2016-02-10 13:14:00

കൊള്ളപ്പലിശ ഈടാക്കുന്നത് ഘോരപാപം


കരുണയുടെ അസാധാരണ ജൂബിലിവത്സരത്തിലെ വിഭൂതിത്തിരുന്നാള്‍ ദിനത്തില്‍ അഥവാ ക്ഷാരബുധനാഴ്ച ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണം തന്നെയായിരുന്നു കൂടിക്കാഴ്ചയുടെ വേദി ഈ ബുധനാഴ്ചയും. വിവിധരാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കരുണാവര്‍ഷം പ്രമാണിച്ച് പാപ്പാ ലോകത്തിലെ വിവിധരൂപതകളിലേക്ക്  അയക്കുന്ന കരുണയുടെ പ്രേഷിതരും ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കുകൊണ്ടു. രൂപതാദ്ധ്യക്ഷനായ മെത്രാന്‍റെ സാക്ഷിപത്രത്തോടുകൂടി നേരത്തെ പേരുനല്കിയിട്ടുള്ള കുമ്പസാരക്കാരായ ഈ പ്രേഷിതരെ പാപ്പാ പ്രത്യേക അധികാരം നല്കിയാണ് പ്രാദേശികസഭകളിലേക്ക് അയക്കുക. പൊതുകൂടിക്കാഴ്ച അനുവദിക്കുന്നതിനായി തുറന്ന വെളുത്ത വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ  ജനങ്ങള്‍ കൈയ്യടിച്ചും പാട്ടുപാടിയും ആന്ദാരവങ്ങളോ‌ടെ വരവേറ്റു.ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും ചെയ്തുകൊണ്ട് പ്രസംഗവേദിയിലേക്കു നീങ്ങി. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.  ആദ്യം വിശുദ്ധഗ്രന്ഥ വായനയായിരുന്നു.

പാപപ്പരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അമ്പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഒരോരുത്തര്‍ക്കും തങ്ങളു‌ടെ സ്വത്ത് തിരികെ ലഭിക്കണം. ഒരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ. അമ്പതാം വര്‍ഷം നിങ്ങള്‍ക്ക്     ജൂബിലിവര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ ശേഖരിക്കുകയോ അരുത്. എന്തെന്നാല്‍, അതു ജൂബിലി വര്‍ഷമാണ്. അതു നിങ്ങള്‍ക്ക് വിശുദ്ധമായിരിക്കണം.

ലേവ്യരുടെ പുസ്തകം ഇരുപത്തിയഞ്ചാം അദ്ധ്യായം 9 മുതല്‍ 12 വരെയുള്ള  ഈ വാക്യങ്ങള്‍ വിവിധ ഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. നീതി, പങ്കുവയ്ക്കല്‍ എന്നീ ആശയങ്ങള്‍ ആയിരുന്നു പാപ്പായുടെ പിരിചിന്തനത്തിന്‍റെ കാതല്‍                      

പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:                    

     നോമ്പുകാലപ്രയാണം നാം ആരംഭിക്കുന്ന ഈ ക്ഷാരബുധനാഴ്ച തന്നെ ഈ കൂടിക്കാഴ്ച നടക്കുന്നത് മനോഹരവും ഒപ്പം അര്‍ത്ഥവത്തും ആണ്. വേദപുസ്തകം സാക്ഷ്യപ്പെടുത്തിയിരിക്കുന്ന പുരാതനമായ ജൂബിലിയെക്കുറിച്ചാണ്  ഇന്നു നാം ചിന്തിക്കുക. ഇത്  നാം കാണുന്നത് പ്രധാനമായും ലേവ്യരുടെ പുസ്തകത്തിലാണ്. ഇസ്രായേല്‍ ജനത്തിന്‍റെ മത-സാമൂഹ്യ ജീവിതം ഉച്ചാവസ്ഥയിലെത്തുന്ന വേളയായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

     ഓരോ 50 വര്‍ഷത്തിലും, പാപപ്പരിഹാരദിനത്തില്‍, സകലജനത്തിന്‍റെയും മേല്‍ കര്‍ത്താവിന്‍റെ കാരുണ്യം വിളിച്ചപേക്ഷിക്കുന്നവേളയില്‍  വിമോചനത്തിന്‍റെ മഹാസംഭവം കാഹളം മുഴക്കി വിളംബരം ചെയ്തിരുന്നു. വാസ്തവത്തില്‍ ലേവ്യരുടെ പുസ്തകത്തില്‍ നാം വായിക്കുന്നു: അമ്പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഒരോരുത്തര്‍ക്കും തങ്ങളു‌ടെ സ്വത്ത് തിരികെ ലഭിക്കണം. ഒരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ. അദ്ധ്യായം 25, 10 മുതല്‍13 വരെയുള്ള വാക്യങ്ങളില്‍ നിന്ന്.

