2015-11-26 20:01:00

പ്രസിഡന്‍റ് കെന്യാത്തയ്ക്ക് പാപ്പായുടെ അത്യപൂര്‍വ്വ സമ്മാനം


വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചിത്രണം പാപ്പാ ഫ്രാന്‍സിസ് കെനിയന്‍ പ്രസിഡന്‍റ് ഉഹ്റൂ കെന്യാത്തയ്ക്ക് സമ്മാനിച്ചു.

ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന്‍റെ ആദ്യദിവസം, നവംബര്‍ 25-ാം തിയതി ബുധനാഴ്ച രാവിലെ നൈറോബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍വച്ചാണ് ജോമോ കെന്യാത്തയ്ക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അത്യപൂര്‍വ്വ വര്‍ണ്ണച്ചിത്രണം പാപ്പാ സമ്മാനിച്ചത്.

നോപ്പിള്‍ സ്വദേശിയായ വാസ്തുശില്പിയും ചിത്രകാരനുമായ ജിയാന്‍ ലോറെന്‍സോ ബര്‍ണീനി മൂന്നടി ഉയരവും, 20 ഇഞ്ച് വീതിയുമുള്ള ഐവറി കടലാസില്‍ പേനയും വര്‍ണ്ണക്കൂട്ടുമിട്ട് വരച്ച വത്തിക്കാനിലെ വിശുദ്ധ പതോസിന്‍റെ ബസിലിക്കയുടെ അസ്സല്‍ ചിത്രണത്തിന്‍റെ പകര്‍പ്പാണ് പ്രസിഡന്‍റ് കെന്യത്തയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സമ്മാനിച്ചത്.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള മണിമാളികയുടെ നിര്‍മ്മിതി രൂപകല്പനചെയ്തുകൊണ്ട് 1637-ല്‍ ബര്‍ണ്ണീനി സമര്‍പ്പിച്ചതാണ് മൂലചിത്രണം. ബര്‍ണ്ണീനിയുടെ  അസ്സല്‍ രചനയില്‍നിന്നുമുള്ള ക്യാന്‍വാസ് ഗ്രാഫിക് പകര്‍പ്പാണ് കെനിയന്‍ പ്രസിഡന്‍റിനു പാപ്പാ സമ്മാനിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ചിത്രണത്തിന്‍റെ അസ്സില്‍ ഇന്നും വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ബസിലക്കയുടെ ഉമ്മറത്തോടുചേര്‍ന്ന് ബര്‍ണ്ണീനി പണിതുയര്‍ത്തിയ ആദ്യത്തെ മണിമാളിക വാസ്തു-സ്ഥിതിതന്ത്രപ്രകാരം ഭാരം താങ്ങുവാന്‍ അപര്യാപ്തമെന്ന് വിദഗ്ദ്ധര്‍ വിധികല്പിച്ചതോടെ പൊളിച്ചുനീക്കംചെയ്യപ്പെട്ട സംഭവവും ചിത്രണത്തോടു ചേര്‍ത്തു വായിക്കേണ്ട ചരിത്രമാണെന്ന് വത്തിക്കാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.   

 








All the contents on this site are copyrighted ©.