2015-11-30 09:33:00

മനുഷ്യന്‍റെ സനേഹപ്രവൃത്തികള്‍ ഭൂമിയില്‍ ദൈവസ്നേഹത്തിന്‍റെ അടയാളങ്ങള്‍


നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം ഉഗാണ്ടയിലെ നലുകൊലംഗോ എന്നസ്ഥലത്തെ ഉപവിയുടെ ഭവനം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. കംപാല നഗരപ്രാന്തത്തിലാണ് ഈ ഭവനം. അവിടെ പാപ്പാ നല്കിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

‘ഉപവിയുടെ ഭവന’ത്തിന്‍റെ (House of Charity) സ്ഥാപകന്‍ കര്‍ദ്ദിനാള്‍ ഇമ്മാനുവേല്‍ സുമ്പുഗായെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. അഗതികള്‍ക്കും അംഗവിഹീനര്‍ക്കും, ആദ്യകാലത്ത് അടിമകളുടെ പരിത്യക്തരായ കുട്ടികള്‍ക്കുംവേണ്ടിയാണ് കര്‍ദ്ദിനാല്‍ സമ്പൂഗെ കംപാല നഗരമദ്ധ്യത്തില്‍ ഉപവിയുടെ ഭവനം തുറന്നതെന്ന് പാപ്പാ അനുസ്മരിച്ചു. കുട്ടികള്‍ക്കായി തുടങ്ങിയ പ്രസ്ഥാനം പിന്നീട് നല്ല സമറിയക്കാരന്‍റെ സോഹദരിമാരെ, The Sisters of Good Samaritan-നെ ഏല്പിച്ചു. ആമുഖമായി പാപ്പാ അവരുടെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അവര്‍ക്ക് നന്ദിയര്‍പ്പിച്ചു.

ആഫ്രിക്കയില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നു. സ്നേഹത്തോടും ശ്രദ്ധയോടുംകൂടെ എളിയവര്‍ക്കായി നന്മചെയ്യുമ്പോള്‍ അവിടെ ദൈവികസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമുണ്ടാകും.

ഉഗാണ്ടയിലെ ക്രൈസ്തവരോടും ഇടവകകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നത്, നിങ്ങളുടെ പാവങ്ങളെയും ആഫ്രിക്കയിലെ അഗതികളെയും നിങ്ങള്‍ മറന്നുപോകരുതെന്നാണ്.  അതിര്‍വരമ്പുകള്‍ കടന്ന് എളിയവരെയും പാവങ്ങളെയും തേടിപ്പിടിച്ചുകൊണ്ടുവരുവാനാണ് സുവിശേഷം നമ്മോട് ആഹ്വാനംചെയ്യുന്നത്.

നമ്മുടെ ഓരോരുത്തരുടെയും ന്യായവിധിയുടെ മാനദണ്ഡമായി  അവസാനം ദൈവം നല്കുന്നതും എളിയവരോടുള്ള സ്നേഹമാണ്. പ്രായമായവര്‍ സമൂഹത്തില്‍ പുറന്തള്ളപ്പെടുന്നത് എത്രയോ വേദനാജനകമാണ്. നവയുഗത്തിലെ മനുഷ്യക്കച്ചവടത്തില്‍ യുവജനങ്ങള്‍ വിലപേശപ്പെടുന്നത് ഏറെ ക്രൂരമാണ്. നമ്മുടെ ലോകത്തിന്‍റെ മുഖമുദ്ര ഇന്ന് സ്വാര്‍ത്ഥതയും നിസംഗതയുമാണ്. നമ്മുടെ സഹോദരങ്ങള്‍ എത്രയോപേര്‍ ഇന്നിന്‍റെ ഉപഭോഗത്തിന്‍റെയും വലിച്ചെറിയലിന്‍റെയും സംസ്ക്കാരങ്ങള്‍ക്ക് അടിമകളായിത്തീരുന്നത്!

ക്രൈസ്തവര്‍ക്ക് നോക്കിനില്ക്കാനാവില്ല. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെയും ക്ഷമയുടെയും അടയാളങ്ങളാകണം ക്രൈസ്തവരും അവരുടെ കുടുംബങ്ങളും.  നമ്മുടെ സ്ഥാപനങ്ങളുടെ വാതിലുകള്‍ പാവങ്ങളുടെ കരച്ചിലെനെതിരെ ഒരിക്കലും കൊട്ടിയടയ്ക്കപ്പെടരുത്. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നത് എന്നു പഠിപ്പിച്ച ക്രിസ്തുവിന്‍റെ ശിഷ്യരായി അങ്ങനെ നമുക്കു ജീവിക്കാം. ഇത് ക്രിസ്തുശിഷ്യത്വത്തിന്‍റെ മഹനീയ പാതയാണ്!

വസ്തുക്കളെക്കാള്‍ വിലമതിപ്പുള്ളവരാണ് മനുഷ്യരെന്നും, നമ്മുടെ ഭൗതിക നേട്ടങ്ങളെക്കാള്‍ വലുത് നാം തന്നെയാണെന്നും,  മനുഷ്യരാണെന്നും മനസ്സിലാക്കുക. നാം സ്വീകരിക്കുന്ന എളിയവരില്‍ അനുദിനം ക്രിസ്തുവാണ് സ്വീകരിക്കപ്പെടുന്നത്. ഒരുനാള്‍ നാമും നിത്യതയില്‍ അവിടുത്തെ സന്നിധിയില്‍  സ്വീകൃതരാകും. ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി നാം പാവങ്ങള്‍ക്കായി ചെയ്യുന്ന പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഓരോ സല്‍പ്രവൃത്തിയും അവിടുത്തെ ആദരിക്കുന്നതാണ്. നിങ്ങളുടെ ഔദാര്യത്തിനും സ്നേഹത്തിനും ദൈവം പ്രതിസമ്മാനം നല്‍കട്ടെ! കന്യകാനാഥ, അമ്മയായ മറിയം നമ്മെ കാത്തുപാലിക്കട്ടെ! നിങ്ങള്‍ എന്‍റെ പ്രാര്‍ത്ഥനയിലുണ്ട്. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറുന്നുപോകരുതേ....








All the contents on this site are copyrighted ©.