    ഈ നിബന്ധനകള്‍ക്കനുസരിച്ചു നോക്കുമ്പോള്‍, നിലമോ ഭവനമോ വില്ക്കാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ജൂബിലിവര്‍ഷത്തില്‍ അവ തിരികെ ലഭിക്കുമായിരുന്നു. കടം മേടിച്ചിട്ടുള്ലവര്‍ക്കും അതു തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ബാദ്ധ്യതയില്‍ നിന്നു വിമുക്തരായി സ്വഭവനങ്ങളിലേക്ക് തിരികെപ്പോകാമായിരുന്നു.

     ഇത് ഒരുതരം പൊതുമാപ്പാണ്. അതുവഴി കടങ്ങളെല്ലാം റദ്ദാക്കപ്പെട്ട് ഭൂമിയൊക്കെ തിരികെക്കി‌ട്ടി പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാനും ദൈവജനത്തിലെ അംഗത്തിന്‍റെതായ സ്വാതന്ത്ര്യം വീണ്ടും ആസ്വദിക്കാനും ഒരോരുത്തര്‍ക്കും കഴിയുമായിരുന്നു. ഒരു വിശുദ്ധ ജനം. ആ ജനത്തിനിടയില്‍ ജൂബിലിയേകുന്നതു പോലുള്ള അനുശാസനങ്ങള്‍ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുന്നതിനും സകലര്‍ക്കും അന്തസ്സാര്‍ന്ന ഒരു ജീവിതവും വസിക്കുന്നതിനും ജീവന്ധരാണത്തിന് വഴിതേടാനുമുള്ള ഭൂമിയുടെ സന്തുലിത വിതരണവും ഉറപ്പുത്താനുമുള്ളവയായിരുന്നു. ഇവിടെ മുഖ്യ ആശയം ഇതാണ്, അതായത്, ഭൂമി  ആദിമുതല്‍ തന്നെ ദൈവത്തിന്‍റെതാണ്, അത് അവിടന്ന് മനുഷ്യന് ഭരമേല്പിച്ചിരിക്കുന്നു., ആകയാല്‍ ആര്‍ക്കും അസമത്വം സൃഷ്ടിച്ചുകൊണ്ട് ഭൂമിയുടെമേല്‍ പൂര്‍ണ്ണാവകാശവാദം ഉന്നയിക്കാനാവില്ല. ഇതെക്കുറിച്ച് ഇന്നു നാം ചിന്തിക്കണം, പുനരാലോചിക്കണം... ഒന്നും ഇല്ലാത്തവര്‍ക്ക് എന്തുകൊണ്ട് അതിലൊരംശം, 10 ശതമാനം, 50 ശതമാനം നല്കിക്കൂടാ?  പരിശുദ്ധാരൂപി നിങ്ങളെ ഓരോരുത്തരെയും പ്രചോദിപ്പിക്ക‌ട്ടെ എന്നാണ് എനിക്കു പറയാനുള്ളത്.

     ദരിദ്രനായിത്തീര്‍ന്നവന്‍, ജൂബിലിയോടെ, ജീവിക്കാനാവശ്യമായവ ഉള്ളവനായിത്തീരാന്‍ തുടങ്ങുന്നു, സമ്പന്നനായിത്തീര്‍ന്നവന്‍ താന്‍ പാവപ്പെട്ടവനില്‍ നിന്നെടുത്തവ അവന് തിരികെ നല്കുന്നു. അവസാനം അത് സമത്വത്തിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹമായിത്തീര്‍ന്നു. അവിടെ സ്വാതന്ത്ര്യവും നിലവും പണവും സകലര്‍ക്കുമുള്ളതായിത്തീര്‍ന്നു. ഇന്ന് സംഭവിക്കുന്നതു പോലെ ഏതാനും പേര്‍ക്കു മാത്രമുള്ളതല്ല അവ. വാസ്തവത്തില്‍ ജൂബിലിയ്ക്ക് ഒരു ദൗത്യമുണ്ടായിരുന്നു, അതായത്, പരസ്പരം താങ്ങാകുനന്നതായ സമൂര്‍ത്ത സാഹോദര്യം ജീവിക്കാന്‍ ജനങ്ങളെ സഹായിക്കുക. ബൈബിളിലെ ജൂബിലി കരുണയുടെ ജൂബിലിയാണെന്ന് നമുക്കു പറയാന്‍ കഴിയും, കാരണം അത് ജീവിക്കപ്പെടുന്നത് ആവശ്യത്തിലിരിക്കുന്ന സഹോദരന്‍റെ നന്മ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നതിലൂടെയാണ്.

