2015-11-21 15:28:00

ക്രിസ്തു ഹൃദയങ്ങളുടെ രാജാവ്


വിശുദ്ധ യോഹന്നാന്‍ 18, 33-37

പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവിടുത്തോടു ചോദിച്ചു. നീ യഹൂദരുടെ രാജാവാണോ? യേശു പ്രതിവചിച്ചു. അങ്ങ് ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? പീലാത്തോസ് പറഞ്ഞു. ഞാന്‍ യഹൂദനല്ലല്ലോ. നിന്‍റെ ജനങ്ങളും പുരോഹിത പ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്. നീ എന്താണു ചെയ്തത്? യേശു പറഞ്ഞു.

എന്‍റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍ എന്‍റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍റെ രാജ്യം ഐഹികമല്ല. പീലോത്തോസ് വീണ്ടും ചോദിച്ചു. അപ്പോള്‍ നീ രാജാവാണല്ലേ? യേശു പ്രതിവചിച്ചു. നീ തന്നെ അതു പറയുന്നു. ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേയ്ക്കു വന്നതും. സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്‍റെ സ്വരം കേള്‍ക്കുന്നു.

നാല്, അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കുട്ടനാട്ടിലെ ഏറ്റവും മനോഹരമായൊരു ദൃശ്യം.... ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്...! ആറ്റില്‍ക്കൂടെ മനോഹരമായി അലങ്കരിച്ച ചങ്ങാടത്തില്‍, ചങ്ങാടമായ കെട്ടിയ വള്ളങ്ങളില്‍... അതിനെ വലിച്ചുകൊണ്ടു പോകുന്ന ബോട്ടുകള്‍!! അതില്‍ നിറയെ കുട്ടികളും മുതിര്‍ന്നവരും നിന്നുകൊണ്ട് ഒരുമിച്ച് ഉറക്കെ വിളിക്കുന്ന ജയ്ഘോഷങ്ങള്‍ - ജയ് ജയ് ക്രിസ്തുരാജന്‍, ജയ് ജയ് ക്രിസ്തുരാജ്യം! ജയിക്കട്ടങ്ങനെ ജയിക്കട്ടെ, ക്രിസ്തുരാജന്‍ ജയിക്കട്ടെ. പരക്കട്ടങ്ങനെ പരക്കട്ടെ ദൈവരാജ്യം പരക്കട്ടെ! ക്രിസ്തു രാജ്യം പരക്കട്ടെ!

ക്രിസ്തുരാജന്‍റെ തിരുനാള്‍ കുട്ടികളെ സംബന്ധിച്ച് പ്രത്യേക അരങ്ങായിരുന്നു, ആവേശമായിരുന്നു അന്ന്. കാരണം അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ജയ് വിളികള്‍, കൊടിതോരണങ്ങള്‍, അലങ്കാരങ്ങള്‍ എല്ലാം ഒരുത്സവ പ്രതീതി ഉണര്‍ത്തിയിരുന്നു. എല്ലാം മനസ്സിന് ആനന്ദം തരുന്നു! കൂട്ടത്തില്‍ ചങ്ങാടങ്ങളില്‍ മനോഹരമായതിന്, അത് ഒരുക്കിയ ഗ്രൂപ്പിന് സമ്മാനം കിട്ടുന്ന അവസ്ഥ. ഇതാ, ഇന്ന് ക്രിസ്തുരാജന്‍റെ തിരുനാള്‍!! ക്രിസ്തു രാജാവാണ്.  അത് പീലാത്തോസിന്‍റെ ചോദ്യത്തന് ഉത്തരമായിട്ടു പറയുന്നതാണ്.

