2015-10-04 10:53:00

ആണ്ടുവട്ടം ഇരുപത്തേഴാം വാരം സുവിശേഷചിന്ത – കുടുംബം


വിശുദ്ധ മര്‍ക്കോസ് 10, 2-16

ഫരിസേയര്‍ വന്ന് അവിടുത്തെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു. ഭാര്യയെ ഉപേക്ഷിക്കുന്നതു നിയയമാനുസൃമാണോ? അവിടുന്നു മറുപടി പറഞ്ഞു. മോശ എന്താണു നിങ്ങളോടു കല്പിച്ചത്? അവര്‍ പറഞ്ഞു. ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. ക്രിസ്തു പറഞ്ഞു. നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്. എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍ ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച് വീണ്ടും അവി‌ടുത്തോടു ചോദിച്ചു. അവന്‍ പറ‍ഞ്ഞു. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

 

വിവാഹമാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ പ്രമേയം. ഇത്തവണത്തെ സിന‍ഡിന്‍റെ വിഷയവും  കുടുംബ ജീവിതമാണ്. വിവാഹജീവിതം, കുടുംബജീവിതം അതിന്‍റെ ചില പ്രധാനപ്പെട്ട മേഖലകളിലേയ്ക്ക് വെളിച്ചം വീശുന്ന സുവിശേഷഭാഗം. ഇതിന്‍റെ സാഹചര്യം നമ്മള്‍ ഓര്‍ക്കണം ഫരീസേയര്‍ പരീക്ഷിക്കാന്‍ വേണ്ടിയാട്ടാണ് ചോദിക്കുന്നത്. ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ, അല്ലയോ...? അത്, തോറാ, നിയമഗ്രന്ഥം, അല്ലെങ്കില്‍ വേദപുസ്തകം അനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കാമോ, എന്നാണു ചോദ്യം. അപ്പോള്‍ മോശ എന്താണ് പറയുന്നത്? മോശ പറഞ്ഞിരിക്കുന്നത്, നിയമങ്ങള്‍ അനുസരിച്ച്, നിയമങ്ങള്‍ കാത്തുപാലിച്ച് ജീവിക്കുവാനാണ്. അടുത്ത ചോദ്യവും, ഉത്തരവും ക്രിസതു ഒരു പടികൂടെ മുന്നോട്ടു പോവുകയാണ്. നിയമാനുസൃതം, മോശയുടെ കല്പന അനുസരിക്കുന്നത് എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ എന്തായിരുന്നു? അത് ഇതിന് അപ്പുറത്തായിരുന്നു. നേരെ പറഞ്ഞാല്‍, ഇതാണ്... നിയമാനുസൃതമായതെല്ലാം ദൈവഹിതമാകണമെന്നില്ല. ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണ്. എന്നാല്‍ ആദിയിലെയുള്ള ദൈവത്തിന്‍റെ ഹിതപ്രകാരം, ഭാര്യ ഭര്‍ത്താക്കന്മാര്‍, സ്ത്രീയും പുരുഷനും ഒരു ശരീരമായിത്തീരണം. ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ!

 

നിയമാനുസൃതമായതെല്ലാം ദൈവഹിതമനുസരിച്ചുള്ള തായിരിക്കണമെന്നില്ല. ഇത് കുടുംബജീവിതത്തിന് ക്രിസ്തുതരുന്ന ഏറ്റവും ശ്രേഷ്ഠമായ സന്ദേശമാണ്.

ഒന്ന് ഓര്‍ത്തു നോക്കിക്കേ, നമുക്ക് കുടുംബങ്ങള്‍ക്കു മാതൃകയായി ഈശോ കാണിച്ചു തരുന്നത് തിരുക്കുടുംബത്തെയാണ് – മാതാവും, യൗസേപ്പിതാവും, ഉണ്ണീയേശുവും ഉള്‍പ്പെടുന്ന തിരുക്കുടുംബത്തെയാണ്! തിരുക്കുടുംബത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചൊരു കാര്യം,

മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം 18-ലും 20-ലും പറയുന്നു... എന്താണ് ??? തന്‍റെ അറിവില്ലാതെ ഭാര്യയായ മറിയം ഗര്‍ഭിണിയായപ്പോള്‍ അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ ഔസേപ്പ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണ്, ഔസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം... കാരണം, ദേ.. ഇവള്‍ അവിഹിതമായിട്ട് ഗര്‍ഭിണിയായിരിക്കുന്നു. അതുകൊണ്ട് ഉപേക്ഷിക്കുക എന്നുള്ളതാണ് നിയമാനുസൃതം. അങ്ങനെ അതിനെക്കുറിച്ച് പരിയാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഹിതം ഔസേപ്പിന് വെളിപ്പെടുത്തുന്നത്. അത് ഉപേക്ഷിക്കുന്നതല്ല, പക്ഷെ സ്വീകരിക്കുന്നതാണ്. ഉപേക്ഷിക്കുക എന്നത് നിയമാനുസൃതമായിട്ടു വരുമ്പോള്‍, ഉപേക്ഷിക്കാതിരിക്കുക എന്നതാണ് ദൈവഹിതം. കുടുംബ ജീവിതത്തില്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ ദമ്പതികള്‍ അടിസ്ഥാനപരമായിട്ട്, അന്വേഷിക്കേണ്ടത് – പരസ്പര ബന്ധങ്ങളില്‍ എനിക്ക് നിയമാനുസൃതമായിട്ട് ഇത് ചെയ്യുവാന്‍ പറ്റുന്നതാണോ അല്ലയോ എന്നുള്ളതല്ല. മറിച്ച് നിയമത്തിന് അപ്പുറത്തേയ്ക്കു പോകുന്നതാണ് ദൈവഹിതം. ഇതു ദൈവഹിതമാണോ, ഇത് തമ്പുരാന്‍ ആഗ്രഹിക്കുന്നതാണോ? തമ്പുരാന്‍റെ കണ്ണുകളിലൂടെ ഇതു ഞാന്‍ കാണുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കേണ്ടത്?

 

ദൈവഹിതം ഓരോ കാര്യത്തിലും അന്വേഷിക്കുന്നിടത്താണ് പരസ്പരമുള്ള ബന്ധങ്ങള്‍ ദൈവികബന്ധങ്ങളായി മാറുന്നത്.  പര്സപരമുള്ള ബന്ധം ആഴപ്പെടുന്നത്. ഇവിടെ കുടുംബജീവിതത്തില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തൊരു കാര്യംകൂടെ ഈ വചനം വെളിവാക്കുന്നുണ്ട്. ഒരുവിധത്തില്‍ ഫരീസേയര്‍ കര്‍ത്താവിനോടു ചോദിക്കുന്നത്, ഒരുവന് ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റുമോ എന്നതാണ്. എന്നാല്‍ ഈ ഭാഗം അവസാനിക്കുമ്പോള്‍ മാര്‍ക്കോസിന്‍റെ സുവിശേഷം 10, 10-ാം അദ്ധ്യായം 11-ലും 12-ലും ക്രിസ്തു മറുപടിയായിട്ട് പറയുന്ന വചനമുണ്ട്. മറുപടിയായിട്ട് ശിഷ്യന്മാരോട് പറയുന്നു, ഒരുവന്‍ ഭാര്യയെ ഉപേക്ഷിച്ച് വേറൊരുവളെ വിവാഹംചെയ്താല്‍....അവന്‍ വ്യഭിചാരം ചെയ്യുന്നു. ചോദ്യത്തിന് ഉത്തരമായി, ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റുമോ? യഹൂദനെ സംബന്ധിച്ച് പാപമാണ്. നിറുത്തുന്നില്ല, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരുവനെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

ഭാര്യയെ ഉപേക്ഷിക്കാമോ, എന്നുള്ള സാധാരണ യഹൂചിന്തയ്ക്കുള്ള മറുപടി പറയുമ്പോള്‍... ഭാര്യയെ ഉപേക്ഷിക്കാമെന്നു മാത്രമല്ല, ആ നിലപാടി നിലനിര്‍ത്തുക്കൊണ്ട് അതിനും അപ്പുറത്തേയ്ക്ക് ... ഇതാ, ഭര്‍ത്താവിനെയും ഉപേക്ഷിക്കാം. പക്ഷെ, പാപമാണ്. അതായത്, ഭാര്യയെയും ഭര്‍ത്താവിനെയും ഒരേ Level-ലിലേയ്ക്ക് ഈശോ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. ലിംഗസമത്വം Gender Equality എന്നെല്ലാം നമ്മള്‍ പറഞ്ഞുവരുന്ന സംഗതി ഇതാണ്. അന്ന് ലിംഗസമത്വത്തിന്‍റെ ഒരു തരിപോലുമില്ലാതിരുന്നൊരു സംസ്ക്കാരത്തിനോടാണ് ഈശോ പറയുന്നത്, ഭര്‍ത്താവിന് ഭാര്യയെ ഉപേക്ഷിക്കാമെങ്കില്‍, ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഉപേക്ഷിക്കാമെന്ന് പറയുന്നത്, വളരെ വ്യംഗ്യമായിട്ടെങ്കിലും ലിംഗസമത്വത്തിന്‍റെ സൂചനകളല്ലേ ഇത്!? എന്നു പറഞ്ഞാല്‍, ക്രിസ്തു കുടുംബ ജീവിതത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. പരസ്പരമുള്ള ജീവിതം ധന്യമാകണമെങ്കില്‍, സുകൃതപൂര്‍ണ്ണമാകണമെങ്കില്‍, ദൈവികമാകണമെങ്കില്‍... പരസ്പരം തുല്യരായിക്കാണുകയും, ബഹുമാനിക്കുകയും ചെയ്യുന്ന അവസ്ഥ ആവശ്യമാണ്.  ദൈവഹിതം ആരായുക, പോരാ... ജീവിതത്തില്‍ ഭാര്യ ഭര്‍ത്താവിനെ തുല്യ ജീവിത പങ്കാളിയായിട്ട് കാണുകയും ആദരിക്കുകയും ചെയ്യുക. ഭര്‍ത്താവ് ഭാര്യയേയും, ഭാര്യ ഭര്‍ത്താവിനെയും തുല്യജീവിത പങ്കാളിയായി കാണുക. സമത്വത്തിലാണ് നല്ല കുടുംബങ്ങള്‍ വളര്‍ന്നു വരുന്നത്.

