2015-11-04 18:39:00

പ്രഥമ ജൂബിലികവാടം മദ്ധ്യാഫ്രിക്കയിലെ ബാംഗുയില്‍ പാപ്പാ ഫ്രാന്‍സിസ് തുറക്കും


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ പ്രാദേശിക സഭകള്‍ക്ക് ജൂബിലി കവാടങ്ങള്‍ തുറക്കുവാനുള്ള അനുമതി കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ പ്രത്യേകതയാണ്.

കാരുണ്യത്തിന്‍റെ പ്രഥമ ജൂബിലി കവാടം മദ്ധ്യാഫ്രിക്കയില്‍ താന്‍ തുറക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 25-മുതല്‍ 30-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന  ആഫ്രിക്കയിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനത്തിനിടെയാണ് പ്രഥമ ജൂബിലി കവാടം ബാംഗിയില്‍ താന്‍ തുറക്കുവാന്‍ പോകന്നതെന്ന് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി.

മദ്ധ്യാഫ്രിക്കയുടെ തലസ്ഥാന നഗരമായ ബാംഗിയിലെ ഫാത്തിമാ നാഥയുടെ കത്തീഡ്രല്‍ ദേവാലയത്തിലെ ജൂബിലകവാടം നവംബര്‍ 29-ാം തിയതി, ഞായറാഴ്ച (On the First Sunday of Advent) താന്‍ തുറക്കുമെന്ന്, അവിടെ ഇപ്പോള്‍ നടക്കുന്ന അഭ്യന്തര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കവെ പാപ്പാ അറിയിച്ചു. 

വത്തിക്കാനിലെ ജൂബിലി കവാടം തുറക്കുന്നത് ജൂബിലി വര്‍ഷത്തിന്‍റെ പ്രഥമദിനമായ ഡിസംബര്‍  8-ാം തിയതിയാണ്. എന്നാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഭാസമൂഹങ്ങളുടെ ഭദ്രാസന ദേവാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും അനുഗ്രഹത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ജൂബിലി കവാടങ്ങള്‍ തുറക്കുന്നത് വത്തിക്കാന്‍റെ നിര്‍ദ്ദേശമനുസരിച്ച് ആഗമനകാലത്തെ മൂന്നാവാരം ഞായറാഴ്ച, ഡിസംബര്‍ 13-ാം തിയതിയാണ്.

സഭാചരിത്രത്തില്‍ ആദ്യമായിട്ടാണ് ജൂബിലിയുടെ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കത്തക്ക വിധത്തില്‍ പ്രാദേശീക, ദേശീയ സഭകളില്‍ ജൂബിലി കവാടങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജൂബിലി കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ഫിസിക്കേലാ വ്യക്തിമാക്കി.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം 2015 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ ആരംഭിച്ച് 2016 നവംബര്‍ 20-ാം തിയതി ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കും.








All the contents on this site are copyrighted ©.