2015-12-10 18:46:00

കര്‍ദ്ദിനാളന്മാര്‍ കാലംചെയ്തു : ജൂലിയോ തെരെസാസും കാര്‍ളോ ഫൂര്‍ണോയും


  1. കര്ദ്ദിനാള്ജൂലിയോ തെരെസാസ്

ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയിലെ സാന്താക്രൂസ് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ ജൂലിയോ. വിശ്രമജീവിതകാലത്തും പ്രവര്‍ത്തനിരതനായിരുന്ന കര്‍ദ്ദിനാള്‍ ജൂലിയോ ഡിസംബര്‍ 9-ാം തിയതി ബുധനാഴ്ചയാണ് 79-ാമത്തെ വയസ്സില്‍ ഹൃദയാഘാതം മൂലം ബൊളീവിയയില്‍ മരണമടഞ്ഞത്.

1991-മുതല്‍ 2013-വരെ സാന്താക്രൂസിന്‍റെ അതിരൂപദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജൂലിയോ രക്ഷാകര സന്ന്യാസ സഭയിലെ, Congregation of the Redemptorist  അംഗമാണ് ബോളീവിയയുടെ ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷനായി മൂന്നുതവണ പ്രവര്‍ത്തിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ജൂലിയോ, ലാ-പാസ്, അപീസാ എന്നീ രൂപതകളുടെ മെത്രാനായും സ്തുത്യര്‍ഹമായ അജപാലനശുശ്രൂഷ കാഴ്ചവച്ചിട്ടുണ്ട്. സാന്താക്രൂസിന്‍റെ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിക്കവെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് 2001-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 1962-ല്‍ രക്ഷാകര സഭയില്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഫ്രാന്‍സിലെ എമാകസ് യൂണിവേഴ്സിറ്റിയില്‍നിന്നും സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദധാരിയാണ്.

വിശ്രമജീവിതത്തില്‍ ആയിരുന്നെങ്കിലും സാന്താക്രൂസ് അതിരൂപതയുടെ പുതിയ സെമിനാരി മന്ദിരത്തിന്‍റെ നിര്‍മ്മാണത്തില്‍ ബദ്ധശ്രദ്ധനായിരിക്കവെയാണ് കാര്‍ദ്ദിനാള്‍ ജൂലിയോ അന്തരിച്ചത്. ബൊളീവിയിലെ സാന്താക്രൂസ് ദി സീയെരാ പ്രവിശ്യയിലെ താഴ്വാര പ്രദേശമായ വാലെഗ്രാന്തെ സ്വദേശിയാണ്. 1936 മാര്‍ച്ച് 7-ന് അവിടെ ജനിച്ചു.  

        2.   കര്‍ദ്ദിനാള്‍ കാര്‍ളോ ഫൂര്‍ണോ

ജരൂസലേമിലെ വിശുദ്ധ കല്ലറയുടെ ആത്മീയസഖ്യത്തിന്‍റെ മുന്‍നിയന്താവും, റോമിലെ മേരി മേജര്‍ ബസിലിക്കയുടെ പ്രധാനാചാര്യനുമായിരുന്നു ഡിംസബര്‍ 9-ാം തിയതി അന്തരിച്ച ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ കാര്‍ളോ ഫൂര്‍ണോ. 94-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് കര്‍ദ്ദിനാള്‍ കാര്‍ലോ അന്തരിച്ചത്.

വടക്കെ ഇറ്റലിയിലെ ട്യൂറിനില്‍ 1921-ല്‍ ജനിച്ച അദ്ദേഹം 1944-ല്‍ രൂപതാവൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ട്യൂറിനിലെ ക്രൊചേത്തായിലെ സലീഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ സഭാനിയമങ്ങളില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, വത്തിക്കാന്‍റെ സഭാഭരണക്രമത്തിനായുള്ള യൂണിവേഴ്സിറ്റിയില്‍ (Pontifical Ecclesiatical University) പഠിച്ച് നയതന്ത്രവിഭാഗത്തില്‍ സേവനം ആരംഭിച്ചു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായില്‍നിന്നും അദ്ദേഹം 1973-ല്‍ മെത്രാന്‍ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് പെറു, ലെബനോണ്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനംചെയ്തിട്ടുണ്ട്.

1994-ലാണ് അദ്ദേഹം ജരൂസലേമിലെ വിശുദ്ധ കല്ലറയുടെ സ്ഥാനിക സംരക്ഷകനും ആത്മീയനിയന്താവുമായി നിയമിതനായത്. 1996-ല്‍ അസ്സിസിയിലെ പാത്രിയാര്‍ക്കല്‍ ബസിലിക്കയുടെ വത്തിക്കാന്‍ സ്ഥാനപതിയായും, പിന്നീട് 1997-മുതല്‍ 2004-വരെ റോമിലെ മേരി മേജര്‍ ബസിലിക്കയുടം പ്രധാനാചാര്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ജൂലിയോ, കര്‍ദ്ദിനാള്‍ കാര്‍ളോ എന്നിവരുടെ നിര്യാണത്തോടെ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 216-ആയി കുറയും. അതില്‍ 117-പേര്‍ സഭാഭരണ കാര്യങ്ങളില്‍ വോട്ടവകാശമുള്ളവരും, ബാക്കി 99-പേര്‍ പ്രായപരിധി 80-വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.








All the contents on this site are copyrighted ©.