2015-11-28 16:36:00

സഹോദരങ്ങളോട് നിസംഗരാകുന്നത് വലിച്ചെറിയല്‍ സംസ്ക്കാരംമൂലം : പാപ്പാ ഉഗാണ്ടയില്‍


പാപ്പാ ഫ്രാന്‍സിസ് കെനിയയില്‍നിന്നും നവംബര്‍ 27-ാം തിയതി വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് തന്‍റെ അഫ്രിക്കയാത്രയുടെ രണ്ടാംഘട്ടമായ ഉഗാണ്ടയിലേയ്ക്ക് പുറപ്പെട്ടു.

വിമാനമിറങ്ങിയ പാപ്പാ തലസ്ഥാനനഗരമായ കംപാലയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലേയ്ക്ക് കാറില്‍ ആനീതനായി. സ്വീകരണമുറിയിലുള്ള സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സന്ദേശമെഴുതി പാപ്പാ ഒപ്പുവച്ചു. തുടര്‍ന്ന് സമ്മാനങ്ങള്‍ കൈമാറി. പ്രസിഡന്‍റ് യുഗുവേരി കഗൂത മുസവേനി ഭരണസമിതി അംഗങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വൈകുന്നേരം 6 മണിക്ക് രാഷ്ട്രപ്രമുഖരുടെയും നയതന്ത്രപ്രതിനിധികളുടെയും സമ്മേളനം ആരംഭിച്ചു. ഉഗാണ്ടന്‍ മണ്ണിലേയ്ക്ക് പ്രസിഡന്‍റ് മുസവേനി പാപ്പായ്ക്ക് ഔപചാരികമായി സ്വഗതമരുളി. അപ്പോള്‍ സമ്മേളനത്തെ പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തു :

പ്രിയ പ്രസിഡന്‍റ്, ഭരണപക്ഷത്തെ അധികാരികളേ, നയതന്ത്രപ്രതിനിധികളേ, മെത്രാന്മാരേ, സഹോദരങ്ങളേ... ഉഗാണ്ടന്‍ രക്തസാക്ഷികളുടെ ജൂബിലി സ്മരണയുമായിട്ടാണ് ഇന്നാട്ടിലേയ്ക്ക് വന്നതെങ്കിലും, ഈ യാത്ര സൗഹൃദത്തിന്‍റെയും ഇവിടത്തെ ജനങ്ങളോടുള്ള മതിപ്പിന്‍റെയും  സ്നേഹത്തിന്‍റെയും പ്രതീകമാണ്. ഇവിടത്തെ സാംസ്ക്കാരിക സാമ്പത്തിക രാഷ്ട്രീയ ജീവിതത്തില്‍ വിശ്വാസത്തിനും വിശ്വാസജീവിതത്തിനും ഏറെ പങ്കുണ്ടെന്നാണ് കത്തോലിക്കരും ആഗ്ലിക്കരുമായ ഉഗാണ്ടന്‍ രക്തസാക്ഷികള്‍ തെളിയിക്കുന്നത്. For God and for the Country, ദൈവത്തിനും രാജ്യത്തിനുവേണ്ടി, എന്ന ഇന്നാടിന്‍റെ ആദര്‍ശവാക്യം അത് വെളിപ്പെടുത്തുന്നുണ്ട്.

പ്രകൃതിഭംഗിയും പ്രകൃതിസമ്പത്തുംകൊണ്ട് സമ്പന്നമാണ് ഉഗാണ്ട രാജ്യം! സമൃദ്ധമായ പ്രകൃതിയുടെ ഉപായസാധ്യതകള്‍ അപാരമാണ്. എന്നാല്‍ അവ വിശ്വസ്ത ദാസരെപ്പോലെ ഉത്തരവാദിത്വത്തോടെ നാം ഉപയോഗിക്കണം, സംരക്ഷിക്കണം, പരിപോഷിപ്പിക്കണം. അങ്ങനെ ഇന്നാടിന്‍റെ ശ്രേയസ്സിലേയ്ക്കും, ഒപ്പം ക്ലേശങ്ങളിലേയ്ക്കും പ്രത്യാശയോടെ ഇവിടത്തെ ജനങ്ങള്‍ തിരിയണമെന്ന് ഓര്‍പ്പിക്കുകയുമാണ് എന്‍റെ ആഗമന ലക്ഷൃങ്ങളിലൊന്ന്.

ഇവിടത്തെ സമൂഹങ്ങളും കുടുംബങ്ങളും അനുഗൃഹീതമാണ്. അതുപോലെ നിങ്ങളുടെ യുവജനങ്ങളും പ്രായമായവരും നല്ലവരാണ്. യുവാക്കളെ നാം പ്രോത്സാഹിപ്പിക്കണം, വെല്ലുവിളികളെ നേരിടാന്‍ അവരെ പഠിപ്പിക്കണം.   അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള ന്യായമായ അവസരങ്ങള്‍ അവര്‍ക്കു നല്കണം. മുതിര്‍ന്നവരെ ശ്രദ്ധയോടെ നാം പരിഗണിക്കണം. അവരുടെ ജീവിതാനുഭവങ്ങള്‍ വലുതാണ്. അവരുടെ അറിവും പരിചയസമ്പത്തും ഇന്നാടിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദിശാമാപിനിയാകട്ടെ! ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനുള്ള കഴിവും കാഴ്ചപ്പാടും അവര്‍ക്കുണ്ട്. അവര്‍ക്കത് പുതിയ തലമുറയ്ക്കായി പകര്‍ന്നുനല്‍കുവാനും കഴിവുണ്ട്.

യുദ്ധത്തിലും അതിക്രമങ്ങളിലും അനീതിയിലും കുടുങ്ങിയ നമ്മുടെ ലോകം ഇന്ന് മുന്‍പൊരിക്കലുമില്ലാത്ത കുടിയേറ്റ പ്രതിഭാസത്തെ നേരിടുകയാണ്. അടിയന്തിര സഹായത്തിനായി കൈനീട്ടുന്ന വിപ്രവാസികളോട് നാം കാണിക്കുന്ന കരുണയും ആദരവും ഐക്യദാര്‍ഢ്യവും ആതിഥേയത്വവും നമ്മുടെതന്നെ മാനുഷ്യത്വത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും അളവുകോലായിരിക്കും.

ആഗോളവത്ക്കരണത്തിന്‍റെ വലിച്ചെറിയല്‍ സംസ്ക്കാരം എല്ലായിടത്തുമുണ്ട്. അതാണ് നമ്മെ ആത്മീയ മൂല്യങ്ങളോടും, പാവങ്ങളോടും പ്രത്യാശയറ്റ മനുഷ്യരോടും നിസംഗരാക്കുന്നത്. എളിയവരോടും, വിശിഷ്യാ പരിത്യക്തരോടുമുള്ള സമീപനമാണ് ഒരു ജനതയുടെ മാറ്റുതെളിയിക്കുന്നത് എന്നോര്‍ക്കണം.

നിങ്ങളുടെകൂടെ കുറച്ചു സമയമെങ്കിലും ആയിരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. Mungu Awabariki! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!








All the contents on this site are copyrighted ©.