2015-11-26 20:39:00

മനസ്സുകളെ മാനസാന്തരപ്പെടുത്താന്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം


കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം മനസ്സുകളെ മാനസാന്തരപ്പെടുത്തുമെന്ന് മനില അതിരൂപാതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്‍റണി ലൂയി താഗ്ളെ പ്രസ്താവിച്ചു.

ഭീകരതയുടെ ക്രൂരമുഖം കണ്ട് ലോകം അരണ്ടു ഭയന്നുനില്ക്കുമ്പോള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം കൂടുതല്‍ പ്രസക്തമാണെന്നും, മനുഷ്യമനസ്സുകളെ ദൈവികകാരുണ്യത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും മാടിവിളിക്കുകയാണതെന്നും, സഭയുടെ ആഗോള ഉപവിപ്രസ്ഥാനമായ ‘കാരിത്താസി’ന്‍റെ (Caritas International) പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ താഗ്ളെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

കരുണയില്ലാത്ത മനുഷ്യമനസ്സുകളാണ് അന്ധമാകുന്നതും ലോകത്തെ ക്രുരതയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെടുന്നതെന്നും, അതിനാല്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ാം തിയതി ആരംഭിക്കുന്നതുമായ ജൂബിലവര്‍ഷം കത്തോലിക്കര്‍ക്കു മാത്രമല്ല ലോകത്തെ എല്ലാ സമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രസക്തവും ഉപകാരപ്രദവുമാണെന്ന് കര്‍ദ്ദിനാള്‍ താഗ്ളേ സ്ഥാപിച്ചു.

ജൂബിലി കവാടത്തിലേയ്ക്ക് തുറന്ന് നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ക്കൊപ്പം, വേദനിക്കുന്ന സഹോദരങ്ങളുടെ പക്കലേയ്ക്ക് വിശിഷ്യാ പാവങ്ങളും എളിയവരുമായവരുടെ പക്കലേയ്ക്ക് – തെരുവുകളിലേയ്ക്കും, ചേരികളിലേയ്ക്കും, ആശുപത്രികളിലേയ്ക്കും, അഗതിമന്ദിരങ്ങളിലേയ്ക്കും, ജയിലുകളിലേയ്ക്കും തീര്‍ത്ഥാടനം നടത്തുവാനും മറന്നുപോകരുതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ അഭിമുഖത്തില്‍ അനുസ്മരിപ്പിച്ചു.

കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഹൃദയകവാടങ്ങള്‍ ജീവിതത്തില്‍ ജൂബിലി കവാടങ്ങളായി നമ്മുടെ എളിയവര്‍ക്കായി തുറക്കുവാന്‍ നമുക്ക് ഈ വിശുദ്ധമായ കാലഘട്ടത്തില്‍ സാധിക്കണമെന്ന് കര്‍ദ്ദിനാള്‍ താഗ്ളെ നവംബര്‍ 22-ാം തിയതി റോമില്‍ നല്കിയ അഭിമുഖത്തില്‍ അനുസ്മരിപ്പിച്ചു.

 








All the contents on this site are copyrighted ©.