     ഭൂമി എന്‍റെതാണ്, നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ് എന്ന് കര്‍ത്താവ് പറയുന്നു. ലേവ്യരുടെ പുസ്തകം , അദ്ധ്യായം 25, വാക്യം 23. നാമെല്ലാവരും കര്‍ത്താവിന്‍റെ അതിഥികളാണ്, സ്വര്‍ഗ്ഗനാട് പാര്‍ത്തുകഴിയുന്നവരും ഈ ലോകത്തെ വാസയോഗ്യവും മാനുഷികവുമാക്കിത്തീര്‍ക്കാന്‍ വിളിക്കപ്പെട്ടവരുമായ അതിഥികള്‍. കൂടുതല്‍ സൗഭാഗ്യവാന്മാരായവര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കേകാന്‍ കഴിയുന്ന എത്രയോ ആദ്യഫലങ്ങളുണ്ട്!  ആദ്യഫലങ്ങള്‍ എന്നു പറയുമ്പോള്‍ അത് വയലുകളില്‍ നിന്നുള്ള ഫലങ്ങള്‍ മാത്രമല്ല മറിച്ച് നമ്മുടെ തൊഴിലി‍ല്‍ നിന്നുളവാകുന്ന എല്ലാം വേദനവും, സമ്പാദ്യവും, നമ്മു‌ടെ കൈവശമുള്ള മറ്റു വസ്തുക്കളുമെല്ലാം ഉള്‍പ്പെടുന്നു. ചിലപ്പോള്‍ നാം അവ പാഴാക്കിക്കളയുന്നു.

     വായ്പ ആവശ്യപ്പെടുന്നവരോടു ഉദാരമായി പ്രത്യുത്തരിക്കാന്‍ വിശുദ്ധ ഗ്രന്ഥം നിര്‍ബന്ധബുദ്ധ്യാ ഉപദേശിക്കുന്നുണ്ട്. ലേവ്യരുടെ പുസ്തകം , അദ്ധ്യായം 25, വാക്യങ്ങള്‍ 35 മുതല്‍37 വരെ. കനത്ത പലിശ ആവശ്യപ്പെടരുത്, ആദായങ്ങള്‍ എടുക്കരുത് എന്ന് അത് വ്യക്തമാക്കുന്നുണ്ട്.

     എത്രയോ കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുന്നു. കൊള്ളപ്പലിശക്കാര്‍ക്കിരകളായിരിക്കുന്നു. അന്യായപ്പലിശയ്ക്കായുള്ള ആഗ്രഹം നമ്മുടെ മനസ്സി‍ല്‍ നിന്നു നീക്കിക്കളായാന്‍ ഈ ജൂബിലിവേളയില്‍ നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.

     കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട എത്രയേറെ അവസ്ഥകള്‍ക്ക് നാം സാക്ഷികളായിരിക്കുന്നു. ഈ അവസ്ഥ എത്രമാത്രം വേദനയും ആശങ്കകളുമാണ് കുടുംബങ്ങളില്‍ ഉളവാക്കുന്നത്. നിസ്സഹായാവസ്ഥയില്‍ നിരാശരായി ആളുകള്‍ ചിലപ്പോള്‍ ആത്മഹത്യചെയ്യുന്നു. അന്യായപ്പലിശ ഘോരപാപമാണ്.

     പ്രിയ സഹോദരങ്ങളേ, ബൈബിള്‍ സന്ദേശം സുവ്യക്തമാണ്: പങ്കുവയ്ക്കലിലേക്ക് സധൈര്യം സ്വയം തുറക്കുക, ഇതാണ് കാരുണ്യം. ദൈവത്തിന്‍റെ കാരുണ്യം നമുക്കു വേണമെങ്കില്‍ അതു നാം ചെയ്തു തുടങ്ങണം. സഹപൗരന്മാര്‍ക്കിടയില്‍, കുടുംബങ്ങള്‍ക്കിടയില്‍, ജനതകള്‍ക്കിടയില്‍, ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ കാരുണ്യം പ്രവര്‍ത്തിക്കാം. ദരിദ്രരില്ലാത്ത ഒരു ഭൂമിയുടെ സാക്ഷാത്ക്കാരത്തിന് സംഭാവന ചെയ്യുകയെന്നാല്‍ വിവേചനമില്ലാത്തതും ഉള്ള മുതലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലേക്കു നയിക്കുന്ന ഐക്യദാര്‍ഢ്യത്തില്‍ അധിഷ്ഠിതവും, വിഭവങ്ങള്‍ സാഹോദര്യത്തിലും നീതിയിലും അടിസ്ഥാനമാക്കി വിഭജിച്ചു നല്കുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ്. നന്ദി.

      








All the contents on this site are copyrighted ©.