2015-11-21 09:33:00

നവംബര്‍ ഇരുപത്തൊന്ന് ആഗോള മത്സ്യബന്ധനദിനം


തൊഴില്‍ മേഖലയെ കാര്‍ന്നുതിന്നു ക്യാനസറാണ് അഴിമതിയെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരീയ വേല്യോ പ്രസ്താവിച്ചു.

നവംബര്‍ 21-ന് ആചരിക്കപ്പെടുന്ന ലോക മത്സബന്ധന ദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്.

ശ്രമകരവും അപകടകരവുമായ ഈ വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നവര്‍ അധികവും സാധാരണക്കാരും വിദ്യഭ്യാസം കുറഞ്ഞവരുമാണ്. അതിനാല്‍ ഈ മേഖലയെ നിയന്ത്രിക്കുന്ന വന്‍കിട കമ്പനികളും വ്യവസായ പ്രമുഖരും തൊഴിലാളികളെ ഏറെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിസ്തൃതവും സങ്കീര്‍ണ്ണവുമായ ഈ തൊഴില്‍മേഖലയുടെ പെരുമാറ്റച്ചട്ടങ്ങളും പ്രവൃത്തിനിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള മത്സ്യബന്ധനമാണ് ഇന്നും നിലനിലക്കുന്നതെന്നും, അതുകൊണ്ട് സമുദ്രസമ്പത്തിലും അതിന്‍റെ പാരിസ്ഥിതിക നിലവാരത്തിലും ഗുരുതരമായ ശോഷണം അനുഭവിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സമുദ്രോല്പന്ന മേഖലയില്‍ ഉത്തരവാദിത്വപൂര്‍ണ്ണവും നീതിനിഷ്ഠവുമായ തൊഴില്‍ സംവിധാനം ക്രമപ്പെടുത്തിയെങ്കില്‍ മാത്രമേ സമുദ്രപരിസ്ഥിതിയുടെയും അതില്‍ വ്യാപൃതരായിരിക്കുന്ന ലക്ഷോപലക്ഷം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനാവൂ എന്ന് കര്‍ദ്ദിനാള്‍ വേലിയോ സന്ദേശത്തില്‍ പ്രസ്താവിച്ചു.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ദാരിദ്ര്യത്തില്‍ കഴിയുവാനും, പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുവാനും അപകടാവസ്ഥയില്‍ ജോലിചെയ്യുവാന്‍ ഇടവരുന്നത് മുതലാളിത്തത്തിന്‍റെ അമിതമായ ലാഭേച്ഛയാണെന്നും കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തില്‍ കുറ്റപ്പെടുത്തി. നിയമബദ്ധമല്ലാത്തതും വ്യാജവുമായ രേഖകള്‍ കെട്ടിച്ചമച്ചുണ്ടാക്കി പാവങ്ങളായ ആയിരങ്ങളെ അടമകളെപ്പോലെ മത്സബന്ധന കപ്പലുകള്‍, ബോട്ടുകള്‍, ഫാക്ടറികള്‍ എന്നിവയില്‍ ക്ലേശകരമായി ജോലിചെയ്യിപ്പിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ വേല്യോ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.