2016-02-05 14:20:00

പാപ്പായും റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസും


       ഫ്രാന്‍സീസ് പാപ്പായും ആകമാന റഷ്യയുടെയും മോസ്ക്കോയുടെയും പാത്രിയാര്‍ക്കീസ് കിറിലും തമ്മിലുള്ള ചരിത്രപ്രധാന കൂടിക്കാഴ്ച ഈ മാസം 12 ന്.(12/02/16)

     തന്‍റെ പന്ത്രണ്ടാമത്തെ വിദേശ അപ്പസ്തോലികപര്യടനത്തിന്‍റെ വേദിയായ മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ ക്യൂബയില്‍ വച്ചായിരിക്കും പാപ്പാ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുക.

     ഹവാനയിലെ ഹൊസെ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചുള്ള ഈ കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പായും പാത്രിയാര്‍ക്കീസ് കിറിലും സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയും ഒരു സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്യും.

     പരിശുദ്ധസിംഹാസനവും മോസ്ക്കൊ പാത്രിയാര്‍ക്കേറ്റും വെള്ളയാഴ്ച (05/02/16)  സംയുക്ത വിജ്ഞാപനത്തിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.

     പാത്രിയാര്‍ക്കീസ് കിറില്‍ ക്യൂബയില്‍ ഔദ്യാഗിക സന്ദര്‍ശനം നടത്തുന്ന അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ മെക്സിക്കോയിലേക്കുള്ള യാത്രാമദ്ധ്യേ അവിടെ ഇറങ്ങുന്നത്.

     ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും, ദീര്‍ഘനാളുകളായുള്ള ഒരുക്കത്തിനുശേഷം, കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനും തമ്മില്‍ നടക്കാന്‍ പോകുന്ന ഈ കൂടിക്കാഴ്ചയെന്നും ഇരുസഭകളും തമ്മിലുള്ള ബന്ധങ്ങളില്‍ ഒരു സുപ്രധാനഘട്ടവുമായിരിക്കും ഇതെന്നും സംയുക്ത പത്രക്കുറിപ്പില്‍ കാണുന്നു.

     സന്മനസ്സുള്ള സകലര്‍ക്കും പ്രത്യാശയുടെ അടയാളമായിഭവിക്കട്ടെ ഇതെന്ന് ആശംസിക്കുന്ന പരിശുദ്ധസിംഹാസനവും മോസ്ക്കൊ പാത്രിയാര്‍ക്കേറ്റും ഈ കൂടിക്കാഴ്ച സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ സകല ക്രൈസ്തവരെയും ക്ഷണിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.