2016-02-03 19:14:00

പാപ്പായുടെ പടം പിടിച്ചാല്‍ പണം പാവങ്ങള്‍ക്ക്


പാപ്പാ ഫ്രാന്‍സിസ് സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു.

എന്‍വി പ്രൊഡക്‍ഷന്‍സിന്‍റെ ‘സൂര്യനുമപ്പുറത്ത്...’  (Film, ‘Beyond the Sun’ by ENVI Production Company, USA) എന്ന ചലച്ചിത്രത്തില്‍ പാപ്പാ ഫ്രാന്‍സിസ് അഭിനയിക്കുന്നു എന്ന് ഫെബ്രുവരി ഒന്നിന് യൂറോപ്പില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണ് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ നിഷേധിച്ചത്.

പാപ്പാ ഫ്രാന്‍സിസ് ഒരു നടനല്ലെന്നും, പാപ്പായുടെ യഥാര്‍ത്ഥമായ ജീവിതരംഗങ്ങളുടെയോ, അപ്പസ്തോലിക യാത്രകളുടെയോ ദൃശ്യശകലങ്ങള്‍ സിനിമയില്‍ ചേര്‍ക്കാനുള്ള സാധ്യതയാണ് അഭിനയമായി മാധ്യമങ്ങള്‍ ഈയിടെ വ്യാഖ്യാനിച്ചതെന്നും ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ മോണ്‍സീഞ്ഞോര്‍ വിഗനോ വ്യക്തമാക്കി. അങ്ങനെ പാപ്പായുടെ ജീവിതരംഗങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കുന്നതില്‍നിന്നും ലഭിക്കുന്ന വരുമാനം പാപ്പായുടെതന്നെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പതിവെന്ന് മാധ്യമവിദഗ്ദ്ധനായ മോണ്‍സീഞ്ഞോര്‍ വിഗനോ വിശദീകരിച്ചു.

എന്‍വി ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്കു പാപ്പായുടെ യഥാര്‍ത്ഥ ജീവിതരംഗചിത്രീകരണത്തിന്‍റെ ഏതാനം നീളം (footage) വില്ക്കുന്നതിനെക്കുറിച്ച് വത്തിക്കാനുമായി ആലോചനയുണ്ടത്രെ! എന്നാല്‍ അതില്‍നിന്ന് ലഭിക്കുന്ന പ്രതിഫലം ജന്മനാടായ അര്‍ജന്‍റീനയിലെ പാവങ്ങളും അനാഥരുമായ കുട്ടികളുടെ ക്ഷേമത്തിനായി നല്കുവാന്‍ പാപ്പാ ഫ്രാന്‍സിസ് തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്, ഇപ്പോള്‍ വത്തിക്കാന്‍ മാധ്യമങ്ങളുടെ ധനകാര്യാലയത്തിന്‍റെ പ്രീഫെക്ടായ മോണ്‍സീഞ്ഞോര്‍ ഡാരിയോ എഡ്വേര്‍ഡ് വിഗനോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.








All the contents on this site are copyrighted ©.