സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

സമര്‍പ്പിതരുടെ വര്‍ഷാചരണം കൃപാസമൃദ്ധിയുടെ കാലം

സന്ന്യാസത്തിന്‍റെ കാരുണ്യഭാവം നവീകരിക്കുവാന്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച വര്‍ഷം - REUTERS

21/01/2016 09:00

സഭ ആചരിച്ച സമര്‍പ്പിതരുടെ വര്‍ഷം കൃപയുടെ കാലമായിരുന്നെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസ്സേ റോഡ്രിഗസ് കര്‍ബാലോ പ്രസ്താവിച്ചു.

ഫെബ്രുവരി 2-ാം തിയതി കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളില്‍ അവസാനിക്കുന്നതും, ഒരു വര്‍ഷക്കാലം നീണ്ടുനിന്നതുമായ സന്ന്യസ്തരുടെ വര്‍ഷാചരണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് സഭയിലെ സന്ന്യസ്തരുടെ ജീവിതങ്ങളെ നവീകരിക്കാന്‍ പോന്ന കൃപയുടെ കാലമായിരുന്നിതെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വിശേഷിപ്പിച്ചത്. 2014 നവംബര്‍ 30-ാം തിയതിയായിരുന്നു ഈ പ്രത്യേക വര്‍ഷാചരണത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്.

സന്ന്യാസസമര്‍പ്പണം ലക്ഷ്യംവയ്ക്കുന്ന ക്രിസ്താനുകരണത്തില്‍ ദാരിദ്ര്യം അനുസരണം ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തികള്‍ അവരുടെ ജീവിതരീതികളെ വിലയിരുത്തുവാനും  നവീകരിക്കുവാനുമായിരുന്നു ഈ കാലഘട്ടം, ഈ പ്രത്യേക വര്‍ഷം. സന്ന്യസ്തരുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ക്രിയാത്മകമായ വിശ്വസ്തത വളര്‍ത്തുവാനും, ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടുള്ള നവീകരണത്തിനായി പരിശ്രമിക്കുവാനും വേണ്ടിയായിരുന്നു ഈ ഒരു വര്‍ഷക്കാലമെന്നും ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വിശദീകരിച്ചു.  

ദാരിദ്യത്തിന്‍റെയും ജീവിതപ്രതിസന്ധികളുടെയും സാമൂഹ്യക്ലേശങ്ങളുടെയും പീഡനങ്ങളുടെയും യാതനാപൂര്‍ണ്ണായ പരിസരങ്ങളിലേയ്ക്കും, മാനവികതയുടെ അസ്തിത്വപരമായ സംഘര്‍ഷാവസ്ഥയുടെ പ്രാന്തപ്രദേശങ്ങളിലേയ്ക്കും സന്ന്യാസജീവിത സ്വകാര്യതയുടെ കൂടുവിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ആവശ്യപ്പെട്ട അവസരമായിരുന്നു ഇത്.  അങ്ങനെ  സന്ന്യസ്തര്‍ അവരുടെ ജീവിത സമര്‍പ്പണ വേദികളില്‍ നല്ല സമറിയക്കാരന്‍റെ പങ്കുവഹിക്കുവാനും, മനുഷ്യര്‍ക്കു ദൈവിക കാരുണ്യം ലഭ്യമാക്കുവാനും സാധിക്കണമെന്നു പാപ്പാ ഫ്രാന്‍സിസ് നിഷ്ക്കര്‍ഷിച്ചൊരു സമയമായിരുന്നു ഇതെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതിനാല്‍ കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തിലേയ്ക്ക് ഇടകലര്‍ന്നു കിടുക്കന്നുണ്‌ടെങ്കിലും സന്ന്യാസ ജീവിതപാതിയിലെ കാരുണ്യഭാവം വിലയിരുത്തുവാനും അതില്‍ വളരുവാനുമുള്ള കൃത്യമായ അവസരമായിരുന്നു ഇതെന്നും ഫ്രാ‍ന്‍സിസ്ക്കന്‍ സന്ന്യാസിയായ ആര്‍ച്ചുബിഷപ്പ് കര്‍ബോലോ പ്രസ്താവിച്ചു.

 

 


(William Nellikkal)

21/01/2016 09:00