നീ രാജാവാണോ? എന്ന രണ്ടാമത്തെ ചോദ്യത്തിന് ക്രിസ്തു വളരെ കൃത്യമായി ഉത്തരം പറയുന്നതും, നിജപ്പെടുത്തുന്നതും. ഞാന്‍ ഭൗതിക രാജാവല്ല! എന്‍റെ രാജ്യം ഇഹലോകമല്ല എന്ന്. ഐഹികമല്ലെന്ന്. ഞാന്‍ ഭൗതിക രാജാവല്ല. എന്നു പറഞ്ഞാല്‍ എന്താണ് അതിന് അര്‍ത്ഥം? ക്രിസ്തു ഹൃദയങ്ങളുടെ രാജാവാണ് ആത്മീയ രാജാവാണ്. ഭൗതികരാജാവല്ല.

രണ്ടു വര്‍ഷം മുന്‍പാണ്. അന്ന! എന്ന സ്ത്രീ... അവള്‍ക്ക് 35 വയസ്സ് പ്രായം. അവള്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അത് വേര്‍പെടുത്തപ്പെട്ടു. എന്നിട്ട് അവള്‍ മറ്റൊരു ചെറുപ്പക്കാരനുമായി സ്നേഹത്തിലായി. ആ ബന്ധത്തില്‍ അവള്‍ ഗര്‍ഭിണിയായി. വിവരം കാമുകനോടു പറഞ്ഞപ്പോള്‍, മറുപടി. ഗര്‍ഭം അലസിപ്പിക്കണം! കാരണം ഇപ്പോള്‍ കുഞ്ഞിനെ പുലര്‍ത്താനുള്ള സാമ്പത്തികാവസ്ഥ ഇല്ലത്രെ. അവള്‍ ആ ക്രൂരതയ്ക്ക് തയ്യാറായില്ല. അവള്‍ പറഞ്ഞു. പറ്റില്ല! കുഞ്ഞിനെ വളര്‍ത്തണം എന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു.

അങ്ങനെ അവര്‍ തമ്മില്‍ തര്‍ക്കമായി വഴക്കായി. വഴക്കിന്‍റെ മൂര്‍ദ്ധന്യത്തിലാണ് അന്ന പാപ്പാ ഫ്രാന്‍സിസിന് കത്തെഴുതിയത്. തന്‍റെ സങ്കടം അവള്‍ വിവരിച്ചുകൊണ്ട് പാപ്പായ്ക്ക് കത്തെഴുതി.

ഒരു ദിവസം അവള്‍ക്ക് അപ്രതീക്ഷിതമൊയ ഒരു ഫോണ്‍ കോള്‍! അത് പാപ്പാ ഫ്രാന്‍സിസിന്‍റേതായിരുന്നു. പാപ്പാ പറഞ്ഞു. മകളേ, പ്രത്യാശ കൈവെടിയരുത്. ധൈര്യമായിരിക്കുക! സങ്കടമെല്ലാം പാപ്പായോടു പറഞ്ഞിട്ട് അവള്‍ പറഞ്ഞു. എനിക്ക് ഒരാഗ്രഹമേയുള്ളൂ. കുഞ്ഞു ജനിച്ചു കഴിയുമ്പോള്‍ അതിനെ പള്ളിയില്‍ക്കൊണ്ടുപോയി മാമ്മോദീസ മുക്കണം. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍, ആദ്യത്തെ കല്യാണം ഒഴിഞ്ഞുപോയി. വീണ്ടും ഇപ്പോള്‍ അവിഹിതമായി ജനിച്ചൊരു കുഞ്ഞ്! വികാരിയച്ചന്‍ മാമ്മോദീസ തരുമോ... എനിക്ക് എന്നറിയില്ല. ഉറപ്പില്ല?! പാപ്പാ പറഞ്ഞു. മകളേ, പ്രത്യാശ കൈവെടിയരുത്. കുഞ്ഞു ജനിച്ചു കഴിഞ്ഞ് മാമ്മോദീസായ്ക്ക് സമയമാകുമ്പോള്‍.... നി‍ന്‍റെ ആഗ്രഹം അവിടത്തെ വികാരയച്ചനെ അറിയിക്കുക. അദ്ദേഹം തടസ്സം പറയുകയാണെങ്കില്‍. നീ എന്നെ കത്തിലൂടെ വിവരം അറിയിക്കണം. നിന്‍റെ കുഞ്ഞിനെ ഞാന്‍ മാമോദീസാ മുക്കാം. അപ്പോള്‍ അവള്‍ ധൈര്യത്തോടെ പാപ്പായോടു പറഞ്ഞു. എന്‍റെ കുഞ്ഞ് ആണാണെങ്കില്‍ ഞാനവനെ ഫ്രാസിസ് എന്നു വിളിക്കും, എന്നാണ് ഇറ്റലിയിലെ പ്രൈം ചാനലിനു (RAI UNO) നല്കിയ അഭിമുഖത്തില്‍ അന്ന വെളിപ്പെടുത്തിയത്.

