2015-11-14 18:39:00

ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടി ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പ്രാര്‍ത്ഥിച്ചു


പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ ഇരയായവര്‍ക്കുവേണ്ടി മുംബൈയില്‍ സംഗമിച്ചിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് പരിപാടികള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

നവംബര്‍ 14-ാം തിയതി ശനിയാഴ്ച രാവിലെയാണ് പാരീസ് ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടി ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയത്. മുംബൈ അതിരൂപതാദ്ധ്യക്ഷനും, കോണ്‍ഗ്രസ്സിന്‍റെ സംഘാടകനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സാണ് ഭീകരാക്രണത്തില്‍പ്പെട്ട പാരീസ് നഗരത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്കിയത്.

15-ാം തിയതി ഞായറാഴ്ചവരെ നീളുന്ന കോണ്‍ഗ്രസ്സിന്‍റെ മൂന്നാം ദിനത്തില്‍ അവിടെയുണ്ടായിരുന്ന 5000-ത്തിലേറെ പ്രതിനിധകളും, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയും ചേര്‍ന്ന് ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അതുപോലെ മുറിപ്പെട്ടു വേദിനിക്കുന്നവരെയും, യാതനകള്‍ അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ നാമത്തിലുള്ള ഗൊരെഗാവോണിലെ പ്രത്യേക വേദിയില്‍ ശനിയാഴ്ച രാവിലെ നടന്ന ദിവ്യകാരുണ്യ ആരാധനയിലാണ് ഭീകരാക്രമണത്തില്‍പ്പെട്ടവര്‍ക്കായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.

കര്‍ദ്ദിനാളിന്‍റെ പ്രാര്‍ത്ഥന താഴെ ചേര്‍ക്കുന്നു:

സ്വര്‍ഗ്ഗീയ പിതാവേ, അങ്ങേ തിരുക്കുമാരനായ ക്രിസ്തുവിനെ സമാധാനദൂതനായി അങ്ങ് ലോകത്തിലേയ്ക്ക് അയച്ചുവല്ലോ. എന്നാല്‍ ഞങ്ങളുടെ ചെറിയ മനസ്സുകള്‍ക്ക് വിശ്വസ്നേഹത്തിന്‍റെയും ശാന്തിയുടെയും ആ സന്ദേശം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നതാണ് സത്യം. ഞങ്ങളുടെ വിഘടിത ഭാവമാണ് ഈ ഭൂമിയിലെ സമാധാനം നശിപ്പിക്കുന്നത്. ദൈവമേ, ഈ ക്രൂരതയ്ക്ക് ഞങ്ങള്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു.

പാരീസ് ഭീകരാക്രമണത്തില്‍ ഇരകളായ സകലര്‍ക്കുവേണ്ടിയും ഈ നിമിഷത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മരണമടഞ്ഞ സഹോദരങ്ങളുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്കണമേ. മുറിപ്പെട്ടവരെ അങ്ങേ കാരുണ്യത്തില്‍ സൗഖ്യപ്പെടുത്തണമേ. ദുരന്തത്തില്‍ ഇരകളായവരുടെ ബന്ധുമിത്രാദികളെയും, സുഹൃത്തുക്കളെയും ഞങ്ങള്‍ അങ്ങേ സാന്ത്വനത്തിനായി സമര്‍പ്പിക്കുന്നു. വേദനിക്കുന്ന കുടുംബങ്ങളെ ദൈവമേ, അങ്ങ് സമാശ്വസിപ്പിക്കണമേ! അതൊടൊപ്പം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സുരക്ഷാപ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന സകലര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങളെല്ലാവരും ദൈവമേ, വിദ്വേഷവും പകയും വെടിഞ്ഞ് അങ്ങേ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ദൂതരാകാന്‍ അനുഗ്രഹിക്കണമേ! ഞങ്ങള്‍ക്കായി ക്രിസ്തു പങ്കുവച്ചുനല്കിയ ദിവ്യകാരുണ്യത്തിന്‍റെ പൊരുള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ അനുദിനം ഞങ്ങളെ പ്രാപ്തരാക്കണമേ. ക്രിസ്തുവിനെ അനുകരിച്ചും അവിടുത്തെ വിനയഭാവം അണിഞ്ഞും മറ്റുള്ളവര്‍ക്ക് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ചെറിയ അപ്പമാകുവാനും അടയാളമാകുവാനും ഞങ്ങളെ അങ്ങ് പ്രാപ്തരാക്കണമേ! കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു.

 

 

 








All the contents on this site are copyrighted ©.