ആരും മറ്റെയാളുടെ മോളിലല്ല, ആരും മറ്റെയാളുടെ താഴെയുമല്ലേ?!

 

പാപ്പാ ഫ്രാന്‍സിസ് അന്ന് Valentine’s Day -യായിരുന്നു. സ്പെഷ്യലായിട്ട് ഓഡിയന്‍സിന്, വിവാഹിത ജീവിതം കഴിക്കാമെന്ന് തീരുമാനിച്ചിരിക്കുന്ന കമിതാക്കള്‍ക്ക് ഒരു പ്രൈവറ്റ് ഓഡിയന്‍സ് നല്കുകയുണ്ടായി. അപ്പോള്‍ അവരില്‍ ഒരാള്‍ തീരുമാനം പറഞ്ഞു, പിതാവേ, ഞങ്ങള്‍ പരസ്പരം കല്യാണം കഴിക്കാമെന്നു തീരുമാനിച്ചു.

കുടുംബജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രവേശിക്കുമ്പോള്‍... അത് വിജയകരമാക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? അപ്പോള്‍ പാപ്പാ സ്വതസിദ്ധമായ സരസഭാവത്തോടെ പറഞ്ഞു. ഒന്ന്, എനിക്ക് ഈ കുടംബജീവിതം വലിയ പരിചയമില്ല. രണ്ട് ഇതിനുള്ള സൂത്രവിദ്യകളും അറിയാന്മേല! എന്നാലും പറയാം. എന്നിട്ട് പാപ്പാ പറഞ്ഞു. എനിക്കു തോന്നുന്നു, മൂന്നു വാക്കുകള്‍, രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍... ജീവിതകാലം മുഴുവന്‍ നിങ്ങളുടെ ജീവിതങ്ങള്‍ വളര്‍ന്നു വലുതായി പടര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്ക്കുവാന്‍ ഓര്‍മമിച്ചിരിക്കേണ്ട മൂന്നു പദങ്ങള്‍ ഉണ്ടെന്നാണ്.... ഒന്ന് പ്ലീ....സ്.!  Please അതായത് കൂടെ ജീവിക്കുന്ന ആള്‍ ദൈവത്തിന്‍റെ മകനാണ്. ദൈവത്തിന്‍റെ മകളാണ്. അതിനാല്‍ ആ ഒരു ബഹുമാനത്തോടുകൂടെ മാത്രമേ, എന്തുകാര്യവും ചോദിക്കുകയും പറയുകയും ചെയ്യാവൂ. പ്ലീ...സ്! ബഹുമാനപുരസ്സരം കൂടെയുള്ള ജീവിതപങ്കാലിയോട് ഇടപഴകുക.

പിന്നെ ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ട രണ്ടാമത്തെ പദം, പാപ്പാ പറയുന്നു.... താങ്ക്...യൂ...! Thank You! നന്ദി!!  കാരണം ഒരുമിച്ചു ജീവിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ പല കാര്യങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നു,  സ്വീകരിക്കുന്നു. നമ്മള്‍ അറിയുന്നില്ലെങ്കില്‍പ്പോലും സ്വീകരിക്കുന്നു. സ്വീകരിക്കുന്ന ഓരോ അവസരത്തിലും, അവസരങ്ങളിലെല്ലാം നന്ദിപറയുക. Thanks You! നന്ദിപറഞ്ഞാല്‍ ഉണ്‌ടാകുന്ന അനുഭവം നന്ദിപറയുന്നയാള്‍ക്കും അതു സ്വീകരിക്കുന്ന ആള്‍ക്കും തമ്മിലുള്ള ബന്ധം കൂടുതല്‍കൂടുതല്‍ വളര്‍ന്നു വരികായാണ്. താങ്ക്യൂ... എന്ന പദം ഓരോ തവണയും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ്.