സുവിശേഷത്തിലേയ്ക്ക് തിരികെ പോവുകയാണ്. ഞാന്‍ രാജാവാണ്. എന്നാല്‍ ഞാന്‍ ഭൗതിക രാജാവല്ല.  ഭൗതികമായ രാജ്യമല്ല എന്‍റേത്. മറിച്ച് ഹൃദയങ്ങളുടെ രാജാവാണു ഞാന്‍. എങ്ങനെയാണ് ഒരുവന്‍ ഹൃദയങ്ങളുടെ രാജാവാകുന്നത്. ഹൃദയങ്ങളെ കീഴടക്കുന്നത് എങ്ങനെയാണ്. വചനം പറയുന്നത്, ഈശോയുടെ വാക്കുകളില്‍...  ഞാന്‍ ജനിച്ചിരിക്കുന്നത് തന്നെ രാജാവാകാന്‍ വേണ്ടിയാണ്. ഞാന്‍ ജനിച്ചിരിക്കുന്നതു രാജാവാകാന്‍ വേണ്ടിയാണെന്ന് നമ്മള്‍ പറയാറുണ്ട്. ഈശോയുടെ രാജത്വത്തില്‍ മൂന്നു സവിശേഷതകള്‍ - രാജാവാണ്, പ്രവാചകനാണ്, പുരോഹിതനാണ് ക്രിസ്തു! അതുകൊണ്ടുതന്നെ മൂന്നിലും എല്ലാ ക്രൈസ്തവരും പങ്കുപറ്റുന്നുണ്ടെന്ന് മാമോദീസായിലൂടെ. അങ്ങനെ യേശുവിന്‍റെ രാജത്വത്തില്‍ നാം പങ്കുചേരുന്നു, എന്നു പറയുമ്പോള്‍.... നാം ഹൃദയങ്ങളെ ഭരിക്കുന്ന രാജാവിന്‍റെ....അര്‍ത്ഥം ഇതാണ് - നമ്മളെല്ലാവരും രാജാവാകാന്‍വേണ്ടി ജനിച്ചിരിക്കുന്നവരാണ്... നിങ്ങളും ഞാനും. രാജാവാകാന്‍ വേണ്ടിയാണ് ക്രൈസ്തവര്‍ ജനിച്ചിരിക്കുന്നത്. ഹൃദയങ്ങളെ കീഴടക്കുന്ന രാജാവ്, രാജാക്കന്മാര്...!

