2015-09-24 21:21:00

വിശുദ്ധപദം ചൂടിയ അമേരിക്കയുടെ അപ്പസ്തോലന്‍ യൂണിപ്പര്‍ സെറാ


വാഷിംങ്ടണ്‍ ഡി.സി.-യിലുള്ള അമലോത്ഭവനാഥയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 23-ാം തിയതി ബുധനാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മിത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയാണ് അമേരിക്കയുടെ പശ്ചിമതീരങ്ങളില്‍ വിശ്വാസവെളിച്ചം പരത്തിയ യൂണിപര്‍ സെറാ (1713-1784) വിശുദ്ധരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

വിശുദ്ധരായ ഡാമിയന്‍, കതേരി തെക്കെത്വീത്ത തുടങ്ങി നിരവധി വിശുദ്ധിയുടെ പൂക്കള്‍ അമേരിക്കന്‍ മണ്ണില്‍ വരിഞ്ഞിട്ടുണ്ടെങ്കിലും അവരെല്ലാം  വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത് വത്തിക്കാനില്‍വച്ചാണെന്ന് കര്‍ദ്ദിനാള്‍ വേള്‍ അനുസ്മരിച്ചു. അങ്ങനെ യൂണിപര്‍ സെറായുടെ നാമകരണ നടപിടിക്രമം അമേരിക്കയില്‍ നടന്ന പ്രഥമ നാമകരണ കര്‍മ്മമാണെന്ന് കര്‍ദ്ദിനാള്‍ വേള്‍ വ്യക്തമാക്കി.

സ്പെയിനില്‍നിന്നും 18-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ അമേരിക്കയുടെ പശ്ചിമതീരങ്ങളില്‍ വിശിഷ്യ തദ്ദേശീയരായ ഇന്ത്യന്‍ വംശജര്‍ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന പുണ്യധീരാനാണ് യൂണിപര്‍ സെറാ!

അമലോത്ഭവനാഥയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഉമ്മറത്ത് അലങ്കരിച്ച താല്‍ക്കാലിക വേദിയില്‍ സ്പാനിഷ് ഭാഷയിലാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ബലിയര്‍പ്പിക്കപ്പെട്ടത്. ദിവ്യബലിമദ്ധ്യേ ഒരു ലക്ഷത്തോളം വരുന്ന വിശ്വാസസമൂഹത്തെയും, ദേശീയ മെത്രാന്‍സംഘത്തെയും, നൂറുകണക്കിന് വൈദികരെയും, സന്ന്യസ്തരെയും സാക്ഷിനിറുത്തിക്കൊണ്ട് ഫ്രാന്‍സിസ്ക്കന്‍ വൈദികനായിരുന്ന സെറായെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ പദത്തിലേ്യ്ക്ക് ഉയര്‍ത്തി.

വചനപ്രഘോഷണത്തില്‍, യൂണിപര്‍ സെറായെ ‘കരുണാര്‍ദ്രനും വിശാല ഹൃദയനുമായ മനുഷ്യനെന്നും, അമേരിക്കന്‍ ഇന്ത്യന്‍ വംശജരെ സ്പാനിഷ് അധിനിവേശ ശക്തിക്കളില്‍നിന്നും സംരക്ഷിച്ച പ്രേഷിതനായും’ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. പാവപ്പെട്ടവരില്‍ ക്രിസ്തു സ്നേഹം പകര്‍ന്നുകൊണ്ട് അവരെ സുവിശേഷ വെളിച്ചത്തിലേയ്ക്കു നയിച്ച സന്ന്യാസശ്രേഷ്ഠനായിരുന്നു ജൂണിപര്‍ സെറായെന്നും  പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.

യൂണിപര്‍ സെറായുടെ നാമകരണ നടപടിക്രമം സംബന്ധിച്ച് വത്തിക്കാന്‍റെ കാര്യാലയം കഴിഞ്ഞ ജനുവരി മാസത്തില്‍ സമര്‍പ്പിച്ച നീണ്ട പഠനപത്രികള്‍ ആദ്യം പാപ്പാ പരിശോധിച്ചു.  കര്‍ദ്ദിനാളന്മാരുടെ സംഘത്തിന്‍റെ പരിശോധനകള്‍ കഴിഞ്ഞാണ് വാഴ്ത്തപ്പെട്ട സെറായുടെ വിശുദ്ധ പദപ്രഖ്യാപനം സംബന്ധിച്ച തീരുമാനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. “നവസുവിശേഷവത്ക്കരണ കാലഘട്ടത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന സുവിശേഷ പ്രഘോഷകനാണ് വാഴ്ത്തപ്പെട്ട യൂണിപര്‍ സെറാ”യെന്ന് പാപ്പാ നവവിശുദ്ധനെക്കുറിച്ച് പ്രസ്താവിച്ചു.

വാഴ്ത്തപ്പട്ട പദത്തിലെത്തിയ പുണ്യാത്മാവിന്‍റെ മാദ്ധ്യസ്ഥ്യത്തിലുള്ള രണ്ട് അത്ഭുത അടയാളങ്ങള്‍കൂടി വിശുദ്ധ പദപ്രഖ്യാപനത്തിന് സാധാരണഗതിയില്‍ ആവശ്യമാണ്. എന്നാല്‍ Equipollent Canonization  ‘തുല്യബലമുള്ള നടപിടി ക്രമമെന്ന്’ സഭാനിയമം വിശേഷിപ്പിക്കുന്ന പ്രത്യേക ആനുകൂല്യത്തിലാണ് അമേരിക്കയുടെ പ്രേഷിതന്‍, യൂണിപര്‍ സെറായെ സെപ്തംബര്‍ 23-ാം തിയതി ബുധനാഴ്ച അമലോത്ഭവനാഥയുടെ വാഷ്ങ്ടണിലുള്ള ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പത്താമത് അപ്പസ്തോലിക യാത്രയ്ക്കിടെ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്.








All the contents on this site are copyrighted ©.