 

ആവര്‍ത്തിച്ച് ഉപയോഗിക്കാന്‍ പാപ്പാ പറയുന്ന മൂന്നാമത്തെ പദം. സോറി, Sorry  ക്ഷമിക്കണം! എന്നാണ്. കാരണം രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ അല്പം സ്വല്പം, മുട്ടും തട്ടും, മുറിവും സങ്കടവും ഒക്കെയുണ്ടാകും. അങ്ങനെയുണ്ടാകുമ്പോള്‍ വേദനിപ്പിച്ചു എന്നു തിരിച്ചരിയുമ്പോള്‍, മടിക്കാതെ Sorry പറയുക, ക്ഷമിക്കണം.. ഞാന്‍ അറിയാതെ പറ്റിപ്പോയതാ.. എന്നു പറയാനുള്ള എളിമ നമുക്കുണ്ടാകണം. എന്‍റെ ജീവിതപങ്കാളിക്കു വേദനിച്ചു എന്നു തോന്നുമ്പോള്‍ മടിക്കാതെ, ക്ഷമിക്കണേ...സോറി! ഞാന്‍ അറിയാതെ സംഭവിച്ചതാ. അങ്ങനെയുള്ളൊരു ക്ഷമയുടെ പശ്ചാത്തലം സംഭവിക്കുന്നത് വന്നു പോയ മുറിവിനെ ഉണക്കുകയും, ബന്ധത്തെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.  പാപ്പാ പറഞ്ഞു, അതുകൊണ്ട് രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍.... കലവറയില്ലാതെ, ലുബ്ധില്ലാതെ ഉപയോഗിക്കേണ്ട മൂന്നു പദങ്ങള്‍ .... ഒന്ന്, പ്ലീ...സ്, Please രണ്ട് താങ്ക്യൂ... Thank You . മൂന്ന് Sorry  സോറി!!! അതിലൂടെ സംഭവിക്കുന്നത് എന്താണ്? രണ്ടുപേരും തുല്യ വ്യക്തികളാണ്. തുല്യര്‍ ബഹുമാന്യരാണ്. തുല്യയോഗ്യരാണ് എന്നുള്ള ലിംഗസമത്വത്തിന്‍റെയും, അതിലും ഉപരി ദൈവമക്കള്‍ എന്നുള്ള വലിയ തുല്യമഹത്വത്തിന്‍റെ സമത്വത്തിലേയ്ക്കാണ് വരുന്നത്. പോരാ, എനിക്ക്, ഞാന്‍ ചെയ്യുന്നത് നിയമാനുസൃതമാണോ എന്നു ചോദിച്ചാല്‍, അത് ദൈവഹിതമാണോ? ദൈവഹിതമനുസരിച്ച് അത് അനുവദനീയമാണോ? ഈ ചിന്തയാണ് കുടുംബ ബന്ധത്തെ ദൈവിക ബന്ധമാക്കി മാറ്റുന്നത്.  നമുക്ക് പ്രാര്‍ത്ഥിക്കാം, യേശുവേ, ഓരോ വീട്ടിലും, നമ്മുടെ ഓരോ കുടുംബത്തിലും ഈ അന്വേഷണം നടക്കട്ടെ. ദൈവഹിതത്തിനായുള്ള അന്വേഷണം നടക്കട്ടെ. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ജീവിക്കുന്നിടത്തൊക്കെ, ചെയ്യുന്നതെല്ലാം നിയമാനുസൃതമാണെങ്കിലും അത് ദൈവഹിത്തോടു ചേര്‍ത്തുവയ്ക്കുവാനും ഒരുമിപ്പിക്കുവാനും സാധിക്കട്ടെ. അങ്ങനെ ദൈവഹിതമനുസരിച്ച് അനുദിനം ജീവിക്കുവാനും, പോരാ പരസ്പരം ബഹുമാനിച്ചു ജീവിക്കുവാനും സാധിക്കട്ടെ! പരസ്പരം അങ്ങനെ സ്നേഹിച്ചു ജീവിക്കുവാനുള്ള കൃപ നീ ദമ്പതികള്‍ക്ക് കൊടുക്കണമേ.... ആമേന്‍!








All the contents on this site are copyrighted ©.