പഴയ വീഡിയോ ക്ലിപ്പിങ് കണ്ടത് ഓര്‍മ്മ വരികയാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ ഓട്ടമത്സരം! ഓട്ടമത്സരംതുടങ്ങി. ഒന്നാമതും രണ്ടാമതും മൂന്നാമതും നാലാമതുമൊക്കെ കുഞ്ഞുങ്ങള്‍ ഓടുകയാണ്. എന്നാല്‍ ഒരാള്‍ തട്ടിവീണു! അതോടെ ഓട്ടം നിന്നു. ഒന്നാമനും മൂന്നാമനും രണ്ടുമനുമൊക്കെ ഓട്ടം നിര്‍ത്തി. എന്നിട്ട് എല്ലാവരുംകൂടിച്ചെന്ന് വീണവനെ എഴുന്നേല്പിച്ചു. അതിനുശേഷം വീണ്ടും ഓട്ടം തുടങ്ങി. പിന്നെ വീണവനെയും താങ്ങിക്കൊണ്ട് എല്ലാവരും ഓടുന്ന കാഴ്ചയാണ്. അങ്ങനെ ഫിനിഷിംഗ് പോയിന്‍റുവരെ എല്ലാവരും ഒരുമിച്ചാണ് ഓടിയത്!!

അടുത്തുള്ളവന്‍റെ, ചുറ്റുമുള്ളവന്‍റെ വീഴ്ച കാണുവാനുള്ള സന്മനസ്സും, കണ്ണും... അതുകണ്ട് അലിവുതോന്നാനുള്ള ഹൃദയവും കാരുണ്യവും... അവിടെയാണ് ഒരുവന്‍ രാജാവായി മാറുന്നത്. ഹൃദയങ്ങളെ സ്വാധീനിക്കുന്നു. അങ്ങനെ രാജാവാകാനുള്ള വിളിയാണ് ക്രിസ്തു എനിക്കും നിങ്ങള്‍ക്കും വച്ചുനീട്ടുന്നത്. ക്രിസ്തുവിന്‍റെ രാജത്വത്തിലുള്ള പങ്കുവയ്ക്കല്‍. കാരുണ്യവര്‍ഷമാണിത്! കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷമാണിത്!! “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക” (ലൂക്ക 6, 36). ദൈവത്തിന്‍റെ കാരുണ്യത്തില്‍ പങ്കുപറ്റാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. ആ കാരുണ്യം സ്വന്തമാക്കുന്നവന്‍ ഹൃദയംനിറയുന്ന കരുണയോടെ, ഇരുവശത്തുമുള്ള വരിയിലേയ്ക്ക് ആ കരുണ പകരുമ്പോള്‍ സംഭവിക്കുന്നത്. അറിയാതെ, അത് ഹൃദയങ്ങളിലേയ്ക്കു പടര്‍ന്നു കയറുന്ന സ്നേഹസ്വാധീനമായി മാറുന്നു. ക്രിസ്തുവില്‍ ഹൃദയങ്ങളുടെ രാജാവായി മാറുന്നു.

നമുക്ക് പ്രാര്‍ത്ഥിക്കാം. യേശുവേ, അങ്ങേ രാജത്വം!  അങ്ങ് എങ്ങനെയാണ് രാജാവായത്? എങ്ങനെയുള്ള രാജാവാണ് അങ്ങ് എന്നു തിരിച്ചറിയുവാനുള്ള കഴിവ് ഞങ്ങള്‍ക്കു തരിക. അതെന്നും ഞങ്ങളുടെ ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍, ജീവിതത്തില്‍ നിലനിര്‍ത്താന്‍....  കരുണ കൊടുത്തു കൊടുത്ത്, കരുണ കാണിച്ചു കാണിച്ച് ഹൃദയങ്ങളിലേയ്ക്ക് വന്നു കയറുന്ന നിന്‍റെ രാജത്വത്തില്‍ പങ്കുപറ്റാന്‍ എന്നെയും അങ്ങ് അനുഗ്രഹിക്കുക. അങ്ങില്‍നിന്നും കാരുണ്യം പരിമിതികളില്ലാതെ പങ്കുവയ്ക്കാന്‍ .... അതിലൂടെ മറ്റുള്ളവരെയും ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍... അങ്ങനെ അങ്ങയുടെ രാജത്വത്തില്‍ പങ്കുപറ്റുവാനുള്ള വലിയ കൃപനല്കണമേ.... ആമേന്‍.

 








All the contents on this site are copyrighted ©.