക്ഷ മലിനീകരണവും മോശമായ വായുവും വെള്ളവും,  വിശപ്പ്, യുവജനങ്ങളിലെ അമിതവണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍, സമൂഹത്തില്‍ തലപൊക്കുന്ന ശാരീരികവും ധാര്‍മ്മികവുമായ അതിക്രമങ്ങള്‍ എന്നിവ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പാരിസ്ഥിതിക മേഖലകളും പ്രശ്നങ്ങളുമാണെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.