2015-11-12 20:14:00

വാറ്റിലീക്ക് വരുത്തിവയ്ക്കുന്ന ഘനീഭവിച്ച സഭാന്തരീക്ഷം : കര്‍ദ്ദിനാള്‍ പരോളിന്‍


വത്തിക്കാന്‍റെ രഹസ്യരേഖകള്‍ ചേര്‍ത്തിയ സംഭവം ഏറെ ഘനീഭവിച്ച അന്തരീക്ഷമാണ് സഭയില്‍ സൃഷ്ടിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

വത്തിക്കാനില്‍ ഈയിടെയുണ്ടായ രഹസ്യരേഖകളുടെ ചോര്‍ച്ച, അതുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റുകള്‍, തുടര്‍ന്നു മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുക്തിയില്ലാത്ത കിംവദന്തികള്‍ എന്നിവ ഭാരപ്പെടുത്തുന്ന അന്തരീക്ഷം സഭയില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നവംബര്‍ 11-ാം തിയതി ബുധനാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മതിച്ചു.

തനിക്കു പറയാനുള്ള മറുപടിയും പ്രതികരണവും പാപ്പാ ഫ്രാന്‍സിസില്‍നിന്നും വ്യത്യസ്തമല്ലെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ആമുഖമായി പ്രസ്താവിച്ചു.  സഭാ ഭരണസംവിധാനങ്ങളിലുള്ള കുറവുകള്‍ നികത്തുവാനും നവീകരിക്കുവാനുമുള്ള പരിശ്രമങ്ങളെയാണ് രഹസ്യരേഖകളായി ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടവര്‍തന്നെ ചോര്‍ത്തിക്കൊടുത്ത് ഭീതിദമായ അന്തരീക്ഷം, അല്ലെങ്കില്‍ ഘനീഭവിച്ച അന്തരീക്ഷം സഭയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന പാപ്പായുടെ പ്രസ്താവന കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു.

മാറ്റങ്ങള്‍ക്ക് വിധേയമാകുക ക്ലേശകരമാണെന്നും, പഴയ സുഖസൗകര്യങ്ങളില്‍ കഴിയുവാനാണ് പൊതുവെ പലര്‍ക്കും താല്പര്യമെന്നും പ്രതികരണങ്ങള്‍ സൂചന നല്ക്കുന്നതായി കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി. നന്മയ്ക്കായുള്ള മാറ്റങ്ങളെ ചെറുക്കുന്നത് ഒരു മാനാസികാസ്വാസ്ഥ്യത്തിന്‍റെ (psychological resistance)  അടയാളമല്ലെങ്കില്‍ അതിലും ഗൗരവകരമായ രോഗാവസ്ഥയാകാമെന്നും  (pathological condition) കര്‍ദ്ദിനാള്‍ പരോളില്‍ തുറന്നു പ്രസ്താവിച്ചു.

നന്മയ്ക്കായുള്ള മാറ്റങ്ങള്‍ക്കായി ലോകം വെമ്പല്‍കൊള്ളുകയാണെന്നും, ഈ നന്മയുടെ നവീകരണത്തിനായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നതെന്നും, അതിനാല്‍ ഈ പരിശ്രമത്തോടും പദ്ധതിയോടും സഹകരിക്കുകയും അതിന്‍റെ വിജയത്തിനായി  പ്രാര്‍ത്ഥിക്കുകയുംവേണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ വാര്‍ത്താസമ്മേളനം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.